- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടകടത്തിയിലെ കൂലിപ്പണിക്കാരന് അഥവാ കാർമൽ ഹിൽ മൊണാസ്ട്രിയിലെ തൂപ്പുകാരന് പത്രക്കാരൻ ആയിക്കൂടെ? മറുനാടൻ എഡിറ്ററുടെ ലേഖനം
കഴിഞ്ഞ ദിവസം പ്രസ് ക്ലബിൽ വച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനം നടക്കുന്നതിന് തൊട്ട് മുമ്പ് ചില പത്രക്കാർ തമ്മിൽ ഒരു രഹസ്യ ചർച്ച നടത്തി. പ്രസ് ക്ലബ് ബാർ വിവാദത്തേക്കുറിച്ചായിരുന്നു ആ ചർച്ച. ആ ചർച്ചയ്ക്കിടയിൽ ഒരുപാട് വർഷത്തെ പ്രവർത്തന പരിചയം ഉണ്ട് എന്ന് അവകാശപ്പെടുന്ന ഒരു പത്രലേഖകൻ ഏതാണ്ട് ഉറക്കെ തന്നെ ഈ ലേഖക
കഴിഞ്ഞ ദിവസം പ്രസ് ക്ലബിൽ വച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനം നടക്കുന്നതിന് തൊട്ട് മുമ്പ് ചില പത്രക്കാർ തമ്മിൽ ഒരു രഹസ്യ ചർച്ച നടത്തി. പ്രസ് ക്ലബ് ബാർ വിവാദത്തേക്കുറിച്ചായിരുന്നു ആ ചർച്ച. ആ ചർച്ചയ്ക്കിടയിൽ ഒരുപാട് വർഷത്തെ പ്രവർത്തന പരിചയം ഉണ്ട് എന്ന് അവകാശപ്പെടുന്ന ഒരു പത്രലേഖകൻ ഏതാണ്ട് ഉറക്കെ തന്നെ ഈ ലേഖകനെ ആക്ഷേപിച്ച് ചില കാര്യങ്ങൾ സംസാരിച്ചു. "94 ൽ എന്റെ കൂടെ പഠിച്ചതാണ് ആ നാറി, അവന് ഒരു ഗതിക്ക് പരഗതി ഇല്ലാതെ ആ സെന്റ് ജോസഫ് പ്രസിലെ തൂപ്പ് പണിയായിരുന്നു." ഇങ്ങനെയായിരുന്നു ആ മാന്യദ്ദേഹത്തിന്റെ പരാമർശം. ഈ സംഭവത്തിന് സാക്ഷിയായ ഒരു പത്രലേഖകൻ തന്നെയാണ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞത്.
സുതാര്യമല്ലാത്ത ഭൂതകാലം എന്ന് മാർഷൽ സൂചിപ്പിച്ചത് ഇതാണോ എന്നെനിക്കറിയില്ല. അല്ലെങ്കിൽ സുഹൃത്തെ ഇതൊന്നും മറച്ച് വച്ച് മാന്യൻ ആകാൻ ഞാൻ ഒരിക്കലും തുനിഞ്ഞിട്ടില്ല എന്നറിയുക. ഞാൻ തൂപ്പുകാരനും അതിന് മുൻപ് കൂലിപ്പണിക്കാരനും അതിനും മുൻപ് കവുങ്ങിൽ കയറി പാക്ക് പറിക്കുന്ന ആളും ഒക്കെ ആയിരുന്നു എന്നു പറയുന്നതിൽ എനിക്ക് അഭിമാനം മാത്രമേ ഉള്ളൂ. സാമാന്യം ഭേദപ്പെട്ട റാങ്കോടെ ടെസ്റ്റ് എഴുതി പാസ്സായിട്ടും പ്രസ്സ് അക്കാഡമിയിൽ ജേർണലിസത്തിന് ചേരാതെ തലസ്ഥാനത്തേക്കെത്തി പ്രസ്സ് ക്ലബിൽ ചേർന്നത് ഈ കൂലിപ്പണി ബാക്ക് ഗ്രൗണ്ടു മൂലം ആയിരുന്നു. സ്വന്തം പണം കൊണ്ട് മാത്രമേ പഠിക്കാവൂ എന്ന് കഠിനമായി വിശ്വസിച്ച് പത്താം ക്ലാസ്സിന് ശേഷം പഠനം നിർത്തിയ എനിക്ക് വീട്ടിൽ നിന്നും മാറി ഒരിടത്ത് ചെന്ന് മുഴുവൻ സമയം പഠിക്കുന്ന കാര്യം ആലോചിക്കാനേ പറ്റുമായിരുന്നില്ല. അങ്ങനെ എങ്കിൽ ഡിഗ്രിക്ക് ഒരു താല്പര്യവും ഇല്ലാതെ ബികോം പഠിച്ചതിന് പകരം ഞാൻ പാലായിൽ ചെന്ന് ഹോസ്റ്റലിൽ നിന്നും മലയാളത്തിൽ ഡിഗ്രി എടുക്കുമായിരുന്നു.
