- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെപ്റ്റംബർ അഞ്ച് 'ഗൗരി ലങ്കേഷ് ദിന'മായി ആചരിക്കാനൊരുങ്ങി കനേഡിയൻ നഗരം; ബർണബി നഗരത്തിന്റെ പ്രത്യേക ദിനാചരണം ഗൗരി ലങ്കേഷിന്റെ മഹത്തായ പ്രവർത്തനങ്ങളെ അനുസ്മരിക്കുന്നതിന്; പ്രഖ്യാപനം ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
ബർണബി: കൊല്ലപ്പെട്ട മാധ്യമപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷിന് വേറിട്ട രീതിയിൽ ആദരമൊരുക്കാൻ കനേഡിയൻ നഗരം. കനേഡിയൻ നഗരമായ ബർണബി സെപ്റ്റംബർ അഞ്ച് 'ഗൗരി ലങ്കേഷ് ദിന'മായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.ഗൗരി സമൂഹത്തിന് വേണ്ടി നടത്തിയ മഹത്തായ പ്രവർത്തനങ്ങളെ അനുസ്മരിക്കുന്നതിനാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.
ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട ധീരയായ ഇന്ത്യൻ പത്രപ്രവർത്തകയായി ഔദ്യോഗിക പ്രഖ്യാപനത്തിൽ ലങ്കേഷിനെ ബർണബി സിറ്റി കൗൺസിൽ പ്രശംസിച്ചു. 'ഗൗരി ലങ്കേഷ് തന്റെ എഴുത്തിലൂടെ ശാസ്ത്രീയമായ ബോധം വളർത്താനും മതഭ്രാന്ത്, ജാതി അടിസ്ഥാനത്തിലുള്ള വിവേചനം എന്നിവ നിരസിക്കാനും വായനക്കാരെ പ്രോത്സാഹിപ്പിച്ചു,' ബർണബി സിറ്റി കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രഖ്യാപനത്തിൽ പറഞ്ഞു.
ഓഗസ്റ്റ് 30 ന് ബർണബി സിറ്റി കൗൺസിലിനിടെയാണ് സെപ്റ്റംബർ അഞ്ച് ഗൗരി ലങ്കേഷ് ദിനമായി അനുസ്മരിക്കാനുള്ള തീരുമാനം കൗൺസിൽ കൈക്കൊണ്ടത്. ഈ തീരുമാനം അറിയിച്ചുകൊണ്ട് സിറ്റി മേയർ മൈക്ക് ഹാർലി ഒപ്പിട്ട പ്രഖ്യാപനം നഗര ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
2020 ഏപ്രിൽ 14 ന് ഡോ. ബി ആർ അംബേദ്കർ തുല്യത ദിനമായി ബർണബി നഗരം ആചരിച്ചിരുന്നു. കൂടാതെ, പൗരാവകാശ പ്രവർത്തകനായ ജസ്വന്ത് സിങ് ഖൽറയ്ക്ക് വേണ്ടിയും സിഖ് പൈതൃകത്തിന് വേണ്ടിയും ഒരു ദിവസം ബർണബി നഗരം സമർപ്പിച്ചിരുന്നു.2017 സെപ്റ്റംബർ അഞ്ചിനാണ് ലങ്കേഷ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിന് മുന്നിൽവെച്ച് വെടിയേറ്റ് മരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