ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ ക്നാനായ കത്തോലിക്ക വനിതാ ഫോറം (KCWFC). സാഹോദരര്യം, സ്ത്രീശക്തീകരണം, സൗഹൃദം എന്നിവ ആഘോഷിച്ച ഈ യാത്ര ഒരു അവിസ്മരണീയമായ മൈല്‍സ്റ്റോണായി മാറി .മനസ്സറിഞ്ഞവര്‍ മനസ്സുവെച്ച് ഒരുമിച്ചപ്പോള്‍, ജീവിതത്തിലെ പല ചിന്തകളും ജോലിഭാരങ്ങളും മറന്ന് സന്തോഷത്തോടെ സമയം ചിലവഴിക്കാന്‍ അവര്‍ക്കായി. ദിവസേനയുള്ള തങ്ങളുടെ തിരക്കുകള്‍ക്ക് അവധി കൊടുത്ത് ഒരുമിച്ച് കൂടിയപ്പോള്‍ അവരുടെ സന്തോഷം വാനമേഘങ്ങളോളം ഉയര്‍ന്നു.

ഈ യാത്രയില്‍ പങ്കെടുത്ത എല്ലാവരും സൗഹൃദത്തോടെയും ഐക്യത്തോടെയും സമയം ചിലവഴിച്ചപ്പോള്‍ അത് അവരുടെ ജീവിതത്തിലെ ഒരു പ്രത്യേക അനുഭവമായി മാറി. യാത്ര അവസാനിക്കുമ്പോള്‍ പലരുടെയും മനസ്സില്‍ വീണ്ടും ഇതുപോലൊരു യാത്രയ്ക്ക് പോകണമെന്ന ആഗ്രഹം നിറഞ്ഞിരുന്നു. ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ അതിന്റെ സന്തോഷവും അനുഭവവും മറ്റൊരു തലത്തിലാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ വീണ്ടും ഒരുമിച്ച് ഒരു യാത്ര സംഘടിപ്പിക്കാനുള്ള പദ്ധതികളുമായി അവര്‍ മുന്നോട്ട് വരുകയാണ്.

ജീവിതത്തിലെ പല പ്രതിസന്ധികളിലും സമ്മര്‍ദ്ദങ്ങളിലും നിന്ന് അല്പം ആശ്വാസം തേടി നടത്തുന്ന ഇത്തരം യാത്രകള്‍ ആളുകള്‍ക്ക് പുതിയ ഊര്‍ജവും ആത്മവിശ്വാസവും നല്‍കുന്നു. ഈ യാത്രയില്‍ പങ്കെടുത്തവര്‍ എല്ലാവരും ഒരുമയോടെ ഉല്ലസിച്ച് മുന്നോട്ട് പോയത് അതിന്റെ പ്രത്യേകതയായിരുന്നു. നല്ല നേതൃത്വമുള്ള ആളുകള്‍ മുന്നില്‍ നിന്നാല്‍ ഇത്തരത്തിലുള്ള നല്ല പരിപാടികള്‍ കൂടുതല്‍ നടത്താന്‍ സാധിക്കുമെന്ന് ഈ അനുഭവം വീണ്ടും തെളിയിക്കുന്നു. ഒരു അസോസിയേഷന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന നേതാക്കള്‍ ആഗ്രഹിച്ചാല്‍ പലരുടെയും ജീവിതത്തില്‍ സന്തോഷത്തിന്റെ നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.

എല്ലാവരും ഒരുമിച്ച് നിന്നതുകൊണ്ട് പുതിയ പരിപാടികളും സന്തോഷകരമായ അനുഭവങ്ങളും സൃഷ്ടിക്കാന്‍ ഇവര്‍ക്കായി സാധിച്ചതായി പങ്കെടുക്കുന്നവര്‍ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ ഒന്റാറിയോയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നാല്പത് സ്ത്രീകള്‍ ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലിലേക്ക് എത്തിച്ചേര്‍ന്നു, അവിടെ നിന്നാണ് അവരുടെ ആവേശകരമായ യാത്ര ആരംഭിച്ചത്. അവര്‍ ബഹാമാസിലെ മനോഹരമായ നാസ്സാവിലേക്കും പെര്‍ഫെക്റ്റ് ഡേ അറ്റ് കോക്കോകേയിലേക്കും യാത്ര ചെയ്യുന്ന ക്രൂസില്‍ കയറുകയും അതുല്യമായ കാഴ്ചകള്‍ ആസ്വദിക്കുകയും ചിരിയും സന്തോഷവും നിറഞ്ഞ അനവധി സ്മരണീയ നിമിഷങ്ങള്‍ പങ്കിടുകയും ചെയ്തു.

KCWFCയുടെ ജോയിന്റ് സെക്രട്ടറി ഷീന കിഴക്കേപ്പുറത്താണ് ഈ പ്രത്യേക പരിപാടി ആലോചിച്ചു രൂപകല്‍പ്പന ചെയ്തത്. KCWFC വൈസ് പ്രസിഡന്റായ നീത മാക്കില്‍, ട്രഷററായ ഫിയോണ മന്നത്തുമാക്കില്‍ , സെക്രട്ടറിയായ മരിയ കൈതാരം എന്നിവരുടെ സമര്‍പ്പണവും നേതൃത്വവും ചേര്‍ന്നാണ് ഈ പരിപാടി വിജയകരമായി നടപ്പിലായത്. മാസങ്ങളോളം നീണ്ട സൂക്ഷ്മമായ പദ്ധതിയിടലും തയ്യാറെടുപ്പും ഈ യാത്രയെ യാഥാര്‍ത്ഥ്യമാക്കി. യാത്രയില്‍ പങ്കെടുത്ത എല്ലാ സ്ത്രീകള്‍ക്കായി പ്രത്യേകമായി ഡിസൈന്‍ ചെയ്ത കസ്റ്റം ഷര്‍ട്ടുകള്‍ ഒരുക്കിയതും ഈ അനുഭവത്തെ കൂടുതല്‍ പ്രത്യേകതയുള്ളതും ഐക്യത്തിന്റെ പ്രതീകവുമായതാക്കി.

ഈ യാത്രയുടെ പ്രധാന ആകര്‍ഷണമായിരുന്നു ഒരു ക്രൂസ് കപ്പലില്‍ നടന്ന KCWFCയുടെ ആദ്യ അന്താരാഷ്ട്ര വനിതാദിന ആഘോഷം. സംഗീതം, കളികള്‍, സന്തോഷനിമിഷങ്ങള്‍, ആത്മപരിശോധനകള്‍ എന്നിവ നിറഞ്ഞ ഈ ആഘോഷം സ്ത്രീകളുടെ ശക്തിയും വിശ്വാസവും സഹനശക്തിയും ആദരിച്ചു. ഒരു സാധാരണ വിനോദയാത്രയെക്കാള്‍ ഏറെ കൂടുതലായി, ഈ ക്രൂസില്‍ സ്ത്രീകള്‍ പരസ്പരം പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും സൗഹൃദബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കിയുമുള്ള ഒരു സ്‌നേഹസമൂഹമായി മാറി. ഈ പ്രചോദനകരമായ അനുഭവം സാധ്യമാക്കാന്‍ അക്ഷീണമായ പിന്തുണയും പ്രോത്സാഹനവും നല്‍കിയ ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഓഫ് കാനഡ (KCAC) നും KCWFC ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

ഷിബു കിഴക്കേകുറ്റ്