പഠന ചെലവ് കണ്ടെത്താൻ ഒരു പാർട്ട് ടൈം ജോലി കിട്ടും എന്ന പ്രതീക്ഷയിൽ ആയിരുന്നു ഞാൻ തലസ്ഥാനത്തേക്ക് വണ്ടി കയറിയത്. എന്നാൽ അതൊരു വെറും സ്വപ്നം മാത്രമാണ് എന്ന് വേഗം തിരിച്ചറിഞ്ഞപ്പോൾ കോട്ടൺ ഹില്ലിലെ സെന്റ് ജോസഫ് പ്രസ്സ് ഉടമകളായ കാർമ്മൽ ഹിൽ മൊണാസ്ട്രിയിലെ വൈദികനായ എന്റെ പിതൃസഹോദരനെ പോയി കണ്ടു ജോലി അന്വേഷിച്ചു. ആകെയുള്ള ജോലി അവിടുത്തെ അടുക്കളയിൽ ആണെന്നും അതിന് എന്നെ നിയമിക്കുന്നതിന് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട് എന്നുമായിരുന്നു അപ്പാപ്പന്റെ നിലപാട്. എന്നാൽ ഞാൻ മറ്റൊരു വൈദികനെ പോയി കണ്ട് അവിടെ അടുക്കളയിൽ ജോലിക്ക് കയറുക ആയിരുന്നു. മൊണാസ്ട്രിയിലെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാൻ കൂടിയും മൊണാസ്ട്രിയുടെ വരാന്ത തുടച്ചും അവരുടെ പറമ്പിൽ പണിയെടുത്തുമാണ് ഞാൻ ആ ഒരു വർഷം മുഴുവൻ ജേർണലിസം പഠിച്ചത്. ഇത് ആരെങ്കിലും അറിയുന്നത് എനിക്ക് നാണക്കേടായിരുന്നെങ്കിൽ സുരേഷ് തോപ്പിലും ജയൻ മേനോനും സുരേഷ് വെള്ളിമംഗലവും ഒന്നും അറിയുകയേ ഇല്ലായിരുന്നു. എന്നാൽ ഞാൻ അതിനെ അഭിമാനമായി കരുതുകയും അക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പ്രസ്സ് ക്ലബിന്റെ അന്നത്തെ ഡയറക്ടർ ആയിരുന്ന മഹനായ പത്ര പ്രവർത്തകൻ എൻആർഎസ് ബാബു, ഇപ്പോഴത്തെ തല മുതിർന്ന പത്ര പ്രവർത്തകരായ ടി എൻ ഗോപകുമാർ, എം ജി രാധാകൃഷ്ണൻ, ഗൗരീദാസൻ നായർ, ബി രമേശ് കുമാർ തുടങ്ങിയവരോട് ചോദിച്ചാൽ പോലും അവർ ഒരു പക്ഷെ ഓർക്കുന്നുണ്ടാവും.
