ബെല്‍വില്‍ (ഒന്റാറിയോ, കാനഡ): സെന്റ് കുര്യാക്കോസ് സീറോ മലബാര്‍ ദേവാലയം, ഏപ്രില്‍ 26, 2025-ന് നടന്ന ''മിഷന്‍ നൈറ്റ് 2025' പരിപാടിയില്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലിലിന്റെ നേതൃത്വത്തില്‍, ഔദ്യോഗികമായി മിഷനില്‍നിന്നു ഇടവകയിലേക്ക് ഉയര്‍ത്തപ്പെട്ടു. ബിഷപ്പ് കല്ലുവേലില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്, വിശുദ്ധ സിംഹാസനത്തിന്റെ അധികാരത്താല്‍ ദേവാലയത്തിന്റെ ഇടവക ഉയര്‍ത്തലിന്റെ ഡിക്രി ഔദ്യോഗികമായി വായിച്ച് പ്രഖ്യാപിച്ചു.

ചടങ്ങിന്റെ ഭാഗമായി മതബോധനം പ്രിന്‍സിപ്പല്‍അരുണ്‍ തോമസ് സ്വാഗതപ്രസംഗം നിര്‍വഹിച്ചു. വികാരി ഫാദര്‍ ജോണി കുന്നത്ത് അധ്യക്ഷ പ്രസംഗം നടത്തി. ഡോ. വര്‍ഗീസ് കോശി ആശംസാപ്രസംഗവും, ട്രസ്റ്റി ജോണ്‍സ് ജോസഫ് നന്ദിപ്രസംഗവും നടത്തി.

പൊതുസമ്മേളനത്തിനെ തുടര്‍ന്ന്, മതബോധനം വിദ്യാര്‍ത്ഥികളും ഇടവക അങ്കങ്ങളും ഒരുക്കിയ സമ്പന്നമായ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. 2015-ല്‍ സ്ഥാപിതമായ ഈ ദേവാലയം, ദീര്‍ഘവര്‍ഷങ്ങളായി വിശ്വാസസഭയുടെ ആത്മീയ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചുവന്നതിന്റെ ഫലമായി, ഇടവക അര്‍ഹത നേടിയതാണ്. ദേവാലയ വികാരിമാരുടെയും, വിശ്വാസ സമൂഹത്തിന്റെയും ശുശ്രൂഷാഭാരവാഹികളുടെയും ഒരുമയും പരിശ്രമവും ഈ അഭിമാനകരമായ നേട്ടത്തിന് പിതാവായിട്ടുണ്ട്. പരിപാടിയുടെ സമാപനത്തില്‍ വിശ്വാസികള്‍ക്ക് സമുഹഭക്ഷണവും ഒരുക്കി. വിശാലമായ ജനപങ്കാളിത്തം പരിപാടിയെ ഒരു മഹത്തായ ആഘോഷമാക്കി മാറ്റി.

ഏപ്രില്‍ 27, 2025-ന്, ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും, തുടര്‍ന്ന് കേക്ക് മുറിച്ച് ദേവാലയത്തിന്റെ ഇടവകയിലേക്ക് ഉയര്‍ത്തലിന്റെ ആഘോഷ പരിപാടികള്‍ സമാപിക്കുകയും ചെയ്തു.

ഈ ഇരുദിനാഘോഷം, ബെല്‍വില്‍ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ ദൈവാനുഭവത്തിന്റെ പുതുവാതില്പടിയായി മാറി.

ജോമോന്‍ ജോയ് .