കാൻബറ: തലസ്ഥാനമായ കാൻബറ ഒരിക്കൽ കൂടി ദൈവകൃപ അനുഭവിച്ചറിയുന്നു.  കാൻബറയിലെ സെന്റ് അൽഫോൻസ സീറോ മലബാർ സമൂഹത്തെ സംബന്ധിച്ച് ദൈവാനുഗ്രഹത്തിന്റെ  പൂമഴ പെയ്തിറങ്ങിയ പുണ്യ സമയം. സമൂഹത്തെ ഔദ്യോഗികമായി ഒരു ഇടവകയും ഇടവക ജനവും ആയി പ്രഖ്യാപിക്കപ്പെട്ടപ്പോൾ. ദൈവ പരിപലനയുടെ കരുത്തും ശക്തിയും ഒരിക്കൽക്കൂടി അവർ അനുഭവിച്ചറിഞ്ഞു. സീറോ മലബാർ  ഓസ്‌ട്രേലിയൻ
മെൽബെൻ രൂപതയുടെ കീഴിൽ  കാൻബറ സെന്റ് അൽഫോൻസ സീറോ മലബാർ ഇടവക നിലവിൽ വന്നു .

   രൂപതാധ്യക്ഷൻ  മാർ. ബോസ്‌കോ പുത്തൂരിന്റെ ഇടവക പ്രഖ്യാപന  ഉത്തരവ് വികാരി ജനറൽ ഫാ.  ഫ്രാൻസിസ് കോലഞ്ചേരി  ഏഴു വൈദികർ ചേർന്ന് അർപ്പിച്ച  ആഘോഷമായ റാസ മദ്ധ്യേ ഔദ്യോഗികമായി  പ്രഖ്യാപിച്ചപ്പോൾ ഇതിൽ പങ്കാളികളായി ദേവാലയത്തിൽ തിങ്ങി നിറഞ്ഞ ആയിരങ്ങൾ ഒരേ സ്വരത്തിൽ ദൈവത്തിനു നന്ദി പറയുകയായിരുന്നു . കാൻബറയിൽ യരലുംല സെന്റ്‌സ് പീറ്റെർസ് ചന്നെൽസ് ദേവാലയത്തിൽ നടന്ന വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ കന്യക മറിയത്തിന്റെയും തിരുന്നാൾ ആഘോഷങ്ങളുടെ  മദ്ധ്യേ ആയിരുന്നു ഇടവക പ്രഖ്യാപനം  എന്നത് വിശ്വാസ സമൂഹത്തിനു ഏറെ ആനന്ദം നല്കുന്നതായിരുന്നു . അതിലെല്ലാമുപരി ഫാ വർഗീസ് വവോലിയുടെ നേതൃത്വത്തിൽ കാൻബറ സമൂഹം നടത്തിയ പ്രാർത്ഥനകൾക്കും പ്രവർത്തനങ്ങൾക്കും ദൈവം നല്കിയ മറുപടിയായിരുന്നു ഇടവക പ്രഖ്യാപനം.
                                                                          
 ഒരു കത്തോലിക്കാ സമൂഹത്തിനു ഔദ്യോഗികതയും പൂർണ്ണതയും കൈവരുന്നത് അത് ഒരു ഇടവക സമൂഹമായി മാറുകയും ആരാധനക്കായി   സ്വന്തമായി  ഒരു  ദേവാലയം  ഉണ്ടാവുകയും  ചെയ്യുമ്പോഴാണ് . ഈ യാഥാർത്ഥ്യം മുന്നിൽകണ്ട് മുന്നേറുന്ന സമൂഹത്തിനു ദൈവവും സഭയും നല്കിയ ആദ്യ അനുഗ്രഹമാണ്  ഇടവക പ്രഖ്യാപനം . ഇതോടൊപ്പം ഫാ വർഗീസ് വാവോലിയെ ഇടവക വികാരി ആയും നിയമിച്ചു. വർഷങ്ങളായി തങ്ങളുടെ വിശ്വാസ ജീവിതത്തിന്റെയും സമൂഹത്തിന്റെയും ഭാഗമായിതീർന്നിരുന്ന വർഗീസച്ചനെ തന്നെ  തുടർന്നും തങ്ങൾക്കു നേതൃത്വം നല്കുവാൻ പ്രഥമ വികാരി ആയി കിട്ടിയത് വിശ്വാസി സമൂഹത്തിനു ഏറെ സന്തോഷം നല്കുന്ന ഒന്നായിരുന്നു . 


