- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ വിദ്യാർത്ഥികളെ വലവീശിപ്പിടിക്കാൻ ഇന്ത്യാക്കാർ തന്നെ വിദേശരാജ്യങ്ങളിൽ വ്യാജ കോളേജുകളും യൂണിവേഴ്സിറ്റികളും നടത്തുന്നു; കാനഡയിൽ അടച്ചു പൂട്ടിയത് മൂന്ന് കോളേജുകൾ; സ്റ്റുഡന്റ് വിസയ്ക്കായി ലക്ഷങ്ങൾ മുടക്കും മുൻപ് മലയാളി വിദ്യാർത്ഥികൾ കരുതലെടുക്കുക
വിദേശരാജ്യങ്ങളിൽ പഠനം നടത്തുക എന്നത് ഓരോ ഇന്ത്യൻ വിദ്യാർത്ഥിയുടെയും അഭിലാഷമാണ്. വികസിത രാജ്യങ്ങളിലെ, ഏറെ മുന്നേറിയ വിദ്യാഭ്യാസം അവരെ ജീവിതത്തിൽ ഉന്നതങ്ങളിൽ എത്തിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഒരു പരിധിവരെ അത് ശരിയുമാണ്. എന്നാൽ, വിദേശ വിദ്യാഭ്യാസത്തിനായി തുനിഞ്ഞിറങ്ങുന്നതിനു മുൻപ് ചില കാര്യങ്ങളിൽ മുൻകരുതലെടുത്താൽ പിന്നീട് ദുഃഖിക്കേണ്ടി വരില്ല.
കാനഡയിൽ ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഒരു തീരുമാനമെടുക്കുന്നതിനു മുൻപ് അവർ പഠിക്കാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പു വരുത്തണമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ നിർദ്ദേശിക്കുന്നു. സ്ഥാപനത്തിന്റെ രേഖകളും മറ്റും നല്ലവണ്ണം പരിശോധിച്ചതിനു ശേഷം മാത്രം അന്തിമ തീരുമാനത്തിലെത്തുക.
റൈസിങ് ഫീനിക്സ് ഇന്റർനാഷണൽ ഐ എൻ സി എന്ന സ്ഥാപനം നടത്തിയിരുന്ന, മോൺട്രിയലിലെ എം കോളേജ്, ഷേർബ്രൂക്കിലെ സി ഇ ഡി കോളേജ് ക്യുബെക് പ്രവിശ്യയിലെ ലോംഗുവെലിലെ സി സി എസ് ക്യു കോളേജ് എന്നിവ അടച്ചുപൂട്ടിയതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികൾ സഹായം തേടി തങ്ങളെ സമീപിച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
ഈ കോളേജുകൾ അടച്ചതുമൂലം പ്രതിസന്ധിയിലായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉടനടി എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ ഒട്ടാവയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷന്റെ വിദ്യാഭ്യാസ വിഭാഗത്തെ സമീപിക്കാനും നിർദ്ദേശമുണ്ട്. അല്ലെങ്കിൽ ടൊറന്റോയിലുള്ള കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ ഓഫീസിനേയും സമീപിക്കാവുന്നതാണ്. ഈ-മെയിൽ വഴിയോ നേരിട്ടോ വിദ്യാർത്ഥികൾക്ക് കാര്യം ധരിപ്പിക്കാമെന്നും ഈ കുറിപ്പിൽ പറയുന്നു.
കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം തേടുന്നതിനു മുൻപായി ആ സ്ഥാപനങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള കാനഡ സർക്കാരിന്റെയോ ഏത്രെങ്കിലും പ്രവിശ്യാ സർക്കാരുകളുടെയോ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാൻ ഹൈക്കമ്മീഷൻ നിർദ്ദേശിക്കുന്നു. മാത്രമല്ല കാനഡ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ നിങ്ങൾ പ്രവേശനം തേടാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ പേര് ഉണ്ടോ എന്നും പരിശോധിക്കണം.
വിദ്യാർത്ഥികൾ ഒരിക്കലും, ഇത്തരത്തിൽ പരിശോധന നടത്തി കാര്യങ്ങൾ ബോദ്ധ്യപ്പെടാതെ ഏതെങ്കിലും വ്യക്തികൾക്കോ അല്ലെങ്കിൽ സ്ഥാപനങ്ങൾക്കോ പണം നൽകരുതെന്നും തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ വെളിപ്പെടുത്തരുതെന്നും ഹൈക്കമ്മീഷൻ നിർദ്ദേശിക്കുന്നു. അതേസമയം, അടച്ചുപൂട്ടിയ കോളേജുകളിലെ വിദ്യാർത്ഥികളോട്, ഫീസ് തിരികെ കിട്ടാനായി അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ നേരിട്ട് ബന്ധപ്പടാനാണ് പ്രവിശ്യാ സർക്കാർ പറയുന്നത്. അതിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവർക്ക് ക്യുബെക്കിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പരാതി സമർപ്പിക്കാമെന്നും പറയുന്നു.
എന്നാൽ, പ്രതിസന്ധിയിലായ കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനം മാറി വിദ്യാഭ്യാസം തുടരുന്നതിനായി ഗ്രേസ് പിരീഡ് അനുവദിക്കാമെന്ന് ക്യുബെക് സർക്കാർ അറിയിച്ചതായി ഹൈക്കമ്മീഷൻ പറഞ്ഞു. അവർക്ക് മറ്റു സ്ഥാപനങ്ങളിൽ ചേരാൻ അപേക്ഷിക്കാവുന്നതാണ്. അടച്ചുപൂട്ടിയ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തിയിരുന്ന റൈസിങ് ഫീനിക്സ് ഇന്റർനാഷണൽ എന്ന സ്ഥാപനം പാപ്പർ ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്നാണ് സി എൻ ബി സി റിപ്പോർട്ട് ചെയ്യുനന്ത്.
ഇന്ത്യയിൽ നിന്നും വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിൽ നടക്കുന്ന സംശയാസ്പദമായ പ്രക്രിയകളുമായി ബന്ധപ്പെട്ട് എം കോളേജ്, സി ഡി ഇ കോളേജ് എന്നിവ ഉൾപ്പടെ നിരവധി സ്വകാര്യ കോളേജുകൾക്കെതിരെ ക്യുബെക് സർക്കാർ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് പാപ്പർ ഹർജി നൽകുന്നതും കോളേജുകൾ അടച്ചുപൂട്ടുന്നതും.
മറുനാടന് മലയാളി ബ്യൂറോ