[BLURB#1-VL]മൊണാസ്ട്രിയിലെ സൈക്കിളിൽ ആയിരുന്നു ഞാൻ പ്രസ്സ് ക്ലബിലേക്ക് വന്നിരുന്നത്. ആവശ്യത്തിന് സമയം ഉള്ളത് കൊണ്ട് പ്രസ്സ് ക്ലബിൽ എത്തി സർവ്വ പത്രങ്ങളും വായിച്ചു കുറിപ്പെഴുതിയാണ് ജേർണലിസത്തിന്റെ ബാല പാഠങ്ങൾ അഭ്യസിച്ചത്. അതേ സൈക്കിളിൽ നടന്നായിരുന്നു എൻ മോഹനനെയും കുരീപ്പുഴ ശ്രീകുമാറിനെയും നീലംപേരൂർ മധുസൂദനനെയും സതീഷ് ബാബു പയ്യന്നൂരിനെയും പ്രഭാ വർമ്മയെയും പോലെയുള്ള സർവ്വാദരണീയനായ മനുഷ്യരുടെ ഹൃദയത്തിൽ ഞാൻ ഇടം പിടിച്ചത്. കാർമ്മൽ ഹിൽ മൊണാസ്ട്രിയിൽ തൂപ്പ് പണി ചെയ്തായിരുന്നു ദേശാഭിമാനി മുതൽ മാതൃഭൂമി വരെയുള്ള പത്രങ്ങളുടെ സൺഡേ സപ്ലിമെന്റുകളിലും വനിത മുതൽ കലാകൗമുദി വരെയുള്ള പ്രസിദ്ധീകരണങ്ങളിലും ഞാൻ എഴുതിയിരുന്നത്. ഇതിനൊക്കെ വെറും 20 വർഷത്തെ പഴക്കമേ ഉള്ളൂ. അന്ന് എന്റെ കൈ പിടിച്ച് മുൻപോട്ട് നയിച്ചവരിൽ എൻ മോഹനനെ പോലെ ഒന്നോ രണ്ടോ പേര് മാത്രമേ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ടുള്ളൂ. തലസ്ഥാനത്തെ ഏറ്റവും ആദരണീയരായ പത്രപ്രവർത്തകരായ ബിആർപി ഭാസ്‌കർ സാറിനോടും എൻആർഎസ് ബാബു സാറിനോടും മാത്രം ചോദിച്ചാൽ നിങ്ങൾക്ക് എന്റെ ആ ഭൂത കാലത്തെ കുറച്ച് ധാരണ ലഭിക്കും.
അതിനും ഒരു വർഷം മുൻപ് ഡിഗ്രി പഠനം കഴിഞ്ഞ ഉടൻ തന്നെ ഒരു മാസികയിൽ ജോലിക്ക് പ്രവേശിച്ചിരുന്നു. ആ ജോലി ഉപേക്ഷിച്ച് പാതി സന്യാസത്തിന്റെ പാഠങ്ങൾ തേടി അലഞ്ഞ സമയത്തായിരുന്നു എന്റെ ജേർണലിസം പഠനം. ആറ് വർഷം എന്റെ ഗ്രാമത്തിൽ ഒരു കൂലിപ്പണിക്കാരനായി കഴിഞ്ഞ ശേഷമാണ് ഞാൻ ഒരു വർഷത്തെ യാത്രയ്ക്ക് ശേഷം തലസ്ഥാനത്ത് തൂപ്പുകാരനായി എത്തിയത്. പത്താം ക്ലാസ്സ് കഴിഞ്ഞ വർഷം മുതൽ ഡിഗ്രി കഴിഞ്ഞത് വരെയുള്ള കാലം ആയിരുന്നു എന്റെ കൂലിപ്പണിയുടെ നാളുകൾ. ആ കൂലിപ്പണിയുടെ നാളുകൾക്കും മുൻപ് എനിക്കൊരു തേങ്ങ ഇടീലുകാരന്റെയും പാക്ക് പറിക്കൽകാരന്റെയും ഭൂതകാലം കൂടി ഉണ്ട്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ എന്റെ പിതാവിന്റെ പുരയിടത്തിലെ തെങ്ങിൽ കയറി തേങ്ങ പിരിച്ചിരുന്നതും കവുങ്ങിൽ കയറി പാക്ക് പറിച്ചിരുന്നതും ഞാൻ തന്നെ ആയിരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ അനേകം കവുങ്ങിൽ കയറി പാക്ക് പറിച്ചതിന്റെ തീ തഴമ്പുമായാണ് ഞാൻ പിന്നീടുള്ള എന്റെ പഠന കാലം മുൻപോട്ട് നയിച്ചത്. ഇതൊക്കെ അതിശയോക്തിയായി തോന്നുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചത് പോലെ ഇടകടത്തിയിൽ ചെന്ന് അന്വേഷിക്കുക. പുതിയ തലമുറയിലെ കുട്ടികൾ പോലും അത് പറഞ്ഞ് തരും.
