തിരുവനന്തപുരം: നിരവധിപേരെ ഉപയോഗിച്ച് പയറ്റിയിട്ടും കരകയറാത്ത ആനവണ്ടിയെ രക്ഷിക്കാൻ പിണറായിയുടെ വിശ്വസ്തനായ ടോമിൻ തച്ചങ്കരി എന്ന സീനിയർ ഐപിഎസ് ഉദ്യോഗസ്ഥന് കഴിയുമോ? ഫയർഫോഴ്സിന്റെ ചുമതലയിൽ നിന്ന് എഡിജിപി ടോമിൻ തച്ചങ്കരിയെ കെഎസ്ആർടിസിയുടെ ചെയർമാൻ കം മാനേജിങ് ഡയറക്ടറായി നിയമിക്കുമ്പോൾ കോർപ്പറേഷനെ രക്ഷിക്കാനുള്ള ഏറ്റവും അവസാനത്തെ കടുംകൈ പ്രയോഗത്തിന് എന്ന് സൂചന.

ഏത്ര ചികിത്സിച്ചിട്ടും രക്ഷപ്പെടാത്ത രോഗിയാണ് ഇപ്പോൾ കോർപ്പറേഷൻ. സാധാരണ രീതിയിലുള്ള മരുന്നൊന്നും ഫലിക്കുന്നില്ല. അതിനാൽ ഒരു അറ്റകൈ പ്രയോഗത്തിന് കോപ്പുകൂട്ടുകയാണ് സർക്കാർ. പല തലങ്ങളിൽ അഴിച്ചുപണി നടത്തിയും രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കാൻ യൂണിയനുകളെ ഒതുക്കിയും കടുത്ത പ്രയോഗങ്ങൾ വേണ്ട നിലയിലാണ് കാര്യങ്ങൾ. ഇതിനായി യോജിച്ച കക്ഷിയാണ് കാര്യങ്ങൾ കടുപ്പത്തിൽ നീക്കുന്ന തച്ചങ്കരി. പിണറായിയുടെ വിശ്വസ്തൻ എന്ന നിലയിൽ തന്നെ അറിയപ്പെടുന്നതിനാൽ തച്ചങ്കരിയുടെ ഭരണം കടുക്കുമെന്ന ചർച്ചകൾ ഇപ്പോൾ തന്നെ കെഎസ്ആർടിസിയിൽ ഉയർന്നുകഴിഞ്ഞു.

മുൻ സർക്കാർ നിയോഗിച്ചിരുന്ന ആന്റണി ചാക്കോയെ എംഡി സ്ഥാനത്തുനിന്ന് മാറ്റി രാജമാണിക്യത്തെ ആണ് പിണറായി സർക്കാർ ആദ്യം കോർപ്പറേഷന്റെ ചുമതല ഏൽപിക്കുന്നത്. കാര്യങ്ങൾ നല്ല നിലയിൽ നീക്കിയും ഡബിൾ ഡ്യൂട്ടി സമ്പ്രദായം നിർത്തലാക്കിയും അനാവശ്യമായി ജോലി സമയം ചെലവഴിക്കുന്ന സാഹചര്യങ്ങൾ മാറ്റിയുമെല്ലാം നിരവധി പരിഷ്‌കാരങ്ങൾ രാജമാണിക്യം കൊണ്ടുവന്നു. എന്നാൽ ഇതെല്ലാം ഭരണകക്ഷി യൂണിയനുകൾക്ക് ഉൾപ്പെടെ പണികിട്ടുന്ന കാര്യങ്ങളായിരുന്നു. യൂണിയൻ നേതാക്കൾ ചമഞ്ഞ് പണിയെടുക്കാതെ നടന്നിരുന്ന പലരും വിയർക്കേണ്ടിവരും എന്ന സ്ഥിതി വന്നതോടെ രാജമാണിക്യത്തിന് എതിരെ കരുക്കൾ നീക്കിത്തുടങ്ങി.

