മലപ്പുറം: പ്രതിരോധ കുത്തിവെപ്പ് ഇസ്ലാമികവിരുദ്ധമെന്നു പ്രചാരണമുണ്ടായതോടെ മലപ്പുറം ജില്ലയിൽ കുത്തിവയ്‌പെടുക്കുന്നതിൽ വന്ന വീഴ്ച കാരണം ഡിഫ്തീരിയ രോഗം പിടിമുറുക്കിയിരിക്കെ ഡിഫ്തീരിയ ബാധിച്ചവർക്കുള്ള ചികിത്സ ഇന്നും സംസ്ഥാനത്ത് ലഭ്യമല്ല. ഡിഫ്തീരിയയെ നേരിടാനുള്ള മുരുന്ന് ലഭ്യമല്ലെന്നതാണ് ചികിത്സയില്ലാതിരിക്കാൻ പ്രധാന കാരണം.

ഡിഫ്തീരിയ അല്ലെങ്കിൽ തൊണ്ടമുള്ള് ബാധിച്ചാൽ ജീവിതത്തിലേക്ക് കരകയറുന്നവർ വളരെ കുറവാണ്. പുതുതലമുറക്ക് കേട്ടു കേൾവിയില്ലാത്ത രോഗം കൂടിയാണ് ഡിഫ്തീരിയ. ശിശുക്കൾ ജനിച്ച് 45 ദിവസം കഴിഞ്ഞു നിർബന്ധമായും കൊടുക്കുന്ന പ്രതിരോധമരുന്നാണ് ഡി പി റ്റി (ഡിഫ്തീരിയ- പെട്രോസിസ്- ടെറ്റനസ്). പിന്നീട് ഓരോ മാസമായി മൂന്നു ഘട്ടമായും തുടർന്ന് ഒന്നരവയസുള്ളപ്പോൾ ബൂസ്റ്റർ ഡോസും കൊടുക്കുന്നതിലൂടെ തുടച്ചു മാറ്റപ്പെട്ടുവന്നതാണ് ഈ രോഗം.

ഡിഫ്തീരിയ രോഗികൾ ഇല്ലാത്തതിനാൽ മരുന്നും നിർമ്മിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിരുന്നില്ല. ഇതിനാൽ കേരളത്തിനകത്തും പുറത്തും ഡിഫ്തീരിയക്കുള്ള മരുന്ന് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. എന്നാൽ മലപ്പുറം ജില്ലയിൽ രോഗത്തിന്റെ പെട്ടെന്നുള്ള വരവു നേരിടാൻ മരുന്നില്ലാത്ത അവസ്ഥ സംജാതമായി. മലപ്പുറം ജില്ലയിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ട ഡിഫ്തീരിയ രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സക്ക് വിധേയമാക്കിയത്. രോഗനിർണയം നടത്തിയ ശേഷം ഡൽഹിയിലെ മരുന്നുനിർമ്മാണ കേന്ദ്രത്തിൽനിന്നും പ്രത്യേകം മരുന്നെത്തിക്കുകയാണ് ചെയ്തത്.

ഇക്കാരണത്താൽ തന്നെ മൂന്നു മാസം മുമ്പ് രണ്ടു വിദ്യാർത്ഥികളുടെ ജീവൻ ഡിഫ്തീരിയ പിടിപെട്ട് നഷ്ടമാകുകയുണ്ടായി. വീണ്ടും രണ്ടാഴ്ച മുമ്പ് മലപ്പുറത്ത് ഒരു വിദ്യാർത്ഥിയിൽ രോഗം സ്ഥിരീകരിച്ച സമയത്ത് മെഡിക്കൽ കോളേജിൽ മരുന്ന് ലഭ്യമായിരുന്നില്ല. രണ്ടു പേർക്കുള്ള മരുന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു. ഇനി ഒരാൾക്കു കൂടിയുള്ള മരുന്നു മാത്രമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്‌റ്റോക്കായി അവശേഷിക്കുന്നത്. രണ്ടു പേർ ഡിഫ്തീരിയ രോഗലക്ഷണങ്ങൾ കണ്ടെത്തി രോഗനിർണയം നടത്തുന്നതിനായി മെഡിക്കൽ കോളേജിലുണ്ട്. രോഗം ഒരു പ്രദേശത്ത് പിടിപെട്ടാൽ കുത്തിവെപ്പ് എടുക്കാത്തവരിൽ പാഞ്ഞുകയറുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അഞ്ചു വയസിനു മുമ്പ് ഡിഫ്തീരിയ, ടെറ്റ്‌നസ്, വില്ലൻചുമ തുടങ്ങിയ രോഗങ്ങൾക്കുള്ള കുത്തിവെപ്പെടുക്കാത്തവർക്കാണ് രോഗം പടരുന്നത്. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത രണ്ടു ലക്ഷത്തിലധികം കുട്ടികൾ ഇനിയും മലപ്പുറത്ത് മാത്രമുണ്ടെന്നത് വലിയ ഭീതിയോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്.