 
     പത്തുവർഷത്തെ ചരിത്രമാണ് കാൻബറയിലെ സീറോ മലബാർ സമൂഹത്തിനുള്ളത്. 2005 നവംബർ 5 നു കാൻബറ  ഗോൽബൻ രൂപതയിൽ സേവനത്തിനായി പാലക്കാട് രൂപതാംഗമായ ഫാ വർഗീസ് വാവോലിൽ കാൻബറയിലെത്തി.  താമസിയാതെതന്നെ 2006 ജനുവരി 31 നു എറണാകുളം  അങ്കമാലി  അതിരൂപതാംഗമായ  ഫാ ഫ്രാൻസിസ് കോലഞ്ചേരി ഇവിടെയെത്തി. തുടർന്ന് സീറോ മലബാർ കത്തോലിക്കരുടെ കൂട്ടായ്മയ്ക്കായ് ഇരുവരും ഒന്ന് ചേർന്ന് പ്രവർത്തിച്ചു. അജഗണത്തെ തേടിയിറങ്ങിയ അജപാലകരുടെ പരിശ്രമങ്ങൾക്ക് ദൈവം പെട്ടെന്ന് തന്നെ ഫലം നല്കി. ഒരു ചെറിയ  വിശ്വാസ സമൂഹം രൂപീകരിക്കുന്നതിനു അവർക്കു കഴിഞ്ഞു. ഫാ ഫ്രാൻസിസ് കോലഞ്ചേരി ചാപ്ലിൻ ആയും ഫാ വർഗീസ് വാവോലിൽ അസിസ്റ്റന്റ് ചാപ്ലിൻ ആയും പ്രവർത്തിച്ചു. 2006 ജൂൺ പതിനൊന്നിനു കാൻബറയുടെ   മണ്ണിൽ ആദ്യ സീറോ മലബാർ കുർബാന അർപ്പിക്കപ്പെട്ടു.  പീയെർസ്  സേക്രട്ട് ഹാർട്ട്    പള്ളിയിൽ ഫ്രാൻസീസ് അച്ചന്റെയും വർഗീസ് അച്ചന്റെയും കാർമ്മികതത്തിലായിരുന്നു ആദ്യ ദിവ്യബലി. പ്രവാസ ഭുമിയിൽ സീറോ മലബാർ റീത്തിൽ നടന്ന ദിവ്യബലി മദ്ധ്യേ അനുഭവിച്ച സന്തോഷവും ദൈവാനുഗ്രഹവും ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ഇരുവൈദികരും അന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുത്തവരും ഒരുപോലെ പറയുന്നു .

ചെറിയ തുടക്കം ആയിരുന്നെങ്കിലും ഈ സമൂഹത്തിന്റെ വളർച്ച ദൈവാനുഗ്രഹത്താൽ വളരെ പെട്ടെന്നായിരുന്നു .വിശേഷാവസരങ്ങളിൽ മാത്രം നടന്നു വന്നിരുന്ന വിശുദ്ധ കുർബാന ഒരു വർഷത്തിനുള്ളിൽ 2007 ജൂൺ മാസം മുതൽ മാസത്തിലൊരു കുർബാന എന്ന രീതിയിൽ നടത്തുവാൻ വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികളുടെ ഒത്തൊരുമക്ക് കഴിഞ്ഞു  അതേ വർഷം ഓഗസ്റ്റ് മുതൽ ഓസ്‌ട്രെലിയൻ ഭരണ സിരാ കേന്ദ്രത്തിനു സമീപമുള്ള യരലുമല സെന്റ് പീറ്റെർസ് ചന്നെൽസ് പള്ളിയിലേക്ക് മാറ്റി. മാർത്തോമ്മാ സ്‌ളീഹയിലൂടെ പകർന്നു കിട്ടിയ വിശ്വാസം പുതിയ തലമുറകളിലേക്ക് നല്കുവാൻ വിശ്വാസ പരിശീലനത്തിലൂടെ മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലും വിശ്വാസത്തിലും  സ്‌നേഹത്തിലും വളർന്നുവരുന്ന  തലമുറയെ സൃഷ്ട്ടിക്കുവാൻ ഒക്ടോബർ മാസം മുതൽ വിശ്വാസ പരിശീലന ക്ലാസ്സുകളും തുടങ്ങി . 

