നാദാപുരം : ദുബായിൽനിന്ന് സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ ക്യാമ്പസ് ഫ്രണ്ട് ജില്ലാ ട്രഷറർ അറസ്റ്റിൽ. കക്കംവെള്ളിയിലെ മരക്കാട്ടേരി അഷ്‌കർ മുസ്തഫ (22)യെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നാദാപുരം പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായിരുന്നു.

കർണ്ണാടകയിലെ സുള്ള്യയിൽ കെ വി ജി കോളേജിൽ മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിയാണ്. ഇവിടെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണ്. മൊബൈൽ ഫോൺ ലോക്കേഷൻ പിന്തുടർന്നാണ് എസ്‌ഐ സജീഷ്, മനോജ് രാമത്ത്, കെ സുധീഷ്, ഡ്രൈവർ സുജിത്ത് എന്നിവരടങ്ങിയ സംഘം വ്യാഴാഴ്ച പകൽ രണ്ടോടെ അഷ്‌കറിനെ പിടികൂടിയത്.

കുനിങ്ങാട് മുതുവടത്തൂർ സ്വദേശി കാട്ടിൽ ലക്ഷം വീട് കോളനിയിലെ മുഹമ്മദ് ഷഫീഖ് (26), കക്കം വെള്ളിയിലെ പുതിയോട്ടും താഴെ കുനി റാഷിദ് (30) എന്നിവരെയാണ് വേങ്ങര സ്വദേശി അമീനുവേണ്ടി തട്ടിക്കൊണ്ടുപോയത്. വടകരയിൽ അഷ്‌കറിന്റെ നേതൃത്വത്തിൽ നരിക്കാട്ടേരി സ്വദേശി ഉൾപ്പെടെയുള്ള മൂന്നു പേർ ഇന്നോവയിലാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.

മുഹമ്മദ് ഷഫീഖിന്റെ കൈവശം ദുബായിൽനിന്ന് 700 ഗ്രാം കാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണം അമീൻ കൊടുത്തയച്ചു. എന്നാൽ ഉടമസ്ഥർക്ക് നൽകാതെ സ്വർണം കണ്ണൂർ കേന്ദ്രീകരിച്ചുള്ള പൊട്ടിക്കൽ സംഘത്തിന് കൈമാറി ഷഫീഖും റാഷിദും മുങ്ങി. കേസിൽ കല്ലാച്ചി സ്വദേശി മുഹമ്മലി നേരത്തെ അറസ്റ്റിലായിരുന്നു. മുഖ്യപ്രതി അമിനും നരിക്കാട്ടേരി സ്വദേശിക്കുമായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.