മരുന്ന് ലഭ്യമല്ലെന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നു. ഡൽഹിയിലെ മരുന്ന് നിർമ്മാണ കമ്പനികളിലും ഇപ്പോൾ ഡിഫ്തീരിയക്കുള്ള മരുന്നില്ലെന്നാണ് അറിയുന്നത്. ആന്റി ഡിഫ്‌തെരിടിക് സിറത്തിന്റെ അവസാനത്തെ കുപ്പിയും ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്ക് എത്തിക്കഴിഞ്ഞു. അതേസമയം ഡിഫ്തീരിയ രോഗം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ചു പേർക്കു കൂടിയുള്ള മരുന്ന് നിർമ്മിക്കാൻ ഓർഡർ നൽകി കാത്തിരിക്കുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ മറുനാടൻ മലയാളിയോടു പറഞ്ഞു.

എന്നാൽ രോഗത്തെ പൂർണമായി ഇല്ലാതാക്കാൻ പ്രതിരോധ കുത്തിവെപ്പ് കൊണ്ടേ സാധിക്കുകയുള്ളൂവെന്ന് ഡോക്ടർമാർ പറയുന്നു. എഴുപതുകളിലും എൺപതുകളിലും ഏറെ ദുരന്തം വിതച്ച രണ്ടുമഹാമാരികളായിരുന്നു ഡിഫ്തീരിയയും വസൂരിയും. ഇക്കാലത്ത് ഈ രോഗങ്ങൾക്കെല്ലാം തന്നെ മുരുന്ന് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് രാജ്യത്ത് ഇത്തരം രോഗങ്ങൾക്ക് തീരെ മരുന്ന് ലഭിക്കാത്ത അവസ്ഥയാണുള്ളത്. മരുന്നിന്റെ ലഭ്യതക്കുറവ് ഒരു വശത്ത് നിലനിൽക്കുമ്പോഴും പ്രതിരോധ കുത്തിവെപ്പ് കിട്ടാത്തതു തന്നെയാണ് ഇത്തരം രോഗങ്ങളുടെ കടന്നവരവിന് ആക്കം കൂട്ടുന്നത്. പ്രതിരോധ കുത്തിവെപ്പ് നൽകാതെ മുതിർന്നവർ അന്ധമായ ധാരണകൾ വച്ചുപുലർത്തിയതിന്റെ അനന്തരഫലമാണ് ഈ തലമുറ ഡിഫ്തീരിയ പോലുള്ള രോഗങ്ങളുടെ വലയിൽ അകപ്പെടുന്നതിനു പിന്നിൽ.

ഇനി പിറക്കുന്ന ഓരോ കുഞ്ഞു മുതൽ പതിനാറ് വയസു വരെയുള്ള കുട്ടികളിൽ കുത്തിവെപ്പ് എടുക്കാത്തവരായി ആരും ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിവിധ പ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിട്ടുള്ളത്. നാട്ടിലെ ജനകീയരുടെയും ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലാണ് മലപ്പുറത്ത് സ്‌കൂളുകൾ കേന്ദ്രീകരിച്ചും പഞ്ചായത്ത് തലത്തിലും കുത്തിവെപ്പ് ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ജനങ്ങളുടെ സ്വീകാര്യതയും വിശ്വാസ്യതയും ലഭിക്കാൻ പ്രതിരോധ കുത്തിവെപ്പിന് ആഹ്വാനം ചെയ്തും കാമ്പയിനുകൾക്ക് നേതൃത്വം നൽകിയും പാണക്കാട് തങ്ങൾമാർ തന്നെയാണ് ആരോഗ്യ വകുപ്പിന്റെ പരിപാടികളിൽ പ്രധാനമായും എത്തുന്നത്. ഈ കാമ്പയിനുകൾ വലിയ രീതിയിൽ ഫലപ്രദമാകുമെന്നതാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