ദൈവത്തിന്റെ പ്രത്യേക പരിപാലനയിൽ 2008 നവംമ്പർ മുതൽ എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബാനയും ഒന്നിടവിട്ട ഞായറാഴ്ചകളിൽ  വിശ്വാസ പരിശീലനവും തുടങ്ങി. ഇപ്പോൾ  രൂപതാധ്യക്ഷൻ മാർ. ബോസ്‌കോ പുത്തൂർ പിതാവിന്റെ പ്രത്യേക താല്പര്യ പ്രകാരം എല്ലാ ഞായറാഴ്ചയും വിശ്വാസ പരിശീലനം നടന്നുവരുന്നു. 2008 ഒക്ടോബർ ബിഷപ്പ് മാർ തോമസ് ചക്യത്ത് കാൻബറയിൽ അർപ്പിച്ച വിശുദ്ധ കുർബാന മദ്ധ്യേ സമൂഹത്തെ സെന്റ് അൽഫോൻസ സമൂഹം എന്ന് നാമകരണം ചെയ്തു. കൂടാതെ വിശുദ്ധ അൽഫോൻസാമ്മയെ സമൂഹ മധ്യസ്ഥ ആയും പ്രഖ്യാപിച്ചു. കാൻബറ  ഗോള്‌ബോൻ രൂപതാ സഹായ മെത്രാൻ ബിഷപ്പ് പാറ്റ് പവർ പങ്കെടുത്തു. മറ്റു വൈദികരും വിശ്വാസി സമൂഹവും ഇതിനു സാക്ഷികളായി ദൈവത്തിനു നന്ദി പറഞ്ഞു.    തുടർന്ന് 2009 ഒക്ടോബർ 22നു വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ കന്യക മറിയത്തിന്റെയും തിരുന്നാൾ ആദ്യമായി കാൻബറയിൽ ആഘോഷിച്ചു. തുടർന്ന് എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിരുന്നാൾ ആഘോഷിച്ചു വരുന്നു .

 ഇക്കാലയളവിൽ ഓസ്ട്രലിയയിലെ സിറോ മലബാർ കത്തോലിക്കരെ ഒന്നിപ്പിക്കുന്നതിനും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ആയി സിറോ മലബാർ സഭാ നേതൃത്വം പ്രവർത്തനം തുടങ്ങിയിരുന്നു . ഇവിടെയും ദൈവാനുഗ്രഹം കാൻബറ സമൂഹത്തിനോപ്പമായിരുന്നു. ഫാ ഫ്രാൻസിസ് കോലഞ്ചേരി സീറോ മലബാർ സഭയുടെ ഓസ്‌ട്രേലിയ  ന്യൂസിലണ്ട് രാജ്യങ്ങളുടെ ചുമതലയുള്ള കോർഡിനേറ്റർ ആയി നിയമിക്കപെട്ടു. മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെയും  സഭാ നേതൃത്വതിന്റെയും ഈ തീരുമാനം അർഹതക്കുള്ള അംഗീകാരമായിരുന്നു . അച്ചന്റെ പുതിയ കർമ്മ മണ്ഡലത്തിലും പൂർണ്ണ പിന്തുണ നല്കി കാൻബറ സമൂഹം ഒപ്പം നിന്നു. തുടർന്ന് മെൽബോൺ രൂപത രൂപീകരിച്ചപ്പോൾ അച്ചൻ വികാരി ജനറൽ ആയി ഉയർത്തപ്പെട്ടു. അച്ചന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നല്കി കാൻബറ സമൂഹം ഒപ്പം നിന്നു . ഇന്ന് നാം കാണുന്ന മെൽബോണ് സിറോ മലബാർ രൂപതയുടെ അടിസ്ഥാനശില കോലഞ്ചേരി അച്ചന്റെ അക്ഷീണ പ്രയത്‌നവും സമർപ്പണവും ആണെന്ന് നിസംശയം പറയാം.    
 
കാൻബെരയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിനോട് കാൻബറ രൂപതക്കും വിശ്വാസികൾക്കും നാട്ടുകാർക്കും പ്രത്യേക സ്‌നേഹവും പരിഗണയും ഉണ്ടായിരുന്നു. നമ്മുടെ വിശ്വാസത്തെയും ഒത്തൊരുമയെയും കൂദാശ പരികർമ്മത്തെയും അവർ ഏറെ പ്രശംസിച്ചിരുന്നു . കാൻബറ  ഗോൾബോൺ രൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് ക്രിസ്‌റ്റൊഫേർ കത്തീഡ്രൽ ദേവാലയത്തിന്റെ വികാരിയും സഹ വികാരിയും ആയി നമ്മുടെ വൈദികരായ ഫാ ഫ്രാൻസിസ് കൊലെഞ്ചെരിക്കും ഫാ വർഗീസ് വാവോലിക്കും ഒരേ കാലയളവിൽ പ്രവർത്തിക്കുവാൻ കഴിഞ്ഞു എന്നത് നമ്മുടെ സമൂഹത്തിനു ലഭിച്ച അന്ഗീകാരമാണ്.

                 കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ആധ്യാത്മികമായ വളർച്ചയിലൂടെ മാത്രമേ സഭയുടെ വളർച്ച പൂർണ്ണമാവൂ എന്ന തിരിച്ചരിവോടെയാണ് നമ്മുടെ സമൂഹത്തിന്റെ പ്രവർത്തനം എന്ന് എടുത്തു പറയേണ്ടതാണ് . ഞായറാഴ്ചകളിൽ നടക്കുന്ന വിശ്വാസ പരിശീലനം കൂടാതെ വിശ്വാസോൽസവം, ധ്യാനങ്ങൾ, സെമിനാറുകൾ, പ്രത്യേക പരിശീലന പരിപാടികൾ തുടങ്ങിയവ വഴി അവരുടെ സ്വഭാവ രൂപവൽക്കരണത്തിലും ഏറെ ശ്രദ്ധിക്കുന്നു.  ഓസ്ട്രലിയൻ മണ്ണിൽ ഏഷ്യയിലെ ഏറ്റവും വലിയ അല്മായ മിഷിനറി പ്രസ്ഥാനമായ ചെറുപുഷ്പ മിഷൻ ലീഗിന്റെ തുടക്കത്തിനു വഴിതെളിക്കുവാനും അൽഫോൻസ സമൂഹത്തിനു കഴിഞ്ഞു .

ഇതിനു മുൻകയ്യെടുത്ത ഫ്രാൻസിസ് അച്ചന്റെയും വർഗീസ് അച്ചന്റെയും ദീർഘ വീക്ഷണം ഓസ്‌ട്രേലിയയ്ക്കു വരും കാലത്ത് മുതൽക്കൂട്ടാകും എന്ന് തീർച്ചയാണ്. സി. എം. എൽന്റെ ഓസ്ട്രലിയൻ മണ്ണിലെ ഔദ്യോഗിക പ്രവർത്തന ഉത്ഘാടനം 2012 ഡിസംബർ  1  നു കാൻബറയിൽ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ. ജോർജ് ആലഞ്ചേരി നിർവഹിച്ചു. അന്ന് ഓസ്‌ട്രെലിയൻ മണ്ണിൽ വിതച്ച വിശ്വാസ വളർച്ചയുടെ പുതിയ വിത്ത് ഇന്ന് വിശ്വാസ തീവ്രതയിൽ അനുസ്യൂതം വളർന്നുകൊണ്ടിരിക്കുന്നു. ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് സി. എം . എൽ അംഗങ്ങൾ . കിന്‌ടെർ ഗാർട്ടെൻ മുതൽ ആദ്യ കുർബാന സ്വീകരണം വരെയുള്ള കുട്ടികൾക്കായി തിരുബാല സഖ്യം പ്രവർത്തിക്കുന്നു.

