മസ്‌കത്ത്: രാജ്യത്ത് മൂലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ത്രീകൾക്കുള്ള മെറ്റേണിറ്റി ലീവ് വർദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാകുന്നു. ശമ്പളത്തോടു കൂടിയ കൂടുതൽ മെറ്റേണിറ്റി ലീവ്, ജോലി സ്ഥലത്ത് പിന്തുണ, മുലപ്പാൽ ശേഖരിക്കാനുള്ള സൗകര്യം എന്നിവയാണ് മുലയൂട്ടൽ പ്രോത്സാഹിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം മുന്നോട്ടുവച്ച നിർദ്ദേശം. താഴോട്ടു പോകുന്ന മുലയൂട്ടൽ നിരക്ക് വർധിപ്പിക്കാൻ അനുയോജ്യമായ നിയമനിർമ്മാണം വേണ്ടിവരുമെന്നും അധികൃതർ പറയുന്നു.

നിലവിൽ മെറ്റേണിറ്റി ലീവ് 60 ദിവസം മാത്രമാണ്. എന്നാൽ ആറുമാസം മുലപ്പാൽ മാത്രം നൽകേണ്ടതുള്ളതിനാൽ തൊഴിൽ ദാതാക്കളുടെ പിന്തുണ അനിവാര്യമാണെന്നും അവർ പറഞ്ഞു. ഒമാൻ ജനസംഖ്യയുടെ പകുതിയും സ്ത്രീകളാണ്. ജി.സി.സി രാജ്യങ്ങളിൽ 14 ആഴ്ചയിൽ താഴെയാണ് പ്രസവാവധി ലഭിക്കുന്നത്. ലോകതലത്തിൽ ഒരു വർഷം വരം ശമ്പളത്തോടു കൂടിയ മെറ്റേണിറ്റി അവധി നൽകുന്ന രാജ്യങ്ങളുണ്ട്. ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര തൊഴിൽ സംഘടനയും പ്രസവ അവധിയുടെ പ്രാധാന്യവും സംരക്ഷണവും ഊന്നിപ്പറയുന്നുണ്ട്.മാതൃത്വ സംരക്ഷണം മൗലികാവകാശവും തൊഴിൽ കുടുംബ നയങ്ങളിൽ ഒഴിവാക്കാൻ പറ്റാത്തതുമാണെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ.എൽ.ഒ) പറയുന്നു.