- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവച്ചേക്കുമെന്ന് സൂചന; മാറി നിൽക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുകൾ; ഇത്രയും അപമാനങ്ങൾ സഹിച്ച് പാർട്ടിയിൽ തുടരാനാവില്ലെന്ന് സോണിയയെ അറിയിച്ച് അമരീന്ദറും; 40 എംഎൽഎമാരുടെ കത്തിൽ പഞ്ചാബിന്റെ ക്യാപ്ടൻ പടിയിറങ്ങുമോ?
ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിൽ കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രി അമരീന്ദർ സിംഗിനെതിരെ 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്തയച്ചതോടെ അദ്ദേഹം രാജിവെക്കുമെന്നാണ് സൂചനകൾ. അമരീന്ദറിനോട് മാറി നിൽക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടെന്നാണ് സൂചന. അമരീന്ദറിനെ മാറ്റണം എന്നാവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. നിയമസഭ കക്ഷി യോഗം വൈകീട്ട് ചേരും. അമരീന്ദർ സിങ് സോണിയ ഗാന്ധിയുമായി സംസാരിച്ചു. അപമാനം സഹിച്ച് പാർട്ടിയിൽ തുടരണോയെന്നാണ് അമരീന്ദർ സിംഗിന്റെ നിലപാട്.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനിൽക്കാൻ അമരീന്ദറിനോട് ഹൈക്കമാൻഡ് നിർദേശിച്ചതായാണ് സൂചന. ശനിയാഴ്ച വൈകിട്ട് കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. നിർണായക നിയമസഭ കക്ഷി യോഗത്തിൽ അമരീന്ദറിന്റെ രാജിയുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകുമെന്നാണ് വിവരം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതിനാൽ സംസ്ഥാനത്ത് ശക്തമായ നേതൃത്വ മാറ്റത്തിനും ഈ യോഗം കാരണമായേക്കും.
'ഇത്തരത്തിലുള്ള അപമാനം സഹിച്ച് മതിയായി, മൂന്നാം തവണയാണ് ഇത് സംഭവിക്കുന്നത്. ഇത്തരം അപമാനങ്ങൾ സഹിച്ച് ഇനിയും പാർട്ടിയിൽ തുടരാനാകില്ല' -അമരീന്ദർ സോണിയയെ അറിയിച്ചതായി അടുത്ത വൃത്തങ്ങൾ പറയുന്നു. നിരവധി എംഎൽഎമാർ അമരീന്ദറിന്റെ മാറ്റം ആവശ്യപ്പെട്ട് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. പുതിയ നേതൃത്വം സംസ്ഥാനത്ത് വേണമെന്നാണ് ആവശ്യം. കൂടാതെ നവ്‌ജ്യോത് സിങ് സിദ്ദുവും അമരീന്ദറിനെതിരെ പടയൊരുക്കം നടത്തിയിരുന്നു.
സുനിൽ ജാക്കർ, മുൻ പഞ്ചാബ് കോൺഗ്രസ് തലവൻ പ്രതാപ് സിങ് ബജ്‌വ, രവ്‌നീത് സിങ് ബിട്ടു തുടങ്ങിയ പേരുകളാണ് പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പാർട്ടി എംഎൽഎമാരുടെ യോഗം സെപ്റ്റംബർ 18ന് വൈകീട്ട് അഞ്ചുമണിക്ക് വിളിച്ചുച്ചേർത്തിട്ടുണ്ട്. മന്ത്രിമാരടക്കം നിരവധി എംഎൽഎമാർ മുഖ്യമന്ത്രി അമരീന്ദറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി വിയോജിപ്പുള്ള മന്ത്രിമാർ ക്യാബിനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
അതേസമയം പഞ്ചാബിൽ അമരീന്ദർ സിങിന്റെ കീഴിൽ തന്നെയായിരിക്കും അടുത്ത നിയമസഭാതെരഞ്ഞെടുപ്പ് നേരിടുകയെന്ന് ഹരീഷ് റാവത്ത് വ്യക്തമാക്കുകയും ചെയ്തിരുന്നു. സിദ്ദുവിന് റാവത്തിന്റെ പ്രസ്താവന കനത്ത തിരിച്ചടിയായിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ സിദ്ദുവും മുഖ്യമന്ത്രി അമരീന്ദറുമായുള്ള അധികാര വടംവലി ശക്തമായിരുന്നു. അടുത്ത വർഷമാദ്യം നിയമസഭാതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സംസ്ഥാനത്ത് കോൺഗ്രസിനെ ഇരുവരും തമ്മിലുള്ള ഭിന്നത കടുത്ത പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പാർട്ടി എംഎൽഎമാരുടെ യോഗം ഇന്ന് വിളിച്ചുച്ചേർക്കാൻ ഹൈക്കമാന്റ് തീരുമാനിച്ചിരിക്കുന്നത്.
മറുനാടന് ഡെസ്ക്