അങ്ങനെയാണ് രാജമാണിക്യത്തെ മാറ്റേണ്ട സാഹചര്യം ഉണ്ടായതും. പിന്നീടാണ് ഹേമചന്ദ്രൻ വരുന്നത്. ഹേമചന്ദ്രനെ ഉപയോഗിച്ച് സർക്കാരിന് കാര്യങ്ങൾ നീക്കുക അത്ര എളുപ്പമായില്ലെന്ന് മാത്രമല്ല, വലിയ പ്രതിഷേധങ്ങൾ ഉദ്യോസ്ഥരിൽ നിന്ന് ഉണ്ടാവുകയും ചെയ്തു. കോർപ്പറേഷൻ നവീകരണത്തോടൊപ്പം, സുശീൽഖന്ന റിപ്പോർട്ട് നടപ്പിലേക്കേണ്ട ഉത്തരവാദിത്വം നിർവഹിച്ചുവരുന്നതിൽ ഒട്ടൊക്കെ വിജയിച്ചിരുന്നു രാജമാണിക്യം. അദർ ഡ്യൂട്ടിയും ട്രേഡ് യൂണിയൻ ഇടപെടലും ഒഴിവാക്കിയും അവധികൾ നിയന്ത്രിച്ചും മുന്നേറുന്നതിനിടെ ഒരു വർഷത്തിനകം സ്ഥാനം മാറി ഹേമചന്ദ്രനെത്തി.

ഇതിന് പുറമെയാണ് ഇടതുസർക്കാർ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാർ മാറിയ സാഹചര്യം അടിക്കടി ഉണ്ടായത്. എൻസിപി കൈകാര്യം ചെയ്യുന്ന വകുപ്പിൽ തേൻകെണിയിൽ കുടുങ്ങി ശശീന്ദ്രൻ മാറി തോമസ് ചാണ്ടി വന്നു. പിന്നീട് തോമസ് ചാണ്ടി മാറി ശശീന്ദ്രനും. ഇതിന് ഇടയ്ക്ക് മുഖ്യമന്ത്രി പിണറായിയുടെ ചുമതലയിലുമായി വകുപ്പ്. ഇത്തരത്തിൽ ഭരണച്ചുമതലകൾ മന്ത്രിസ്ഥാനത്തും എംഡി സ്ഥാനത്തും മാറിമാറി വന്നതോടെ നേരത്തെ തന്നെ കയ്യാലപ്പുറത്തായിരുന്ന കോർപ്പറേഷൻ കൂടുതൽ കടുത്ത നിലയിലേക്ക് കൂപ്പുകുത്തി.

ഈ സ്ഥിതിക്കെല്ലാം പരിഹാരം എന്ന നിലയ്ക്കാണ് ഇപ്പോൾ അവസാന വട്ട ശ്രമമെന്ന നിലയിൽ ഒരുവട്ടംകൂടി കോർപ്പറേഷനെ രക്ഷിക്കാനാകുമോ എന്ന് നോക്കാൻ പിണറായി സർക്കാർ ഒരുങ്ങുന്നത്. ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചും സഹകരണ ബാങ്കുകളെ കൂടി ഉൾപ്പെടുത്തിയും 1500 കോടിയിലേറെ രൂപ മുടക്കിയുള്ള പാക്കേജാണ് കെഎസ്ആർടിസിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ ഘടകക്ഷിയുടെ വകുപ്പിൽ തങ്ങളുടെ ഇഷ്ടക്കാരനായ ഒരാൾ വേണമെന്ന സിപിഎം താൽപ്പര്യമാണ് ടോമിൻ തച്ചങ്കരിയിലേക്ക് അന്വേഷണം എത്തി നിൽക്കാൻ കാരണം.

കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ സ്ഥാനം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തച്ചങ്കരിയോട് നേരിട്ടാവശ്യപ്പെടുകയും കടുത്ത നടപടികൾ തന്നെ സ്വീകരിച്ച് സമഗ്ര പരിഷ്‌കരണം സ്ഥാപനത്തിൽ നടപ്പാക്കാൻ നിർദേശിക്കുകയുമായിരുന്നു. സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്ര പുനഃസംഘടനയ്ക്കുള്ള നടപടികളും നടന്നുവരുന്നതിനിടെ ഇതിന് ഊർജം പകരാനും മുൻനിരയിൽ നിന്ന് ചുക്കാൻ പിടിക്കാനും തച്ചങ്കരിയെ പോലൊരു ഉദ്യോഗസ്ഥനേ കഴിയൂ എന്നാണ് വിലയിരുത്തൽ. തച്ചങ്കരിയെ ചുമതലയേൽപ്പിക്കാനുള്ള നീക്കം. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലാക്കുക എന്ന വെല്ലുവിളിയായിരിക്കും അദ്ദേഹത്തിന് മുന്നിലുള്ളത്.

ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചു നടത്തുന്ന ഈ നീക്കംകൂടി പരാജയപ്പെട്ടാൽ പിന്നെ കെഎസ്ആർടിസി അടച്ചുപൂട്ടുകയോ പൂർണമായും സ്വകാര്യവൽക്കരിക്കുകയോ ചെയ്യേണ്ടിവരും. ഈ സാഹചര്യത്തിലാണ് പിണറായിയുടെ പുതിയ നീക്കം. അതിനാൽ ഈയൊരു ശ്രമംകൂടി പരാജയപ്പെട്ടാൽ ആനവണ്ടി പിന്നെ ഉണ്ടാവില്ല. ഹിറ്റ്‌ലറുടെ ആത്മകയായ മീൻകാഫ് തനിക്കേറ്റവും ഇഷ്ടമാണെന്ന് പലഘട്ടത്തിലും പറഞ്ഞിട്ടുള്ളയാളാണ് തച്ചങ്കരി. ഇവിടെ ഹിറ്റ്‌ലർ രീതിയിൽ പ്രയോഗങ്ങൾ തച്ചങ്കരിയിൽ നിന്ന് ഉണ്ടായാലേ കോർപ്പറേഷൻ രക്ഷപ്പെടൂ എന്നാണ് സർക്കാരിന്റേയും കണക്കുകൂട്ടൽ. ഉടൻ തന്നെ കെഎസ്ആർടിസിയിൽ സമഗ്രമായ അഴിച്ചുപണി ഉണ്ടാവുമെന്നാണ് സൂചനകൾ.

സാധാരണഗതിയിലുള്ള തന്ത്രങ്ങളിലൂടെ ഇനി സ്ഥാപനത്തെ രക്ഷിക്കാനാവില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. തന്ത്രങ്ങൾ മാത്രംപോരാ കുതന്ത്രങ്ങൾതന്നെ വേണമെന്ന നിലയിലാണ് ചർച്ചകൾ നീങ്ങുന്നത്. ഇതിന് പറ്റിയ ആളെന്ന നിലയിലും സർക്കാരിന്റെ വിശ്വസ്തനെന്ന നിലയിലും തച്ചങ്കരി തന്നെ മതിയെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചത്്. ഇതോടെയാണ് ഇന്നലെ തച്ചങ്കരിയുടെ നിയമനം മന്ത്രിസഭ പ്രഖ്യാപിച്ചത്. കോടതി വിധിയെ തുടർന്ന് ഡിജിപിയായി സെൻകുമാറിനെ നിയമിക്കേണ്ടിവന്ന സാഹചര്യമാണ് പിണറായി അധികാരമേറ്റതിന് പിന്നാലെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന്. അതിന് പരിഹാരം കണ്ടത് മുഖ്യമന്ത്രി തച്ചങ്കരിയിലൂടെയായിരുന്നു.

പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി തച്ചങ്കരി നിയമിതനായതോടെ സെൻകുമാറിന്റെ നീക്കങ്ങൾ കൃത്യമായി വീക്ഷിക്കാനും ഇടപെടാനും സർക്കാരിന് വഴിയൊരുങ്ങി. തച്ചങ്കരി ഗുരുതരമായ അച്ചടക്ക ലംഘനം നത്തിയെന്നും നിർണായക വിവരങ്ങൾ ചോർത്തിയെന്നുംവരെ സെൻകുമാർ റിപ്പോർട്ട് നൽകുന്നതിലേക്കുവരെ കാര്യങ്ങൾ എത്തി. പൊലീസ് ആസ്ഥാനത്തുവച്ച് സെൻകുമാർ തന്നെ കയ്യേറ്റം ചെയ്‌തെന്ന് തച്ചങ്കരിയും പരാതിപ്പെടുന്നതിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു.

ഇത്തരത്തിൽ ആരെയും നേരിടാനുള്ള ചങ്കൂറ്റമുണ്ട് തച്ചങ്കരിക്ക് എന്നതുതന്നെയാണ് കെഎസ്ആർടിസിയുടെ നേതൃത്വം അദ്ദേഹത്തെ ഏൽപിക്കാൻ പിണറായിയെ പ്രേരിപ്പിച്ചത്. സ്ഥാപനത്തെ രക്ഷിക്കാൻ ഏതുതന്ത്രവും പയറ്റാനാണ് അനുമതി നൽകിയിട്ടുള്ളത്. അതിനാൽ കടുത്ത നടപടികൾ വരുംദിവസങ്ങളിൽ തന്നെ ഉണ്ടാകുമെന്നാണ് സൂചനകൾ. സ്ഥാപനത്തെ രക്ഷിക്കാനുള്ള ഈ ശ്രമംകൂടി പരാജയപ്പെട്ടാൽ പിന്നെ അടച്ചപൂട്ടുകയേ രക്ഷയുള്ളൂ എന്ന സന്ദേശമാണ് ഇപ്പോൾ സർക്കാർ നൽകുന്നതെന്നാണ് അറിയുന്നത്.