           യുവജനങ്ങളെ സഭയോടോത്ത് ചേർക്കുന്നതിനും അവരുടെ വളർച്ചയും ഉയർച്ചയും സഭാധിഷ്ട്ടിതവും വിശ്വാസപരവുംമായി നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സിറോ മലബാർ യൂത്ത് മൂവ്‌മെന്റ് പ്രവര്ത്തിക്കുന്നു . സംഘടന നിലവിൽ വന്ന കുറഞ്ഞ കാലം കൊണ്ടുതന്നെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനം ചെലുത്താനായി എന്നത് ഏറെ സന്തോഷം നല്കുന്നു . ദീർഘ വീക്ഷനത്തോടുകൂടിയുള്ള ഈ പ്രവർത്തനം വഴി ക്രിസ്തുവിൽ കേന്ദ്രീകൃതമായ ഒരു യുവതലമുറയെ സിറോ മലബാർ സഭക്കും ഓസ്ട്രലിയായ്ക്കും   ലഭിക്കും . കൂടാതെ കരിസ്മാറ്റിക് യുവജന പ്രസ്ഥാനമായ ജീസസ് യൂത്ത് , അൾത്താര ബാല സഖ്യം, കുട്ടികളുടെ കൊയർ ഗ്രൂപ്പ്, കരിസ്മാറ്റിക് പ്രാർത്ഥന കൂട്ടായ്മ ,  ഓണ്‌ലൈൻ    പ്രാർത്ഥന കൂട്ടായ്മ , വാർഡ് കൂട്ടായ്മകൾ എന്നിവയും പ്രവർത്തിച്ചുവരുന്നു . മുതിർന്നവരെയും സഭാ പ്രവർത്തനങ്ങളിൽ സജീവമാക്കുന്നതിനായി പിതൃവേദി, മാതൃജ്യോതി, അല്മായ സംഘടന എന്നിവ രൂപീകരിക്കുന്നതിനും ശ്രമങ്ങൾ നടത്തിവരുന്നു. ഇടവക ജനങ്ങളുടെ എണ്ണത്തിലുള്ള വർധനവിനൊപ്പം തന്നെ ആദ്യാല്മിക രംഗത്തും കുറഞ്ഞ കാലം കൊണ്ട് നാമേറെ മുന്നേറിക്കഴിഞ്ഞു. എല്ലാ ഞായറാഴ്ചകളിലും രണ്ടു വിശുദ്ധ കുർബാനകൾ , മാസത്തിൽ ഒരു സിറോ മലബാർ ഇംഗ്ലീഷ് കുർബാന, മാസാദ്യ വെള്ളിയാഴ്ചകളിൽ ആരാധനയും വിശുദ്ധ കുർബാനയും, പ്രധാനപ്പെട്ട ദിവസങ്ങളിലും സഭയിലെ പ്രധാന തിരുന്നാൾ ദിവസങ്ങളിലും വിശുദ്ധ കുർബാന , നോവേനകൾ , ധ്യാനങ്ങൾ, തിരുന്നാൾ ആഘോഷങ്ങൾ എന്നിവ നടത്തി വരുന്നു.