വാസ്തവത്തിൽ കൂലിപ്പണി എടുത്ത് ജീവിക്കാൻ മാത്രം ദരിദ്രമായിരുന്നില്ല എന്റെ ചുറ്റുപാടുകൾ. ലാവിഷായി ജീവിക്കാനുള്ള സ്വത്തുക്കൾ ഒന്നും ഇല്ലെങ്കിലും ഞങ്ങളുടെ വിദ്യാഭ്യാസ ജീവിതച്ചെലവുകൾ നടത്താൻ അച്ചായനും അമ്മയ്ക്കും കഴിയുമായിരുന്നു. എന്നാൽ ഏഴു മക്കളിൽ ആദ്യ ആൾ കന്യാസ്ത്രീയും രണ്ടാമത്തെ ആൾ അച്ചനും മൂന്നാമത്തെ ആൾ അഞ്ചാറു വർഷം സെമിനാരിയിൽ പഠിച്ച് ജോലിയില്ലാതെ നിൽക്കുകയും ചെയ്തതോടെ മക്കളെക്കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകും എന്ന പ്രതീക്ഷ അച്ചായന് ഇല്ലാതായിത്തീർന്നു. അതുകൊണ്ട് തന്നെ പറമ്പിലെ പണികളിൽ സഹായിക്കാൻ ആൺമക്കളിൽ ഒരാൾ നിൽക്കുന്നതിനോട് അച്ചായന് വിയോജിപ്പില്ലായിരുന്നു. അച്ചായന്റെ പണം കൊണ്ട് പഠിക്കുന്നത് മര്യാദ കേടാണെന്ന തോന്നൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴേ എനിക്ക് കലശ്ശലായതു കൊണ്ട് കാര്യങ്ങൾ എളുപ്പമായി.
സ്‌കൂളിൽ പോകുന്ന വഴിക്കുള്ള വായനശാലയിൽ സ്ഥിരമായി സന്ദർശിച്ചിരുന്നത് കൊണ്ട് അക്കാലം മുതൽ വായനയോട് താല്പര്യം ഉണ്ടായിരുന്നു. ഈ വായന എനിക്ക് വിപ്ലവ വിശ്വാസങ്ങളോട് താല്പര്യം ജനിപ്പിച്ചു. കേരള കാതലിക് സ്റ്റുഡന്റ്‌സ് ലീഗിന്റെ രൂപതാ സെക്രട്ടറിയായി വരെ പ്രവർത്തിച്ചിട്ടുള്ള ഞാൻ വിദ്യാഭ്യാസ കാലത്ത് എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും പ്രവർത്തിച്ചതിന്റെ കാരണവും ഈ വായനാശാല തന്നെ ആകാം. [BLURB#2-VR]
ഞങ്ങളുടെ പറമ്പിൽ എനിക്കും അച്ചായനും മുഴുവൻ സമയം പണിയാൻ ജോലി ഇല്ല എന്നു തിരിച്ചറിഞ്ഞപ്പോഴാണ് ഞാൻ കൂലിപ്പണിയെക്കുറിച്ച് ചിന്തിക്കുന്നത്. ഞങ്ങളുടെ നാട്ടിൽ അന്ന് ഒറ്റയ്ക്ക് താമസിച്ചിരുന്ന ആന്റണിച്ചേട്ടന്റെ പറമ്പിലാണ് ഞാൻ ആദ്യം പണിക്ക് പോകുന്നത്. (ഈ ചേട്ടൻ കഴിഞ്ഞ മാസമാണ് മരിച്ചത്) 1987 ലാണ് ഇത്. അന്ന് ദിവസക്കൂലി 20 രൂപയും ഭക്ഷണവും ആയിരുന്നു. കാടുവെട്ടിയും, റബ്ബറിന്റെ പ്ലാറ്റ്‌ഫോം വെട്ടിയും, ചാണകം ചുമന്നും, മൈയ്ക്കാട് പണി ചെയ്തും ഒക്കെ പെട്ടന്ന് ഞാൻ തിരക്കുള്ള കൂലിപ്പണിക്കാരനായി മാറി.
