കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കാനഡയിലേക്ക് റിക്രൂട്ട്‌മെന്റ് എന്ന പേരിൽ പരസ്യങ്ങൾ സജീവമായി. മനോരമ അടക്കമുള്ള പ്രമുഖ പത്രങ്ങളിൽ ആണ് കാനഡയിൽ വൻ അവസരങ്ങൾ എന്ന പേരിൽ വാർത്തകൾ പൊടി പൊടിക്കുന്നത്. കാനഡയിലെ ക്യുബക്കിലേക്ക് അനേകം അവസരങ്ങൾ എന്ന പേരിലാണ് വീണ്ടും പരസ്യങ്ങൾ സജീവമായത്.

ക്യുബെക്കിലേക്ക് വൻ അവസരം എന്ന പേരിൽ മനോരമയിൽ വൻ തോതിൽ പരസ്യം കൊടുത്താണ് കമ്പനി ആളുകളെ കണ്ടെത്തുന്നത്. ഓരോ പരസ്യത്തിലും കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തീയതികൾ മാറ്റി കളിക്കുന്നത് തന്നെ തട്ടിപ്പാണോ എന്ന് സംശയിക്കാൻ പറ്റിയ ഉദാഹരണമാണ്. നഴ്‌സിങ് റിക്രൂട്ട് രംഗത്ത് കോടികൾ കൈമറിയുകയും സർക്കാർ സംവിധാനം പോലും വ്യാപകമായും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സ്വകാര്യ ഏജൻസികളുടെ ഗൾഫ് റിക്രൂട്ട്‌മെന്റ് കേന്ദ്ര സർക്കാർ പൂർണ്ണമായും തടഞ്ഞ സാഹചര്യത്തിലാണ് കാനഡയുടെ പേരിൽ തട്ടിപ്പ് എന്ന് സംശയിക്കാവുന്ന പരസ്യങ്ങളുമായി വീണ്ടും രംഗം കയ്യടക്കുന്നത്.

പരസ്യത്തിൽ പറയുന്നത് പോലെ അവസരങ്ങൾ കാനഡയിൽ ഇല്ലെന്നുള്ള സത്യം അറിയാതെ രജിസ്‌ട്രേഷൻ ഫീസ് എന്ന നിലയിൽ വൻ തുക വാങ്ങി വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഉദ്യോഗാർത്ഥിയെ പ്രേരിപ്പിക്കുന്നതാണ് തന്ത്രം. കാത്തിരുന്നു ക്ഷമ നഷ്ടപ്പെടുന്നവർ ഒടുവിൽ രജിസ്‌ട്രേഷൻ ഫീസ് നഷ്ടപ്പെട്ടോട്ടെ എന്ന് മനമുരുകി ശാപം ചെയ്തു പണം ഉപേക്ഷിക്കുന്ന കാഴ്ചയാണ് ഈ റിക്രൂട്ടിൽ ഇതുവരെ ലഭ്യമായത്. ഈ അവസരം ശരിക്കും മുതലാക്കുകയാണ് കനേഡിയൻ റിക്രൂട്ടുകാർ.

പരസ്യം ആണെന്ന് ഒറ്റ നോട്ടത്തിൽ തോന്നാത്ത വിധം പ്രാദേശിക പേജിൽ വാർത്തകളോടൊപ്പം സമാനമായ ലേ ഔട്ടിൽ മനോരമയുടെ സ്വന്തം ഫോണ്ടിൽ അച്ചടിക്കുന്ന പരസ്യം കണ്ടു അനേകം പേർ കരുതുന്നത് ഇതൊരു വാർത്ത ആണെന്നാണ്. കാരണം അത്തരത്തിലാണ് തലക്കെട്ട് പോലും നൽകി പരസ്യം പ്രസിദ്ധീകരിക്കുന്നത്. പരസ്യം ക്ലിക്ക് ചെയ്തു പൂർണ്ണമായും വായിച്ചാൽ മാത്രമേ ഏറ്റവും ഒടുവിലായി പരസ്യം എന്ന് ചെറിയ അക്ഷരത്തിൽ എഴുതിയിരിക്കുന്ന മുന്നറിയിപ്പ് വായിക്കുവാൻ സാധിക്കൂ. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും വിധം ഇത്തരം ഒരു പരസ്യം നൽകുന്നതിലെ ധാർമ്മികത വായനക്കാർ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇതൊരു പരാതിയായി ടോപ് മാനേജ്‌മെന്റിൽ എത്തിയിട്ടില്ല എന്നാണ് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.

