കൊച്ചി: സിനിമാ സൈറ്റിൽ നിന്നും കൊമ്പൻ മീശയും വച്ച് വച്ച് നിയമസഭയിൽ എത്തിയ ദിവസമാണ് കെ ബി ഗണേശ് കുമാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ വകുപ്പിൽ നടക്കുന്ന അഴിമതിയെ കുറിച്ച് ആദ്യമായി തുറന്നടിച്ചത്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നേർക്കായിരുന്നു ഗണേശിന്റെ രോഷ പ്രകടനം. ഇന്ന്, ലോകായുക്ത മുമ്പാകെ തെളിവു നൽകാൻ എത്തിയ ഗണേശ് കുമാർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സ്വത്ത് സമ്പാദനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ആർക്കും പരിശോധിച്ചാൽ മനസിലാകുന്ന രീതിയിലാണ് അഴിമതി തെളിഞ്ഞിരിക്കുന്നതെന്നും ഗണേശ് പറയുകയുണ്ടായി. 1982ലെ തോട്ടക്കാരൻ കോടികളുടെ ഉടമയായത് എങ്ങനെ എന്ന ചോദ്യമാണ് ഗണേശ് ഉയർത്തിയത്.

ഗണേശ് കുമാർ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ രാഷ്ട്രീയ വളർച്ചയെ കുറിച്ച് മറുനാടൻ മലയാളി അന്വേഷിച്ചത്. കേരളത്തിലെ മിക്ക രാഷ്ട്രീയക്കാരുടെയും വളർച്ച പോലെ തന്നെയാണ് ഇബ്രാഹി കുഞ്ഞിന്റെയും പടിപടിയായുള്ള വളർച്ച. കേരളത്തിലെ ഏറ്റവും വലിയ വ്യവസായ മേഖലയായ ഏലൂരിൽ നിന്നും തൊഴിലാളിയായി തുടങ്ങി ഇന്ന് സംസ്ഥാനത്തെ സുപ്രധാന വകുപ്പായ പൊതുമരാമത്ത് വകുപ്പിന്റെ തലപ്പത്താണ് ആലുവ ഉളിയന്നൂരിലെ നാട്ടുകാരുടെ ഇഷ്ടക്കാരനായ കുഞ്ഞ് (ഇബ്രാഹിം കുഞ്ഞ്). എൺപതുകളിലായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ തൊഴിലാളി നേതാവിന്റെ വളർച്ചയും രാഷ്ട്രീയ യൗവനവും പുഷ്പ്പിച്ചത്.

ആലുവ ഉളിയന്നൂരിലെ സാധാരണ ദരിദ്ര മുസ്ലിം കുടുംബത്തിലെ അംഗമായിരുന്നു ഇബ്രാഹിംകുഞ്ഞ്. ആ തൊഴിലാളിയായ കുഞ്ഞിൽ നിന്നും പൊതുപ്രവർത്തകനായും എംഎൽഎയായും പിന്നീട് ഈ മന്ത്രിസഭയിൽ മന്ത്രിയായും വി കെ ഇബ്രാഹീം കുഞ്ഞ് വളർന്നത് (വളർത്തിയത്) ലൂരിലെ വ്യവസായിക യൂണിറ്റും അവിടുത്തെ സംഘടന പ്രവർത്തന പാരമ്പര്യവും ആണെന്ന് എതിരാളികളും അനുകൂലികളും ഒരു പോലെ പറയും. ഇന്ന് എറണാകുളം ജില്ലയിൽ സിഐടിയുവിലൂടെ വളർന്ന് ഇടതുമുന്നണിയിലെ പ്രബലന്മാരായി മാറിയ നേതാക്കളെ പോലെ ജില്ലയിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ മുഖ്യകണ്ണിയെന്ന നിലയിലായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ വളർച്ച.

