- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവശ്യപ്പെട്ടവരെ ബാഡ്ജ് ധരിക്കാൻ സഹായിച്ചു; ഒരാളെയും നിർബന്ധിച്ച് ബാഡ്ജ് ധരിപ്പിച്ചിട്ടില്ല; ചുങ്കപ്പാറ സംഭവത്തിന്റെ പേരിൽ ഭാരവാഹികളുടെ വീടുകളിൽ അതിക്രമം നടത്തുന്നു; സംഘപരിവാറിന് പിണറായി പൊലീസ് കുടപിടിക്കുന്നുവെന്നും കാംപസ് ഫ്രണ്ട്
പത്തനംതിട്ട: ബാബരി അനുസ്മരണത്തോടനുബന്ധിച്ച് തങ്ങൾ ആരെയും നിർബന്ധിച്ച് ബാഡ്ജ് ധരിപ്പിച്ചിട്ടില്ലെന്ന് വിശദീകരണവുമായി കാംപസ് ഫ്രണ്ട്. ഒരാളെയും നിർബന്ധിച്ച് ബാഡ്ജ് ധരിപ്പിച്ചിട്ടില്ലെന്നും ഫോട്ടോകളിൽ നിന്ന് അത് വ്യക്തമാണെന്നും വിശദീകരിച്ച് കാംപസ് ഫ്രണ്ട് ജില്ലാ കമ്മറ്റി രംഗത്തു വന്നു. കാംപസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ കാംപയിന്റെ ഭാഗമായി ചുങ്കപ്പാറ സെന്റ് ജോർജ് സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച ബാഡ്ജ് വിതരണത്തിനെതിരെ കേസെടുക്കുകയും ജില്ലാ പ്രസിഡന്റ്, സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ വീടുകളിൽ അന്യായമായി റെയ്ഡ് നടത്തുകയും ചെയ്തു.
പിണറായി സർക്കാർ സംഘപരിവാർ കുപ്രചരണങ്ങൾക്ക് കുട പിടിക്കുകയാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാൻ മാധ്യമങ്ങളോട് പറഞ്ഞു.ബാഡ്ജ് വിതരണം ചെയ്ത ഫോട്ടോകൾ ദുരുപയോഗം ചെയ്ത് ബിജെപി നേതാക്കൾ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. ഹലാലടക്കമുള്ള വിഷയങ്ങൾക്ക് ശേഷം സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തി ഭിന്നതയുണ്ടാക്കി കലാപമുണ്ടാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇത് പൊതുസമൂഹം തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും വേണം.
1992ൽ രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണമായ ബാബരി പള്ളിയുടെ ധ്വംസനം ഇന്ത്യൻ ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ കളങ്കമാണ്. ആ ഓർമ്മകൾ കാംപസ് ഫ്രണ്ട് നിരന്തരം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കേരളത്തിലെ വിവിധ കാംപസുകളിൽ 'ഐ ആം ബാബരിക' എന്ന പേരിൽ ബാഡ്ജ് വിതരണം ചെയ്തത്. ജനാധിപത്യപരമായി കാംപസ് ഫ്രണ്ട് നടത്തിയ പരിപാടി വിദ്യാർത്ഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിടലും വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയത്. ഇത് സംഘപരിവാരത്തെ വലിയ രീതിയിൽ അലോസരപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് ബാഡ്ജ് വിതരണം ചെയ്യുകയും ആവശ്യപ്പെട്ടവർക്ക് ബാഡ്ജ് ധരിക്കാൻ സഹായിക്കുകയുമാണ് ചെയ്തത്. ഒരാളെയും നിർബന്ധിച്ച് ബാഡ്ജ് ധരിപ്പിച്ചിട്ടില്ല. ബാഡ്ജ് സ്വീകരിച്ച് നിൽക്കുന്ന വിദ്യാർത്ഥികളുടെ ഫോട്ടോകളിൽ നിന്നും അത് വ്യക്തമാണ്. സംഘപരിവാർ സംഘടനകൾ മാത്രമാണ് വിഷയത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ബാബരിയുടെ ഓർമ്മകളെപ്പോലും ഭയക്കുന്ന സംഘപരിവാർ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ബാഡ്ജ് വിതരണത്തെപ്പോലും വർഗീയവത്കരിക്കുകയാണ്. സ്കൂൾ പരിസരത്തടക്കമുള്ള സിസിടിവികളും ഫോട്ടോകളും പരിശോധിച്ചാൽ തന്നെ വിദ്യാർത്ഥികൾ സ്വമേധയയാണ് പരിപാടിയിൽ പങ്കാളികളായതെന്ന് വ്യക്തമാവും.
ജനാധിപത്യപരമായ ഓർമ്മപ്പെടുത്തലുകളേയും പ്രതിഷേധങ്ങളേയും അറസ്റ്റ് ചെയ്തും റെയ്ഡ് നടത്തിയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ജനകീയമായി ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. സംഘപരിവാറിന്റെ നട്ടാൽ മുളക്കാത്ത നുണകളേറ്റെടുത്ത് പിണറായി പൊലീസ് കാണിക്കുന്ന സംഘപരിവാർ വിധേയത്വം അവസാനിപ്പിക്കണമെന്നും സംഘപരിവാറിന് വിധേയരായി നേതാക്കളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും വ്യാജ പ്രചരണം നടത്തിയ സംഘപരിവാർ നേതാക്കൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യണമെന്നും മുഹമ്മദ് ഷാൻ ആവശ്യപ്പെട്ടു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്