ബ്രിട്ടനിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള റോഡ് ക്യാമറ ലണ്ടനിലെ നോർത്ത് സർക്കുലാർ റോഡിലുള്ള ക്യാമറയാണെന്ന് കണ്ടെത്തി. ഒരു ചെറുകിട വ്യവസായ യൂണിറ്റിന്റെയത്ര വരുമാനമുള്ള ക്യാമറയാണിത്. ആറുമാസത്തിനിടെ ഈ ക്യാമറയിൽ കുടുങ്ങിയ നിയമലംഘകരിൽനിന്ന് ശേഖരിച്ചത് ഏകദേശം 13 കോടി രൂപ. ലണ്ടനിൽ അമിത വേഗത്തിന് കൊടുത്ത നോട്ടീസുകളിൽ മൂന്നിലൊന്നും ഈ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളിൽനിന്നാണ്.

മെട്രൊപൊലിറ്റൻ പൊലീസ് നൽകിയ കണക്കുകളാണ് ഈ ക്യാമറയെ ഡ്രൈവർമാരുടെ പേടിസ്വപ്‌നമാകുന്നത്. നോർത്ത് സർക്കുലർ റോഡിൽ ഏറിയ ഭാഗത്തും വേഗപരിധി 40 മൈലും 50 മൈലുമാണ്. എന്നാൽ, ഈ ക്യാമറയ്ക്ക് മുന്നിൽ അത് 30 മൈൽ മാത്രവും. പെട്ടെന്നുള്ള ഈ വേഗം കുറയൽ പലരും തിരിച്ചറിയാതെ പോകുന്നതാണ് പിഴയീടാക്കാൻ വഴിയൊരുക്കുന്നത്.

കഴിഞ്ഞവർഷം ഏപ്രിലിനും ഒക്ടോബറിനുമിടയ്ക്ക് നൂറ് പൗണ്ട് പിഴയുള്ള 14,544 നോട്ടീസുകളാണ് ഈ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങൾക്കൊപ്പം പൊലീസ് വിതരണം ചെയ്തത്. വിവരാവകാശ നിയമപ്രകാരം ഈവനിങ് സ്റ്റാൻഡേർഡാണ് ഈ വിവരങ്ങൾ ശേഖരിച്ചത്. സമീപത്ത് പാലം പണി നടക്കുന്നതുകൊണ്ടാണ് നോർത്ത് സർക്കുലർ റോഡിൽ ഈ ഭാഗത്ത് താൽക്കാലികമായി 30 മൈൽ വേഗ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതറിയാതെ എത്തുന്ന ഡ്രൈവർമാർ 40 മൈലിലോ 50 മൈലിലോ വാഹനമോടിക്കുമ്പോൾ ക്യാമറയിൽ കുടുങ്ങുകയും ചെയ്യും. എന്നാൽ, താൽക്കാലികമായി വേഗം നിയന്ത്രിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച് ഇവിടെ സ്ഥാപിച്ചിട്ടുള്ള സൈൻ ബോർഡുകൾ വ്യക്തമല്ലെന്ന് ഡ്രൈവർമാർ പരാതിപ്പെടുന്നു. ചിസ്‌വിക് റൗണ്ടെബൗട്ടിന് സമീപമുള്ള ഗണ്ണേഴ്‌സ്ബറി അവന്യൂവിലാണ് ഈ ക്യാമറ സ്ഥിതി ചെയ്യുന്നത്.

മതിയായ അടയാളങ്ങൾ നൽകാതെ, ഡ്രൈവർമാരെ കുരുക്കിൽ ചാടിക്കുകയാണ് അധികൃതരെന്ന് റോഡ്‌സ് പോളിസി വക്താവ് നിക്കോളാസ് ലൈയസ് പരാതിപ്പെട്ടു. റോഡുകളിൽ താൽക്കാലികമായി വേഗനിയന്ത്രണം ഏർപ്പെടുത്തുമ്പോൾ അത് ഡ്രൈവർമാർക്ക് വ്യക്തമായി കാണാവുന്ന വിധത്തിൽ അടയാളപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.