മുൻ മന്ത്രിയായിരുന്ന കെബി ഗണേശ് കുമാർ ഇന്ന് ലോകായുക്തയ്ക്ക് മുൻപാകെ ബോധിപ്പിച്ച പരാതിയിലും ആദ്യം ചൂണ്ടിക്കാട്ടിയത് ഇദ്ദേഹത്തിന്റെ മുൻകാല ജീവിത ചരിത്രമാണെന്നതും വെറും സ്വാഭാവിക കാര്യങ്ങൾ മാത്രമല്ല. 82-83 കാലഘട്ടത്തിൽ വ്യവസായിക മേഖലയിലെ വെറുമൊരു തൊഴിലാളി മാത്രമായിരുന്നു എന്നതാണ് ഗണേശിന്റെ ആരോപണങ്ങളുടെ പ്രധാന കുന്തമുന. താരതമ്യേന മുസ്ലിം ഭൂരിപക്ഷ മേഖലകൾ കൂടുതലായുള്ള കളമശ്ശേരി പ്രദേശത്ത് തൊഴിലാളി പ്രവർത്തകനായാണ് പിന്നീട് കുഞ്ഞ് പ്രത്യക്ഷപ്പെടുന്നത്. മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ ഏലൂർ മേഖലയിലെ നേതാവായുള്ള ഇബ്രാഹീം കുഞ്ഞിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു എന്ന് വേണം പറയാൻ.

സംഘടന ഇല്ലാതിരുന്ന ഏലൂർ വ്യവസായിക മേഖലയിൽ തൊഴിലാളികളെ എസ് ടിയു വിലേക്ക് അടുപ്പിച്ചത് കുഞ്ഞാണെന്നാണ് കളമശ്ശേരിയിലെ ഒരു വിഭാഗം ലീഗുകാർ പറയുന്നത്. എന്നാൽ, യുഡിഎഫ് ഭരണത്തിൽ കാലകാലങ്ങളായി ലീഗ് കൈകാര്യം ചെയ്യുന്ന വ്യവസായ വകുപ്പിൽ അനധികൃതമായി നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ പെട്ടന്ന് നേതാവാക്കിയതെന്നാണ് വിരോധികളുടെ പക്ഷം. മന്ത്രിയായ കുഞ്ഞാലിക്കുട്ടിയുമായുള്ള അടുത്ത ബന്ധവും അദ്ദേഹത്തിന് ഗുണകരമായി. കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടക്കാരനായി എന്തിനും ഏതിനും ഒപ്പമുണ്ടായിരുന്നത് കുഞ്ഞായിരുന്നു. ഈ ബന്ധം തന്നെയാണ് വളരെ ഉന്നതരായ ലീഗ് നേതാക്കൾ ഉണ്ടായിട്ടും പിന്നീട് എംഎൽഎയായി ലീഗിന് ലഭിച്ച മട്ടാഞ്ചേരി സീറ്റിൽ സ്ഥാനാർത്ഥിയായി ഇബ്രാഹീം കുഞ്ഞ് എത്തിയതെന്നും നിസ്സംശയം പറയാം.

തൊഴിലാളി നേതാവായിരുന്ന കുഞ്ഞ് പിന്നീട് ഡെപ്യൂട്ടി സ്പീക്കർ യൂനിസ് കുഞ്ഞിന്റെ പിഎ ആയി മാറി. ഇക്കാലത്താണ് പി കെ കുഞ്ഞാലിക്കുട്ടിയുമായി അടുക്കുന്നത്. ഈ അടുപ്പമാണ് രാഷ്ട്രീയ വളർച്ച അതേവേഗത്തിലാക്കിയത്. അഹമ്മദ് കബീർ എന്ന ലീഗിലെ ഏറ്റവും പ്രബലനായ ജില്ലയിലെ നേതാവിന്റെ പേരായിരുന്നു അന്ന് ആദ്യ ഘട്ടത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നത്. പിന്നീട് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ മൂലമാണ് ഇബ്രാഹിംകുഞ്ഞ് ആ സ്ഥാനത്തേക്ക് വന്നത്. തുടർച്ചയായി രണ്ട് തവണയാണ് ഇബ്രാഹിം കുഞ്ഞ് മട്ടാഞ്ചേരിയിൽ നിന്നും ജയിച്ച് കയറിയത്. ആദ്യം തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കൊടുത്ത സത്യവാങ്മൂലവും വർഷങ്ങൾക്കിപ്പുരം മൂന്നാമത് കളമശ്ശേരിയിൽ ഇത്തവന നിൽക്കുമ്പോൾ നല്കിയ സ്വത്ത് വിവരവും പരിശോധിക്കുമ്പോഴാണ് ഗണേശ് ഉൾപ്പടെയുള്ള രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകുന്നത്.

