പി പി ചെറിയാന്‍

ഒട്ടാവ: ഉലഞ്ഞ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി, കാനഡ ഇന്ത്യയിലെ പുതിയ ഹൈക്കമ്മീഷണറായി മുതിര്‍ന്ന നയതന്ത്രജ്ഞനായ ക്രിസ്റ്റഫര്‍ കൂറ്ററെ നിയമിച്ചു. പത്ത് മാസങ്ങള്‍ക്ക് മുന്‍പ് ഇരു രാജ്യങ്ങളും നയതന്ത്രജ്ഞരെ പുറത്താക്കിയതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു നിയമനം നടക്കുന്നത്.

പുതിയ ഹൈക്കമ്മീഷണറെ നിയമിച്ചതായി കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് സ്ഥിരീകരിച്ചു. കാനഡയിലെ ഇന്ത്യയുടെ അടുത്ത ഹൈക്കമ്മീഷണറായി മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ദിനേശ് കെ. പട്‌നായിക്കിനെ നേരത്തെ നിയമിച്ചതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

1990-ല്‍ കാനഡയുടെ വിദേശകാര്യ, അന്താരാഷ്ട്ര വ്യാപാര വകുപ്പില്‍ ചേര്‍ന്ന ക്രിസ്റ്റഫര്‍ കൂറ്റര്‍, കെനിയയിലും ഇന്ത്യയിലും പൊളിറ്റിക്കല്‍ ഓഫീസറായും കംബോഡിയയില്‍ ചാര്‍ജ് ഡി അഫയേഴ്സായും 'നാറ്റോ'യിലെ ഡെപ്യൂട്ടി പെര്‍മനന്റ് റെപ്രസന്റേറ്റീവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ നൈജീരിയ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ജോര്‍ജിയ, മഡഗാസ്‌കര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഹൈക്കമ്മീഷണറായും അംബാസഡറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. (ഐ.എ.എന്‍.എസ്)