ചെങ്ങന്നൂർ: പ്രചാരണ കോലാഹലങ്ങളും കൊട്ടിക്കലാശവും വാക്‌പോരുകളും തീർന്ന് ചെങ്ങന്നൂർ ഇനി തിരഞ്ഞെടുപ്പിലേക്ക്. മറ്റന്നാൾ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ഇന്ന് വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗിക സമാപനമായി. ഇതിനിടെ പ്രചരണ സമാപനത്തിനിടെ മാന്നാറിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് ഇടപെട്ട് പിരിച്ചുവിട്ടതോടെ വലിയ അക്രമങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങിയില്ല.

കർണാടകത്തിനൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു മണ്ഡലവും രാഷ്ട്രീയ പാർട്ടികളും. എന്നാൽ അതുണ്ടായില്ല. ഇതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തേ വന്നതോടെ രാഷ്ട്രീയ പാർട്ടികളും വെട്ടിലായി. അതിനാൽ പ്രചരണം മാസങ്ങൾ നീണ്ടു. ഇത് അവസാന ഘട്ടത്തിൽ കോൺഗ്രസിന് ഒട്ടൊക്കെ ഗുണകരമായും ഭവിച്ചു. എതായാലും പ്രചരണച്ചൂടിന് ഇന്ന് വൈകീട്ട് ആറുമണിയോടെ സമാപനമായി. കൊടും മഴയിലായിരുന്നു മണ്ഡലം. അതിനാൽ തന്നെ വിചാരിച്ച ആവേശം കൊട്ടിക്കലാശത്തിൽ കൊണ്ടുവരാൻ പാർട്ടികൾക്കായില്ല. ഇതിനിടയിലാണ് മാന്നാറിയിൽ ചെറിയ സംഘർഷവും ഉണ്ടായത്.

എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളുടെ ആയിരക്കണക്കിനു പ്രവർത്തകരാണ് നഗരത്തിൽ കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് മാന്നാറിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയെങ്കിലും പൊലീസ് ഇടപെട്ട് പിരിച്ചുവിട്ടു. പരസ്യ പ്രചാരണം അവസാനിച്ചതോടെ ഞായറാഴ്ച നേതാക്കളും അണികളും നിശബ്ദ പ്രചാരണത്തിൽ മുഴുകും. വീടുകൾ കയറിയും മറ്റും ഒരുവട്ടംകൂടി വോട്ടുകൾ ഉറപ്പിക്കും. 28നാണു മണ്ഡലത്തിൽ വോട്ടെടുപ്പ്. 31നു ഫലപ്രഖ്യാപനവും.

എൽ ഡി എഫിന്റെ സജി ചെറിയാൻ, യു ഡി എഫിന്റെ ഡി വിജയകുമാർ, എൻ ഡി എയുടെ പി എസ് ശ്രീധരൻപിള്ള എന്നിവർ തമ്മിലാണ് പ്രധാനപോരാട്ടം. പ്രചാരണത്തിന്റെ പോരായ്മയിൽ പിന്നോക്കം പോകാതിരിക്കാനാണ് മൂന്നുമുന്നണികളും ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ നിശബ്ദ പ്രചാരണവേളയിൽ ഗൃഹ സന്ദർശനങ്ങളിലൂടെയും ആരാധനാലയങ്ങൾ സന്ദർശിച്ചും വോട്ടുറപ്പിക്കാനാകും സ്ഥാനാർത്ഥികളും പ്രവർത്തകരും ശ്രമിക്കുക.