2014ൽ വെളിപ്പെടുത്തിയ സ്വത്ത് പ്രകാരം മൂന്ന് കോടിയോളം രൂപയുടെ സ്വത്തുക്കളാണ് ഇബ്രാഹിംകുഞ്ഞിന്റെ പേരിലുള്ളത്. ആലുവ പെരിയാർ തീരത്തുകൊട്ടാര സദൃശ്യമായ വീടിന് ഇബ്രാഹീം കുഞ്ഞ് കേവലം ലക്ഷങ്ങളുടെ വില മാത്രമാണ് ഇബ്രാഹിംകുഞ്ഞ് രേഖപ്പെടുത്തിയിരിക്കുന്നത്. വീടിന്റെ ഗേറ്റിന് പോലും ലക്ഷങ്ങൾ വിലവരുമെന്നാണ് ആക്ഷേപം. മക്കളുടെ പേരിലുള്ള ബിസിനസും മറ്റും ഇദ്ദേഹത്തിന്റെ സ്വാധീനം കൊണ്ട് ഉണ്ടാക്കിയതാണെന്നാണ് ആക്ഷേപമുണ്ട്. പെട്രോൾ പമ്പും കിടക്ക നിർമ്മാണ ഫാക്ടറിയും വരെ ഇബ്രാഹിംകുഞ്ഞിന്റെ മക്കൾക്കുണ്ട്.

ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസ് പി കെ കുഞ്ഞാലിക്കുട്ടിക്ക് അന്ന് തിരിച്ചടിയായെങ്കിൽ ഇതിന്റെ ഗുണഭോക്താവായതും ഇബ്രാഹികുഞ്ഞായിരുന്നു. അന്ന് പാർട്ടിയിലെ മുതിർന്നവരെയൊക്കെ അവഗണിച്ച് ചെറുപ്പക്കാരനായ ഇബ്രാഹിംകുഞ്ഞിനെ വ്യവസായ വകുപ്പ് ഏൽപ്പിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി ചെയ്തത്. ഇബ്രാഹിം കുഞ്ഞിനെ മുന്നിൽ നിർത്തി കുഞ്ഞാലിക്കുടി വകുപ്പ് ഭരിച്ചത് കേരളത്തിലെ എല്ലാവർക്കും അറിയാം. തന്റെ ഇഷ്ടക്കാരനായി നിന്നതിനുള്ള പ്രതിഫലമായാണ് ഇത്തവണ ഇബ്രാഹിംകുഞ്ഞിന് സുപ്രധാന വകുപ്പായ പൊതുമരാമത്ത് വകുപ്പ് തന്നെ നൽകിയത്. രണ്ട് വകുപ്പുകളും ഭരിക്കുന്നത് കുഞ്ഞാലിക്കുട്ടി തന്നെയാണെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഗണേശ് കുമാർ ആരോപണവുമായി രംഗത്തെത്തിയതും.