ഇതിനിടയിൽ ഞാൻ ഒരു ബിസിനസ്സും തുടങ്ങി. പമ്പയാറിന്റെ തീരത്ത് വെറുതേ കുമിഞ്ഞ് കൂടി കിടക്കുന്ന മണൽ ചാക്കിൽ വാരി തലയിൽ ചുമന്ന് റോഡിൽ കൊണ്ടിട്ട ശേഷം വണ്ടി വിളിച്ച് ആവശ്യക്കാർക്ക് മണൽ എത്തിക്കുന്ന പരിപാടി ആയിരുന്നു അത്. ഇപ്പോൾ എനിക്ക് അതിൽ ചെറിയ നിരാശ ഇല്ലാതില്ല. ഞാൻ തുടങ്ങി വച്ച കൈത്തൊഴിൽ പിന്നീട് ഒരു വ്യവസായമായി മാറുകയും അങ്ങോട്ട് റോഡ് പണിത് ഞങ്ങളുടെ തീരത്തെ മണൽ മുഴവൻ ചിലർ കൊള്ളയടിക്കുകയും ചെയ്തു. ഒരുപാട് സന്ധ്യകളിൽ സ്വപ്നം കണ്ടിരുന്നു മണൽകൂമ്പാരം പാടെ പോയതിന്റെ വേദന! ഞാൻ കൂലിപ്പണി ചെയ്യാൻ തുടങ്ങിയതോടെ നാണക്കേടു മൂലം മടിച്ചു നിന്നിരുന്ന ഒട്ടേറെ ചെറുപ്പക്കാർ കൂലിപ്പണിക്കിറങ്ങി. മണൽ വാരലും റബ്ബറിന് തുരിശ്ശടിയും ഞങ്ങൾ കൂട്ടമായി ചെയ്യുന്ന രീതിയിലേക്കു മാറി. എന്റെ നാട്ടിലെ ചെറുപ്പക്കാരുടെ തൊഴിലിനോടുള്ള രീതി മാറ്റാൻ എന്റെ കൂലിപ്പണി കാരണമായതിൽ എനിക്ക് അഭിമാനം തോന്നി.
വാസ്തവത്തിൽ എനിക്ക് കിട്ടുന്ന പണം എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. ഞാൻ കൂലിപ്പണി ചെയ്യുന്ന പണം വീട്ടുകാർക്ക് വേണ്ട. എനിക്കും ഇത്രയും പണത്തിന്റെ ആവശ്യമില്ല. അക്കാലത്ത് കഷ്ടപ്പെടുന്നവർക്കും വേദന അനുഭവിക്കുന്നവർക്കും വേണ്ടി ചില കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞത് അങ്ങനെ കിട്ടിയ പണം കൊണ്ടാണ്. ഇതിന്റെ വിശദാംശങ്ങൾ പറഞ്ഞാൽ ആ പുണ്യം എനിക്ക് നഷ്ടമാകും എന്നത് കൊണ്ട് അതേക്കുറിച്ച് ഞാൻ പറയുന്നില്ല. പിൽക്കാലത്ത് നർമ്മദയിൽ പോയി മേധാജിയോടൊപ്പം കഴിയാനും ഗുജറാത്തിലെയും മഹാ രാഷ്ട്രയിലെയും ആദിവാസികളുടെ ജീവിതം അടുത്തറിയാനും തലസ്ഥാനത്തെ സ്ത്രീ മൂവ്‌മെന്റുകളുമായി സഹകരിക്കാനും ഒക്കെ പ്രചോദനമായത് ഈ ജീവിതഘട്ടം ആണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
പിറ്റേ വർഷം ഞാൻ കൂലിപ്പണി ചെയ്ത് ഉണ്ടാക്കിയ പണം ഉപയോഗിച്ച് വാങ്ങിയ വസ്ത്രങ്ങൾ ധരിച്ച് ഫീസ് അടച്ച് ഞാൻ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. പഠനത്തോടെ കൂലിപ്പണിയോട് വിടപറയാനായിരുന്നു എന്റെ ചിന്ത. എങ്കിലും അറിയപ്പെടുന്ന ഒരു കൂലിപ്പണിക്കാരനെ വിട്ടുകളയാൻ നാട്ടുകാർ തയ്യാറായിരുന്നില്ല. ഞാൻ പണിയെടുത്തിരുന്ന പലരും നിരന്തരമായി നിർബന്ധിച്ചത് കൊണ്ട് എന്റെ പഠനകാലത്ത് മുഴുവൻ എനിക്കിത് തുടരേണ്ടി വന്നു. മിക്ക വീക്കെന്റുകളിലും ഞാൻ എവിടെയെങ്കിലും പണിയിൽ ആയിരിക്കും. പണി തീർക്കാൻ വേണ്ടി ചില ദിവസങ്ങളിൽ കോളേജിൽ പോലും പോകാൻ എനിക്ക് കഴിഞ്ഞില്ല. ഡിഗ്രി കഴിഞ്ഞ് ഒരു മാസികയിൽ ജോലിയുമായി നാട് വിടുന്നതുവരെ ഞാൻ കൂലിപ്പണിക്കാരനായി തുടർന്നു.
