കോഴിക്കോട്: സോഷ്യൽ മീഡിയയിൽ അമ്മയെ മോശക്കാരിയാക്കി ചിത്രീകരിച്ച് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്‌തെന്ന പരാതിയിൽ കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലെ ട്രാൻസഫർ വിവാദത്തിലെ നായകൻ ടി നിർമ്മൽ മാധവിനും കാമുകിക്കുമെതിരെ കസബ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് നിർമ്മൽ മാധവ്.

നിർമ്മൽ മാധവിന്റെ അമ്മയും ആലപ്പുഴ ജില്ലയിലെ മംഗലം ഹൈസ്‌ക്കൂളിൽ അദ്ധ്യാപികയുമായ കെ ചന്ദ്രിയുടെ പരാതിയിലാണ് ഇന്ത്യൻ ശിക്ഷാനിയമം 509, ഐടി ആക്ടിലെ 67 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി റിഫൈനറീസിൽ ട്രെയിനിയായ നിർമ്മലും കാമുകിയും എംബിബിഎസ് വിദ്യാർത്ഥിനിയുമായ ശ്രീലക്ഷ്മിയും ചേർന്ന് ഫേസ്‌ബുക്ക്, വാട്‌സ്ആപ് തുടങ്ങി സോഷ്യൽ മീഡിയയിൽ അപവാദപ്രചരണം നടത്തുന്നുവെന്നാണ് ചന്ദ്രിയുടെ പരാതി. നിർമ്മലിന്റെ അമ്മയും കുടുംബവും കുറച്ചുകാലമായി കോഴിക്കോട് അശോകപുരം ആശുപത്രിക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ്. മകന്റെ അപവാദപ്രചാരണം മൂലം ജോലിക്ക് പോകാൻ കഴിയുന്നില്ലെന്ന് ചന്ദ്രി നൽകിയ പരാതിയിലുണ്ട്.

കായംകുളം സിഐയുടെ മകളാണ് ശ്രീലക്ഷ്മിയെന്നും തന്നെ അനാശാസ്യക്കാരിയായി ചിത്രീകരിച്ച് ബന്ധുക്കൾക്കടക്കം സന്ദേശങ്ങൾ അയച്ചതായും പരാതിയിൽ പറയുന്നു. പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നിർമ്മലും കാമുകിയും ചേർന്ന് പ്രചരിപ്പിച്ചതായി പറയുന്ന സന്ദേശങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവരുടെ ഫെയ്‌സ് ബുക്ക് പേജിലോ വാട്‌സ് ആപ്പിലും നിലവിൽ ഇത്തരം ചിത്രങ്ങൾ ഇല്ല. അന്വേഷണം തുടങ്ങിയതോടെ ഇവർ ഡിലീറ്റ് ചെയ്തതെന്നാണ് വിലയിരുത്തൽ. അതിനിടെ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ സജീവമാണെന്നും ആക്ഷേപമുണ്ട്. ചില കോൺഗ്രസ് നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമാണ് ചരട് വലികൾ നടത്തുന്നതെന്നാണ് ആക്ഷേപം,

കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ പൊലീസ് വെടിവെയ്പിൽ കലാശിച്ച നിർമ്മൽ മാധവൻ വിഷയം കേരള രാഷ്ട്രീയത്തിൽ ഏറെ കോലാഹലമുണ്ടാക്കിയിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കോഹിനൂർ സ്വാശ്രയ എഞ്ചിനീയറിങ് കോളേജിൽ ഒന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന നിർമ്മലിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ടാണ് വെസ്റ്റ്ഹിൽ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ രണ്ടാം വർഷ പ്രവേശനം നേടിക്കൊടുത്തത്.

പെരിന്തൽമണ്ണ എംഇഎ കോളേജിലേക്കും അവിടെനിന്ന് ദേശമംഗലം മലബാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിലേക്കും മാറ്റപ്പെട്ട നിർമ്മൽ കോഴ്‌സ് പാസായിട്ടില്ല. ദേശമംഗലം കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്തതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.