പൊതുമരാമത്ത് വകുപ്പിലെ സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് വിജിലൻസ് കേസിൽ സസ്‌പെൻഷനിൽ ആയതിന് പിന്നിൽ ലീഗിന് അകത്തുള്ള അന്തച്ഛിദ്രമാണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. വകുപ്പ് മന്ത്രി അറിയാതെ എങ്ങനെ സെക്രട്ടറിക്ക് അനധികൃത സ്വത്ത് സമ്പാദനം നടത്താനും തീരുമാനങ്ങൾ എടുക്കാനും സാധിക്കുമെന്ന ചോദ്യം അന്നുയർന്നിരുന്നു. കളമശ്ശേരിയിലെ തന്നെ ഒരു വിഭാഗം ലീഗുകാർക്ക് ഇപ്പോൾ ഇബ്രാഹിംകുഞ്ഞിനോട് എതിർപ്പുള്ളവരാണ്.

എന്തായാലും കൂടുതൽ ശക്തമായ തെളിവുകൾ ഗണേശിന്റെ ധപക്കലുണ്ടെങ്കിൽ അത് ജില്ലയിലെ പാർട്ടിക്കുള്ളിലെ കുഞ്ഞിന്റെ എതിരാളികൾ നല്കിയതാകുമെന്ന വിലയിരുത്തലിലാണ് ഇബ്രാഹിംകുഞ്ഞിനോട് അടുപ്പമുള്ളവർ. മന്ത്രിയുടെ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറി എ. നസിമുദ്ദീൻ, സ്‌പെഷ്യൽ െ്രെപവറ്റ് സെക്രട്ടറി എം. അബ്ദുൾ റാഫി, അഡിഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് ഐ. എം. അബ്ദുൾറഹ്മാൻ എന്നിവർക്കെതിരെ ആയിരുന്നു ഗണേശ് ആദ്യം വെടിപൊട്ടിച്ചത്.

മന്ത്രി ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ചിരിക്കുന്ന സ്വത്ത് വിവര സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടും നിക്ഷേപവും സംബന്ധിച്ച് മുഴുവൻ വിവരവും ഉൾപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ആലങ്ങാട്ട് വില്ലേജിൽ മന്ത്രിക്ക് 24 സെന്റ് ഭൂമിയുണ്ട്. ഈ വില്ലേജിൽ തന്നെ മറ്റൊരു 82 സെന്റ് സ്ഥവും ഒരു വീടും ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. ആലുവാ വെസ്റ്റ് വില്ലേജിൽ 12.570 സെന്റ് സ്ഥലവും വീടും ഉണ്ട്. ഇടപ്പള്ളി സൗത്തിൽ മൂന്നുപേരുടെ പേരിൽ മൂന്ന് സെന്റ് സ്ഥലവും മന്ത്രിക്കു വീടും ഉണ്ട്. പൂണിത്തുറ വില്ലേജിൽ 1200 ചതുരശ്രയടി വരുന്ന ഓഫീസാണ് മറ്റൊരു സ്വത്ത്. കൂടാതെ 125 ഗ്രാം സ്വർണം. ഇന്ദിരാ സേവിങ്‌സ് ബോണ്ടായി 20,000 എസ്.ബി.ടിയിൽ 9,72,670 രൂപ നിക്ഷേപം, ട്രഷറിയിൽ 25,64,679 രൂപ നിക്ഷേപം എന്നിങ്ങനെയാണു മന്ത്രിക്കുള്ളത്. 2011ൽ വെളിപ്പെടുത്തിയ സ്വത്ത് വിവരം 71 ലക്ഷമായിരുന്നെങ്കിൽ ഇത് മൂന്ന് കോടിയായി രണ്ട് വർഷം കൊണ്ട് ഉയർന്നിരുന്നു. എന്തായാലും ഗണേശ് ഉയർത്തിയ ആരോപണങ്ങൾക്ക് തെളിവുകൾ നിരത്തി മറുപടി പറയാൻ ഇബ്രാഹിംകുഞ്ഞ് തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.