കാൻബറ: പതിനഞ്ചു വർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തി കാൻബറ. മൈനസ് ഏഴു വരെ താഴ്ന്ന താപനിലയിൽ കാൻബറ നിവാസികൾ തണുത്തു വിറച്ചു. രാത്രി മൈനസ് ഏഴു വരെ താഴ്ന്ന താപനില രാവിലെ 9.30നു ശേഷമാണ് പൂജ്യത്തിന് മുകളിലേക്ക് ഉയർന്നത്.

പതിനഞ്ചു വർഷത്തിനിടെ അനുഭവപ്പെട്ട താഴ്ന്ന താപനിലയാണ് കാൻബറയിൽ കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത്. താഴ്ന്ന താപനില ന്യൂ സൗത്ത് വേൽസ് സ്‌കീ റിസോർട്ട്, കാൻബറ മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും കാരണമായി. ചൊവ്വാഴ്ച രാത്രി മൈനസ് ഏഴ് രേഖപ്പെടുത്തിയതിനു പിന്നാലെ ബുധനാഴ്ചയും രാത്രിയിൽ മൈനസ് അഞ്ചിലേക്ക് താപനില താഴ്ന്നിരുന്നു. താപനില ഇതേ രീതിയിൽ തന്നെ ഈയാഴ്ച തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം  അറിയിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലും ചില ദിവസങ്ങളിൽ മൈനസ് അഞ്ചു വരെ താപനില താഴ്ന്നിരുന്നുവെങ്കിലും  ഇത്തവണ അതും കടന്നാണ് താപനില താഴ്ന്നത്. പതിനഞ്ചു വർഷത്തിലൊരിക്കൽ കണ്ടുവരുന്ന പ്രതിഭാസമാണിതെന്നും വിലയിരുത്തപ്പെടുന്നു.

താഴ്ന്ന താപനില 1970-കളിൽ സാധാരണമായിരുന്നുവെങ്കിലും അടുത്ത കാലത്ത് ഇത്തരത്തിൽ കൊടും തണുപ്പ് അനുഭവപ്പെടാറില്ല എന്നാണ് പറയപ്പെടുന്നത്. മൈനസ് ഏഴായിരുന്ന ശരാശരി താപനിലയെങ്കിലും ടുമറ്റിൽ മൈനസ് എട്ടുവരെ താപനില താഴ്ന്നുവെന്നാണ് റിപ്പോർട്ട്.

ഓസ്‌ട്രേലിയൻ തീരങ്ങളിൽ അനുഭവപ്പെട്ട എൽനിനോ പ്രതിഭാസത്തെ തുടർന്നാണ് താപനില ഇത്രയും താഴ്ന്നതെന്നാണ് പ്രവചനം. വിന്റിലുടനീളം ഇതേ കാലാവസ്ഥയായിരുന്നും തുടർന്നും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥ പ്രവാചകൻ കാർസൺ പറയുന്നത്. കാൻബറയിൽ വെള്ളിയാഴ്ച രാവിലെ താപനില മൈനസ് ഒന്നായി ഉയരുമെങ്കിലും ശനിയാഴ്ച വീണ്ടും മൈനസ് അഞ്ചിലേക്ക് താപനില താഴാനാണ് സാധ്യത. ആഴ്ചാവസാനം കൂടിയ താപനില ഒരു ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.