കഴിഞ്ഞ 3 മാസമായി നടക്കുന്ന തുടർ പരസ്യങ്ങളിൽ ഓരോ തവണയും ഇനിയൊരു അവസരം ഇല്ലെന്നു തോന്നിപ്പിക്കുന്ന തരത്തിൽ വാചകങ്ങൾ ചേർക്കുന്നത് തട്ടിപ്പിനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ ജനുവരി 18 ന് മുൻപ് ബന്ധപ്പെടണം എന്ന ഓർമ്മപ്പെടുത്തലും ഉണ്ട്. അതു കഴിഞ്ഞാൽ പിന്നെ അവസരം ഇല്ല എന്നതാണ് അവർ വ്യക്തമാക്കുന്നത്. എന്നാൽ ഇതേ തന്ത്രം എല്ലാ പരസ്യത്തിലും ഉണ്ട് എന്ന് പരിശോധിച്ചാൽ വ്യക്തമാകും. ഓരോ മാസവും കൊടുക്കുന്ന പരസ്യത്തിൽ രജിസ്‌ട്രേഷൻ ആരംഭിക്കുന്നു എന്ന് വ്യത്യസ്ഥ തീയതികൾ പെരുപ്പിച്ചു കാട്ടുവാനും മറക്കുന്നില്ല. അവസാന അവസരം എന്ന് ഉദ്യോഗാർത്ഥിയിൽ തോന്നൽ ഉണ്ടാക്കുവാൻ വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് വ്യക്തം.

ഒക്‌ടോബർ 31 ന് നൽകിയ പരസ്യത്തിൽ നവംബർ 4 എന്ന് പ്രസിദ്ധപ്പെടുത്തിയ ശേഷമാണ് മിനിഞ്ഞാന്ന് നൽകിയ പരസ്യത്തിൽ വീണ്ടും ജനുവരി 18 ന്റെ കാര്യം ഓർമ്മിപ്പിക്കുന്നത്. മുൻ പരസ്യങ്ങളിൽ എല്ലാം ഓരോ തീയതിയാണ് ഇവർ നൽകിയിരുന്നത്. വായനക്കാരുടെ മറവിയെ സമർത്ഥമായി ചൂഷണം ചെയ്യുക എന്ന തന്ത്രവും ഈ പരസ്യത്തിലൂടെ അത്യാഗ്രഹികളായ ഏജന്റുമാർ അവതരിപ്പിക്കുകയാണ്. പതിവ് പോലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ ആവശ്യം ഉണ്ട് എന്ന ആഫ്രിക്കൻ വൻകരയുടെ വലിപ്പം ഉള്ള ഭൂപ്രദേശം ആണെന്ന ധാരണയാണ് വായനക്കാരിൽ സൃഷ്ടിക്കുന്നത്. കാനഡയിലെ ഒരു ഫ്രഞ്ച് പ്രവിശ്യയായ ഇവിടെ ജോലി ചെയ്യണമെങ്കിൽ ഫ്രഞ്ച് അറിഞ്ഞേ മതിയാവൂ എന്ന കാര്യം ഇവരാരും വ്യക്തമാക്കുന്നില്ല. ഫീസ് അടച്ചു കഴിയുമ്പോൾ ആണ് ഒരു ചെറിയ ഫ്രഞ്ച് കോഴ്‌സ് വേണമെന്ന് പറയുന്നത്.

അഭിമുഖം പോലും പലപ്പോഴും ഫ്രഞ്ച് ഭാഷയിലാണ് എന്ന കാര്യം മറച്ചു വച്ചാണ് നേഴസുമാരും മറ്റു മേഖലയിൽ ഉള്ളവരും കാനഡയിലേക്ക് സ്വപ്നം കാണുന്നത്.