നാടുകളിൽ നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്ന രോഗങ്ങൾ മലപ്പുറം ജില്ലയിൽ വീണ്ടും കണ്ടെത്തിയതോടെയാണ് പ്രതിരോധ കുത്തിവയ്‌പ്പ് ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് പരിശ്രമം നടത്തിവരുന്നത്. കുത്തിവയ്പ് എടുക്കുന്ന കുട്ടികളിൽ ഭാവിയിൽ മാരകമായ അസുഖങ്ങളുണ്ടാകുമെന്നും പ്രത്യുൽപാദന ശേഷി നശിപ്പിക്കുമെന്നുമൊക്കെയുള്ള നിരവധി ആശങ്കകളാണ് ഇവരെ പിടിമുറുക്കിയിരിക്കുന്നത്. പ്രതിരോധ കുത്തിവയ്‌പ്പിനെതിരെയുള്ള പ്രചരണങ്ങൾ ശക്തമാകുന്നത് കുത്തിവയ്‌പ്പ് ക്യാമ്പുകളെ വലിയ തോതിൽ ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡിഫ്തീരിയ( തൊണ്ടമുള്ള്) രോഗം കാണപ്പെടുന്ന മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വീടുകൾ കയറിയും സ്‌കൂളുകൾ കേന്ദ്രീകരിച്ചും ബോധവൽക്കരണം നടത്തി വരികയാണിപ്പോൾ.

പ്രതിരോധ കുത്തിവയ്‌പ്പിനായി കേന്ദ്രസംസ്ഥാന സർക്കാറുകൾ വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കുമ്പോഴും കുത്തിവയ്‌പ്പെടുക്കാത്ത കുട്ടികളുടെ എണ്ണത്തിൽ മല്ലപ്പുറം ജില്ലയാണ് ഏറ്റവും മുന്നിലുള്ളത്. ജില്ലയിലെ പ്രതിരോധ കുത്തിവയ്‌പ്പിന്റെ അഭാവമാണ് അടിക്കടിയുണ്ടാകുന്ന ഡിഫ്തീരിയക്ക് കാരണമാകുന്നത് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡിഫ്തീരിയ റിപ്പോർട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയിൽ നിന്നാണ്. മറ്റു ജില്ലകളിൽ തീരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഡിഫ്തീരിയ പോലുള്ള രോഗങ്ങൾ മലപ്പുറത്ത് വർദ്ധിച്ചു വരുന്നത് അതീവഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് എടുത്തിട്ടുള്ളത്. കുട്ടികൾക്ക് യഥാസമയം നൽകേണ്ട കുത്തിവയ്‌പ്പ് കൊടുക്കാതിരിക്കുന്നതു മൂലമാണ് ഡിഫ്തീരിയ ബാധ തുടരെ ഉണ്ടാകുന്നത്. എന്നാൽ പ്രതിരോധ കുത്തിവയ്‌പ്പിനെതിരെ വ്യാപകമായ പ്രചരണമുള്ളതാണ് രക്ഷിതാക്കളെ ഇതിൽ നിന്നും പിന്നോട്ടടിക്കുന്നതെന്ന് മലപ്പുറം ഡി.എം.ഒ ഡോ. ഉമറുൽ ഫാറൂഖ് മറുനാടൻ മലയാളിയോടു പറഞ്ഞു.

പ്രതിരോധ കുത്തിവയ്‌പ്പ് നടത്തുന്നത് മുസ്ലിങ്ങളെ തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നാണ് പ്രധാന പ്രചാരണം നടക്കുന്നത്. മുസ്ലിങ്ങൾക്ക് ഹറാമായ പന്നിയുടെ നെയ്യ് ഉപയോഗിച്ചാണ് പ്രതിരോധ വാക്‌സിനുകൾ നിർമ്മിക്കുന്നതെന്നും ഇത് ഉണ്ടാക്കുന്നത് മുസ്ലിങ്ങളുടെ ശത്രുരാജ്യങ്ങളായ ഇസ്രയേലിൽ നിന്നും അമേരിക്കയിൽ നിന്നുമാണെന്നും പ്രചാരണമുണ്ട്. പ്രത്യുൽപാദനശേഷി കുറച്ച് മുസ്ലിങ്ങളിലെ ജനസംഖ്യ കുറയ്ക്കുകയാണ് പ്രതിരോധ കുത്തിവയ്‌പ്പിനു പിന്നിലെ അജണ്ടയെന്നാണ് സാധാരണക്കാരെ ധരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിലൂടെയാണ് ഇപ്പോൾ ഇത്തരം പ്രചാരണങ്ങൾ നടത്തി വരുന്നത്. അതേസമയം ഇത്തരം പ്രചാരണങ്ങളുടെ പിന്നിൽ ആയൂർവേദ ചികിത്സാ ലോബികളും വ്യാജ ഡോക്ടർമാരുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.