കോതമംഗലം: സ്ഥാനാർത്ഥിയായ എം എൽ എയുടെ വരവറിയിച്ച് രാവിലെ തന്നെ പാർട്ടിപ്രവർത്തകരെത്തിയിരുന്നു. ഏറെക്കുറെ പറഞ്ഞസമയത്തുതന്നെ ദുഃഖം കടിച്ചമർത്തിയ മുഖവുമായി എം എൽ എ എത്തി. കുടുംബാംഗങ്ങളോട് ചുരുങ്ങിയ വാക്കുകളിൽ പരിചയപ്പെടുത്തൽ. പിന്നെ അകത്തെ മുറിയിലെ കിടപ്പുരോഗിയുടെ അരികിലേക്ക്. രോഗിയുടെ കൈപിടിച്ച് കണ്ണുകളടച്ച് ഏറെ നേരം തീവ്രപ്രാർത്ഥന. പ്രാർത്ഥനയിൽ എം എൽ എയുടെ മുഖത്ത് മിന്നിമറഞ്ഞത് വൈദികന്റെ ഭാവങ്ങൾ.. പിന്നെ, കണ്ണു തുറന്ന് എല്ലാം ശരിയാവുമെന്ന സാന്ത്വനവും. കോതമംഗലത്തെ യു ഡി എഫ് സ്ഥാനാർത്ഥി ടി യു കുരുവിളയുടെ വോട്ടുപിടുത്തത്തിന്റെ നേർക്കാഴ്ച ഇങ്ങനെ.

രോഗബാധിതനായി കിടപ്പിലായ പല്ലാരിമംഗലം കൂറ്റൻവേലിയിൽ ഇസ്മയിലിനെയും സമീപത്തെ കോളജിന്റെ ഏഴാം നിലയിൽ സോളാർ പാനൽ ഘടിപ്പിക്കുമ്പോൾ കാൽ തെറ്റി വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൈമറ്റം ചെറുതാനിക്കൽ സജി തോമസിനെയുമാണ് ടി യു കുരുവിള കഴിഞ്ഞ ദിവസം വീട്ടിലെത്തി പ്രാർത്ഥന നൽകിയും കൈപിടിച്ചും ആശ്വസിപ്പിച്ചത്. പല്ലാരിമംഗലം പഞ്ചായത്തിലെ സന്ദർശനത്തിനിടെയാണ് യാക്കോബായ സുറിയാനി സഭയുടെ ഷെവലിയാർ, കമാൻഡർ, ബാറീത്തോ ശാരിയോ ബഹുമതികൾ നേടിയ കുരുവിള അല്പം ഭക്തിമാർഗത്തിൽ തന്നെ വോട്ടുതേടിയത്. സഭയുടെ ചരിത്രത്തിൽ ഈ മൂന്നു ബഹുമതികളും കരസ്ഥമാക്കിയിട്ടുള്ള ഒരേയൊരാൾ ടി യു കുരുവിളയാണ്.

രോഗികളെ സന്ദർശിച്ച ശേഷം കുടുംബാംഗങ്ങളും അഭ്യൂദയകാംക്ഷികളുമായി ചർച്ച നടത്തുകയും വേണ്ട സഹായങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചറിയുകയും ചെയ്ത ശേഷമാണ് എം എൽ എ യാത്രയായത്. മാസ്മരിക പ്രകടനം കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിന്റെ മുംബൈയിൽ നടക്കുന്ന യംഗ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോതമംഗലത്തിന്റെ കുരുന്നു ഫുട്ബോൾ താരം 12 വയസുകാരൻ അലി ജുമാമിനെ പല്ലാരിമംഗലത്തെ വീട്ടിലെത്തി ആദരിക്കാനും കുരുവിള മറന്നില്ല. രണ്ടായിരം പേരിൽനിന്ന് കേരള ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുത്ത 20 പേരിലൊരാളായാണ് പല്ലാരിമംഗലം മിലാൻ ഫുട്ബോൾ ക്ലബിലെ അംഗമായ അലി ജുമാം തിരഞ്ഞെടുക്കപ്പെട്ടത്. സ്വന്തം ത്രിവർണ്ണഷാളും ട്രോഫിയും ടി.യു കുരുവിള സ്നേഹപൂർവ്വം സമ്മാനിച്ചപ്പോൾ കൂടിനിന്നവർ ആഹ്ലാദത്തോടെ കയ്യടിച്ചു. ഓട്ടപ്രദക്ഷിണത്തിനിടയിലെ വോട്ടുതേടലിൽ ഇക്കുറി കുരുവിള സ്വീകരിച്ചിട്ടുള്ള വേറിട്ട ശൈലി അണികളുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

93 വയസുകഴിഞ്ഞ രണ്ടു മേരിമാരും മറിയാമ്മയും അടങ്ങിയ അമ്മമാരുടെ സംഘത്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങിയാണ് ടി.യു കുരുവിള നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. കൊവേന്തപ്പടി സാന്തോ സ്നേഹാലയം ഓൾഡ് ഏയ്ജ് ഹോമിലെ അന്തേവാസികളാണിവർ. കന്യാസ്ത്രീകളുടെ മേൽനോട്ടത്തിലുള്ള ഓൾഡ് ഏജ് ഹോമിലെത്തിയ എംഎൽഎയെ അന്തേവാസികളും മദർ സുപ്പീരിയർ സിസ്റ്റർ ലിനറ്റിന്റെ നേതൃത്വത്തിൽ കന്യാസ്ത്രീകളും സ്വീകരിച്ചു. അമ്മമാർക്കും കന്യാസ്ത്രീകൾക്കുമൊപ്പം അൽപ്പനേരം പ്രാർത്ഥിച്ച ശേഷമാണ് മടങ്ങിയത്.

136 ബൂത്തുകളിൽനിന്നുള്ള പ്രാദേശിക നേതാക്കളുടേയും ഭാരവാഹികളുടേയും മണ്ഡലം നേതാക്കളുടേയും അകമ്പടിയോടെയാണ് ടി.യു കുരുവിള നാമനിർദ്ദേശം സമർപ്പിക്കുക. ഇന്നലെ നോമിനേഷന്റെ ഒരുക്കങ്ങൾക്കിടയിലും അഞ്ചോളം മരണവീടുകൾ സന്ദർശിച്ചു. റിട്ടയേഡ് ഐപിഎസ് ഉദ്യോഗസ്ഥനും സുഹൃത്തുമായ എം. സി ഗീവർഗീസിന്റെ സംസ്‌ക്കാരശുശ്രൂഷയിൽ പങ്കെടുക്കാൻ ആലുവയിലേക്കും പോയി. വടാട്ടുപാറ, ചേലാട്, തൃക്കാരിയൂർ, ആയക്കാട് എന്നിവിടങ്ങിൽ വോട്ടർമാരെയും സന്ദർശിച്ചു.

ടി.യു കുരുവിള നടപ്പിലാക്കിയ 754 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളെക്കുറിച്ചുള്ള കൈപ്പുസ്തകം ബൂത്തുതലത്തിൽ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. കഴിയാവുന്നത്ര കുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥി നേരിട്ടു പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. മണ്ഡലത്തിലും സംസ്ഥാനത്തും നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ ആഘോഷം പോലെയാകും ഓരോ കുടുംബയോഗവും സംഘടിപ്പിക്കുക