ന്യൂയോർക്: കലിഫോർണിയ സർവകലാശാലയിലെ (യുഎൽസിഎ) പ്രഫസറെ വധിച്ചശേഷം ആത്മഹത്യ ചെയ്തത് ഇന്ത്യൻ വംശജനായ മൈനാക് സർക്കാർ ആണെന്ന് യുഎസ് പൊലീസ്. സർവകലാശാലയിലെ മുൻ ഗവേഷകവിദ്യാർത്ഥിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. കൊലപാതകി മൈനാക് സർക്കാരാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഇയാളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ലൊസാഞ്ചൽസ് പൊലീസ് വിസമ്മതിച്ചു.

എന്തിനാണ് ഇയാൾ കൊല നടത്തിയത് എന്നതിൽ ദുരൂഹത തുടരകുയാണ്. ബുധനാഴ്ച ക്യാംപസിലുണ്ടായ ആക്രമണത്തിൽ മെക്കാനിക്കൽ ആൻഡ് ഏറോസ്‌പേസ് എൻജിനീയറിങ് വിഭാഗം പ്രഫസർ വില്യം ക്‌ളൂജ് (39) ആണു വെടിയേറ്റു മരിച്ചത്. ഇതിനുശേഷം സർക്കാർ സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. കലിഫോർണിയ സർവകലാശാലയിൽനിന്നാണു മൈനാക് സർക്കാർ പിഎച്ച്ഡി നേടിയത്.

ഖരഗ്പൂർ ഐഐടിയിൽനിന്ന് ഏറോസ്‌പേസ് എൻജിനീയറിങ്ങിൽ ബിരുദവും സ്റ്റാൻഫഡ് സർവകലാശാലയിൽനിന്നു മാസ്റ്റർ ബിരുദവും ഇയാൾ നേടിയിട്ടുണ്ട്. മൈനാക് സർക്കാർ പ്രഫസറെ ആക്രമിച്ചതിന് പിന്നിലെ പ്രകോപനം എന്തെന്ന് വ്യക്തമല്ലാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ വലയ്ക്കുന്നുണ്ട്. വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.

എതായാലും തീവ്രവാദ സ്വഭാവമൊന്നും സർവ്വകലാശാലയിലെ ആക്രമണത്തിൽ ഇല്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.