മസ്‌ക്കറ്റ്:  ഒമാനിലെ സ്‌കൂളുകളിലും കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ക്ലാസ്‌റൂമുകളിൽ വാട്‌സ് ആപ്പ് മെസ്സഞ്ചർ നിരോധിക്കണമെന്ന അദ്ധ്യാപകരുടെ ആവശ്യം ശക്തമാവുന്നു. കോളേജ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൽക്കിടയിൽ വാട്‌സ് ആപ്പിന്റെ സ്വാധീനം എന്ന വിഷയത്തെ അധികരിച്ച് ഒമാനി ഗവേഷകനായ മൊയ്ദീൻ അൽ ബാലുഷി നടത്തിയ പഠനത്തിലാണ് വിദ്യാർത്ഥികൾക്കിടയിൽ  ഈ സോഷ്യൽ നെറ്റ്‌വർക്കിങ്ങ് ആപ്പിനുള്ള അമിത സ്വാധീനത്തെ കുറിച്ച് വ്യക്തമാവുന്നത്. ക്ലാസിൽ അദ്ധ്യാപകരുള്ള സമയത്തു പോലും കുട്ടികൾ ഇത് ഉപയോഗിക്കുന്നതായി പഠനത്തിലൂടെ വ്യക്തമായി.

ക്ലാസ് റൂമുകളിൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നത് വിദ്യാർത്ഥികളുടെ ശ്രദ്ധയെയും ഓർമ്മശക്തിയേയും മോശമായി ബാധിക്കുമെന്നാണ് അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നത്.  നൂറു ശതമാനത്തിനടുത്ത് വിദ്യാർത്ഥികൾ ആപ്പ് ഉപയോഗിക്കുകയും അതിന് അമിത പരാധാന്യം നൽകുകയും ചെയ്യുന്നുണ്ട്. വദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാട്‌സ് ആപ്പ് നിരോധിക്കണമെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്.  ഓരോരോ കാരണങ്ങൾ ഉണ്ടാക്കി വിദ്യാർത്ഥികൾ ആപ്പ് ഉപയോഗിക്കുന്നു. പരീക്ഷകളിൽ കബളിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം അവസരങ്ങളിലും തങ്ങൾ ഇത് പിടിക്കപ്പെടാറുണ്ടെന്ന് അദ്ധ്യാപകർ വ്യക്തമാക്കി.

ദിവസത്തിൽ മൂന്നു മണിക്കൂറെങ്കിലും വിദ്യാർത്ഥികൾ പ്രമുഖ മെസ്സേജിങ്ങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കി.  പഠിക്കാനുള്ള സമയത്തിന്റെ നല്ലൊരു പങ്കും വാട്‌സ്ആസ് ആപ്പിന്റെ ഉപയോഗം അപഹരിക്കുന്നു. ഇത് കുട്ടികളുടെ ചിന്താ ശേഷിയേയും സർഗ്ഗാത്മകതയേയും ബാധിക്കുന്നു. എന്നും പഠനത്തിൽ പറയുന്നുണ്ട്.  

പരീക്ഷാ തീയതികളും ക്ലാസുകളുടെ സമയവും മാത്രമാണ് വാട്‌സ് ആപ്പിലൂടെ ചർച്ച ചെയ്യപ്പെടുന്ന അക്കാദമികമായ കാര്യങ്ങൾ.വളരെ നല്ല കമ്മ്യൂണിക്കേഷൻ ഉപകരണമാണെങ്കിൽ പോലും ക്ലാസ് റൂമുകളിൽ ഇത് തങ്ങളുടെ ശ്രദ്ധയെ ബാധിക്കുന്നുണ്ടെന്നും അതിനാൽ ക്ലാസ് മുറികളിൽ അത് നിരോധിക്കുന്നതാണ് നല്ലതെന്നും വിദ്യാർത്ഥികളും അഭിപ്രായപ്പെടുന്നു. വിദ്യാർത്ഥികൾക്കിടയിൽ വാട്‌സ് ആപ്പ് ഉണ്ടാക്കുന്ന നല്ലതും ചീത്തയുമായ ഫലങ്ങൾ ചർച്ച ചെയ്യുന്നതാണ് മൊയ്ദീനിന്റെ പഠനം.  900 മല്ല്യൺ ഉപഭോക്താക്കളാണ് ലോകത്തെമ്പാടുമായി വാട്‌സ് ആപ്പിനുള്ളത്.