കോതമംഗലം: കുടിശ്ശിക 23 കോടി പിന്നിട്ടതോടെ ജപ്തി നടപടി പൂർത്തിയാക്കി. മാനേജുമെന്റ് മാറ്റം എന്ന വ്യവസ്ഥ വായ്പ കരാറിൽ ഉൾപ്പെടുത്തിയത് തുണയായി. വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ കോൺഗ്രസ് നേതാവ് ചെയർമാനായ ഇന്ദിര ഗാന്ധി മെമോറിയൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ നിന്നും 'സ്വന്തമാക്കിയ'കോളേജ് കാനറ ബാങ്ക് വിൽക്കുന്നു.

നെല്ലിക്കുഴി പഞ്ചായത്തിൽ 2007 മുതൽ പ്രവർത്തിച്ചു വരുന്ന ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് എന്ന സ്ഥാപനം 23 കോടിയിലധികം വായ്പ കുടിശ്ശിക വരുത്തിയതിന്റെ പേരിൽ കാനറാബാങ്ക് മുവാറ്റുപുഴ ശാഖാ അടുത്തിടെ ജപ്തി ചെയതിരുന്നു. കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ ഉൾപ്പെട്ടിട്ടുള്ള 4 ഏക്കർ 40 സെന്റ് സ്ഥലവും ഇതിൽ പണികഴിപ്പിച്ചിട്ടുള്ള ഏകദേശം ഒരുലക്ഷത്തി അറുപത്തി രണ്ടായിരം ചതുരശ്ര അടി വരുന്ന കെട്ടിട സമുച്ചയങ്ങളും വസ്തുവകകളും അടക്കമാണ് ബാങ്ക് ജപ്തി ചെയ്തത്.

വിദ്യാർത്ഥികളുടെ ഭാവികണക്കിലെടുത്ത് ഈ കോളേജ് ബാങ്ക് വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണെന്നാണ് ബാങ്ക് അധികൃതരുടെ വെളിപ്പെടുത്തൽ. 33 കോടി രൂപ ആണ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വില. സാധാരണയിൽ നിന്നും വ്യത്യസ്തമായി മാനേജ്മന്റ് മാറ്റം എന്ന വ്യവസ്ഥ ബാങ്ക് വായ്പ കരാറിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ലേലത്തിലൂടെ ഈ സ്ഥാപനം വാങ്ങുന്നവർക്ക് തൽസ്ഥിതിയിൽ മുന്നോട്ട് കൊണ്ടുപോകാനാവുമെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

എന്നാൽ വസ്തു ലേലത്തിൽ വാങ്ങുന്ന വ്യക്തിക്ക് കോളേജ് നടത്താൻ താൽപ്പര്യമില്ലാതെ വരുകയോ സമീപ ഭാവിയിൽ തന്നെ വില്പന നടക്കാതെ വരികയോ ചെയ്താൽ കോളജിന്റെ അഫിലിയേഷനെ തന്നെ ഇത് ബാധിക്കുമെന്നുംവിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ജപ്തി നടപടികൾ ഉണ്ടാവുന്ന പക്ഷം ഉയർന്ന വൻതുക ആയാൽ വസ്തുവിൽപ്പന അസാധ്യമാവുമെന്ന തിരിച്ചറിവിലാണ് രജിസ്‌ട്രേഷൻ മാറ്റാൻ സഹായകമായ രീതിയിൽ മാനേജ്മന്റ് മാറ്റം എന്ന വ്യവസ്ഥ കരാറിൽ എഴുതി ചേർത്തതെന്നാണ് ബാങ്ക് അധികൃതരുടെ വെളിപ്പെടുത്തൽ. സാധാരണ നിലയിൽ ജപ്തി മുതൽ ബാങ്കിന്റെ ആസ്തി ആയി മാറും.ഇവിടെ മറ്റുള്ളവരുടെ ഇടപെടൽ പൂർണ്ണമായി ഒഴിവാക്കി ബോർഡ് സ്ഥാപിക്കുകയും ചെയ്യാറുണ്ട്. കോളേജ് ജപ്തി ചെയ്യേണ്ടിവന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കരുത് എന്ന ലക്ഷ്യത്തിലാണ് ബാങ്കിന്റെ ഭാഗത്തുനിന്നും കോളേജിന്റെ നിലവിലെ പ്രവർത്തനങ്ങളിൽ ഇടപെടാത്തതെന്നും ബാങ്ക് അധികൃതർ കൂട്ടി ചേർത്തു.

ഇന്ദിര ഗാന്ധി മെമോറിയൽ ട്രസ്റ്റ് എന്ന പേരിൽ 2000 ത്തിൽ രൂപം കൊണ്ട ട്രസ്റ്റ് ആണ് കോളജ് സ്ഥാപിച്ചത്.കോളേജുകളുടെ നടത്തിപ്പിന് ട്രസ്റ്റ് രൂപീകരിച്ചിട്ടുള്ളത് ടാക്‌സ് വെട്ടിക്കാൻ വേണ്ടിയാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. 11 പേരുള്ള ട്രസ്റ്റിൽ 10 പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് പുറത്ത് പ്രചരിച്ചിട്ടുള്ള വിവരം. ഇതാണ് ടാക്‌സ് വെട്ടിപ്പ് പോലുള്ള കാര്യങ്ങൾക്കാണ് ട്രസ്റ്റ് രൂപം നൽകിയതെന്നുള്ള ആരോപണത്തിന് പ്രധാന കാരണം.

എറണാകളം ഡിസിസി വൈസ് പ്രസിഡന്റായ കെ എം പരീത് ആണ് ട്രസ്റ്റ് ചെയർമാൻ.ട്രസ്റ്റിന്റെ കീഴിൽ 3 പ്രൊഫഷണൽ കോളജ് അടക്കം 9 സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നതായിട്ടാണ് ലഭ്യമായ വിവരം. കെട്ടിട നികുതി അടക്കാത്തതിന്റെ പേരിൽ നേരത്തെ നെല്ലിക്കുഴി പഞ്ചായത്ത് ഈ ട്രസ്റ്റിനെതിരെ നിയമ നടപടികളുമായി രംഗത്തെത്തിയിരുന്നു.

തുടർന്ന് കെട്ടിട നികുതി അടച്ച് മാനേജ്‌മെന്റ് നടപടികളിൽ നിന്നും തടിയൂരി.സ്വാശ്രയമാനേജമെന്റ് സ്ഥാപനങ്ങൾക്ക് വേണ്ടി ജിഷ്ണു പ്രണോയ് സംഭവത്തിൽ ചാനൽ ചർച്ചയിൽ പങ്കെടുത്ത വ്യക്തികൂടിയാണ് കെ എം പരീത്.