- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവം: ഒളിവിൽ പോയ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി പിടിയിൽ; തമിഴ്‌നാട്ടിൽ നിന്നാണ് പിടിയിലായതെന്ന് വിവരം; ഷാജഹാന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
പാലക്കാട്: പാലക്കാട് കൊടുമ്പിൽ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച കേസിൽ ഒളിവിലായിരുന്ന സിപിഎം. മുൻ ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ പിടിയിൽ. പാലക്കാട് സൗത്ത് പൊലീസ് തമിഴ്‌നാട്ടിൽ നിന്നാണ് പ്രതിയായ കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെ പിടികൂടിയത്.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഷാജഹാനെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പ്രതി സംസ്ഥാനം വിട്ടെന്ന സൂചന കഴിഞ്ഞ ദിവസം പൊലീസ് പങ്കുവച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരുന്നത്. കേസിൽ പ്രതിയായതിനെ തുടർന്ന് ഷാജഹാനെ കഴിഞ്ഞ ദിവസം സിപിഎം പുറത്താക്കിയിരുന്നു.
അൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് ഷാജഹാനെതിരായ കേസ്. വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ പൊലീസ് കേസെടുത്തിരുന്നു. ഷാജഹാനെ പാർട്ടിയും പുറത്താക്കി. പിന്നാലെ ഒളിവിൽ പോയ ഷാജഹാനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഷാജഹാന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ സൗത്ത് പൊലീസ് തുടർച്ചയായി പരിശോധന നടത്തിയിരുന്നു.
സംഭവത്തിൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഷാജഹാൻ വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നെന്നാണ് അവർ വ്യക്തമാക്കിയത്. എന്ത് ആവശ്യത്തിനും ഇവരും കുടുംബവും ആദ്യം വിളിക്കുന്നത് അയൽവാസിയായിരുന്ന ഷാജഹാനെയായിരുന്നു. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് ബഹളം വെച്ചപ്പോൾ ഒരാൾ ഓടി രക്ഷപ്പെടുന്നതാണ് കണ്ടെതെന്ന് ഇവർ വിവരിച്ചു.
ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീഴുകയായിരുന്നു. എന്നാൽ, ഷാജഹാനാണ് ഓടിയതെന്ന് മനസ്സിലായില്ല. സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ ആദ്യം വിളിച്ചത് ഷാജഹാനെയായിരുന്നു. ഷാജഹാന്റെ മൊബൈൽ ഫോൺ കുളിമുറിക്ക് സമീപത്തെ പറമ്പിൽ ബെല്ലടിച്ചതോടെയാണ് സംശയം ഉണ്ടായതെന്നും വീട്ടമ്മ വിവരിച്ചിരുന്നു.
ഇതോടെ കുളിമുറിയിൽ ക്യാമറ വെച്ചത് ഷാജഹാനാണെന്ന് വ്യക്തമായി. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. സിപിഎം അനുഭാവികളായ കുടുംബം പാർട്ടിയെ വിവരമറിയിച്ചു. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റി വ്യക്തമാക്കിയത്. വൈകാതെ ഷാജഹാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സിപിഎം അറിയിക്കുകയും ചെയ്തിരുന്നു.
യുവതിയുടെ കുളിമുറിദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പാലക്കാട് സൗത്ത് പൊലീസാണ് ഷാജഹാനെതിരെ കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളിമുറിയുടെ വെന്റിലേറ്ററിലൂടെ കൈ വരുന്നതുകണ്ടപ്പോഴാണ് യുവതിക്ക് അപകടം മനസ്സിലായത്. ബഹളം വെച്ചപ്പോൾ പുറത്ത് നിന്നയാൾ ഓടിപ്പോയത്.
മറുനാടന് മലയാളി ബ്യൂറോ