ഇപ്പോഴും ഞാൻ ഓർക്കുന്നു. ഒരു ദിവസം കോളേജിൽ നിന്നെത്തി നാട്ടിൽ ഇറങ്ങിയപ്പോൾ അവിടെ ഒരു ചേട്ടൻ ഓടി നടക്കുന്നു. ഒരു ലോഡ് സിമന്റ് ഇറക്കിയിരുന്നു. റോഡിൽ നിന്നും അയാളുടെ വീടുവരെ എതാണ്ട് ഒരു കിലോമീറ്റർ മലകേറി ചുമന്നു കൊണ്ടു വേണം പോകാൻ. ആകെ ഒരാളെ മാത്രമാണ് ചുമക്കാൻ കിട്ടിയത്. മഴ പെയ്താൽ സിമന്റ് നനഞ്ഞു പോകും. പാന്റ്‌സും ഷർട്ടുമൊക്കെ ഊരിവച്ച് ആ ചേട്ടന്റെ കയ്യിൽ നിന്നും തോർത്ത് വാങ്ങിയുടുത്ത് ഞാൻ സിമെന്റ് ചുമന്നു. [BLURB#3-H]
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എനിക്കു വല്ലാത്ത അഭിമാനം ഈ നാളുകളെ ഓർത്ത് തോന്നാറുണ്ട്. ജീവിതത്തിൽ ഞാൻ അല്പമെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിൽ അക്കാലത്ത് എനിക്ക് ലഭിച്ച ധൈര്യമാണ് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. കവുങ്ങിലും തെങ്ങിലും കയറാൻ അറിയാമായിരുന്ന ഞാൻ ഒന്നാന്തരം റബ്ബർ വെട്ടുകാരനും ചുമട്ടുകാരനും ആയിരുന്നു. ദൈവം ആരോഗ്യം തന്നാൽ ഇന്നും ഇതിൽ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാം എന്ന ആത്മവിശ്വാസം എനിക്കുണ്ട്. ഇന്ന് എന്റെ ഭാവിയും വർത്തമാനവും ഒട്ടും സുതാര്യമല്ല എന്ന് പറയുന്നവർക്ക് വേണ്ടി മാത്രമാണ് ഞാൻ ഇത് തുറന്നെഴുതുന്നത്. നുണക്കഥകൾ കൊണ്ട് ചിലർ എന്റെ ജീവിതത്തെ വേട്ടയാടാൻ ശ്രമിക്കുമ്പോഴും ഞാൻ ധീരനായിരിക്കുന്നത് തെങ്ങ് കയറാനും റബ്ബർ വെട്ടാനും വരെ പരിശീലനം സിദ്ധിച്ച ഒരു വ്യക്തി എന്ന നിലയിൽ തന്നെയാണ്. ആ എനിക്ക് ദൈവം ആരോഗ്യം തരുന്നിടത്തോളം കാലം പട്ടിണി കിടക്കേണ്ടി വരില്ല എന്ന ആത്മവിശ്വാസം ഉണ്ട്. ആ ആത്മവിശ്വാസം മാത്രം മതി, എനിക്ക് ഈ ഭീഷണിയെ അതിജീവിക്കാൻ.
(കൂലിപ്പണിക്കാരൻ എങ്ങനെയാണ് പത്രമുടമയായത് - അക്കഥ നാളെ)