ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ കാനഡയും വിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള എല്ലാ യാത്രാ വിമാനങ്ങളും കാനഡ 30 ദിവസത്തേക്ക് നിർത്തി വച്ചതായി ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇതോടെ യാത്രക്കായി ബുക്ക് ചെയ്ത് കാത്തിരുന്ന നിരവധി യാത്രക്കാർ പ്രതിസന്ധിയിലായി.

വെള്ളിയാഴ്‌ച്ച രാത്രിയോടെ സർവ്വീസ് നിർത്താൻ തീരുമാനിച്ചത് നിരവധി പേരുടെ യാത്രക്ക് തടസ്സമായി. ബുക്കിങ് പൂർത്തിയാക്കി കാനഡയിലേക്ക് പറക്കാൻ ഒരുങ്ങുന്ന നൂറുകണക്കിന് പഞ്ചാബികൾ അടക്കമുള്ള ഇന്ത്യൻ സമൂഹം അസ്വസ്ഥരായി മടങ്ങുകയായിരുന്നു ഇന്നലെ.ബുക്കിങ് പൂർത്തിയാക്കിയവരിൽ ധാരാളം വിദ്യാർത്ഥികളും പുതുതായി വിവാഹിതരായ സ്ത്രീകളും ഉൾപ്പെടുന്നു.

ചരക്ക് വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ല, പ്രത്യേകിച്ച് വാക്‌സിനുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുമായി എത്തുന്ന വിമാനങ്ങൾ സർവ്വീസ് തുടരും.മെയ് 21 വരെയുള്ള കാനഡയിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയതായി കമ്പനി അറിയിച്ചിട്ടുണ്ട്. റീ ഷെഡ്യൂൾ, റീ ഫണ്ട് എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ യാത്രക്കാരെ അറിയിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.