സമൂഹത്തിന്റെ ആദ്യാല്മികമായ വളർച്ചയ്‌ക്കൊപ്പം ഓരോ വിശ്വാസിയേയും പൂർണ്ണമായും ഉൾക്കൊണ്ടും മനസിലാക്കിയും പ്രവർത്തിക്കുന്ന അജപാലക നേതൃത്വമാണ് ഈ സമൂഹത്തിന്റെ ശക്തി. കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ ഈ പ്രവാസി സമൂഹത്തിൽ നിരവധി സഭാ മേലധ്യഷന്മാർ എത്തി വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നല്കുകയും ചെയ്തു എന്നത് ഈ സമൂഹത്തിനു ലഭിച്ച അന്ഗീകാരമാണ്. സിറോ മലബാര് മേജർ ആർച്ച് ബിഷപ്പ് മാർ. ജോർജ്   ആലഞ്ചേരി, സിറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് മാർ. ബസേലിയോസ്  ക്ലീമീസ് , ബിഷപ്പ്മാരായ മാർ. ബോസ്‌കോ പുത്തൂർ, മാർ. തോമസ് ചക്യത്ത്, മാർ. തോമസ് ഇലവനാൽ, മാർ. സെബാസ്റ്റ്യൻ വടക്കേൽ, മാർ. മാത്യു അറക്കൽ, മാർ. ജോസ് പോരുന്നെടം , മാർ. കുരിയാക്കോസ് ഭരണികുളങ്ങര, മാർ. മാത്യു തൂങ്കുഴി , ഓസ്‌ട്രെലിയൻ ആർച്ച് ബിഷപ്പ് മാരായ മാർ മാർക്ക് കോള്രിട്‌ജെ, മാർ ക്രിസ്‌ടോഫേർ പ്രൌസ്, ബിഷപ്പ് പാറ്റ് പവർ  തുടങ്ങി നിരവധി സഭാദ്യക്ഷന്മാർ നമ്മുടെ സമൂഹത്തിലെത്തി അനുഗ്രഹിച്ചവരാണ്. മെൽബോണ് രൂപതാദ്യക്ഷൻ     മാർ. ബോസ്‌കോ പുത്തൂർ പിതാവ് ഈ ഇടവക സമൂഹത്തോട് കാണിക്കുന്ന സ്‌നേഹവും താല്പര്യവും എടുത്തു പറയേണ്ടതാണ് .
പ്രവാസി കത്തോലിക്കാ സമൂഹങ്ങൾ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് തങ്ങൾക്കു കൂദാശകൾ അർപ്പിക്കുന്നതിനുള്ള വൈദികരുടെ അഭാവം മൂലമാണ്. എന്നാൽ ഇക്കാര്യത്തിൽ ഏറെ അനുഗ്രഹിക്കപ്പെട്ടവരാണ് കാൻബറയിലെ വിശ്വാസികൾ. ഫാ ഫ്രാൻസിസിനെയും, ഫാ വർഗീസിനെയും സഹായിക്കുവാൻ ദൈവം വൈദിക നിരയെ തന്നെ നല്കി. കാൻബറ രൂപതയ്ക്ക് വേണ്ടി സേവനം ചെയ്ത ഫാ സുനിൽ കാടങ്കാവിൽ, ഫാ ജെയ്‌സൺ മുളരിക്കൽ, ഫാ ജോൺ വല്ലയിൽ, ഫാ ജോസഫ് പുന്നക്കുന്നേൽ എന്നിവരുടെ സേവനം നമുക്ക് ലഭിച്ചിരുന്നു. കാൻബറ രൂപതയിൽ പ്രവർത്തിക്കുന്ന മലയാളി വൈദികരായ ഫാ ജോഷി തെക്കിനെടെത്ത്, ഫാ ജെയിംസ് തിരുതാണത്തിൽ, ഫാ പ്രവീണ് പോൾ, ഫാ അസിൻ വർഗീസ് ഫാ സിജോ തെക്കെകുന്നേൽ, ഫാ ബോണി അബ്രഹാം എന്നിവർ സ്‌നേഹപൂർവ്വം ഇടവക വികാരി ഫാ വർഗീസിനെ സഹായിച്ചുവരുന്നു.

ഏകദേശം മുന്നൂറു കുടുംബങ്ങളിലായി ആയിരത്തോളം വിശ്വാസികളാണ് കാൻബറ സെന്റ് അൽഫോൻസ ഇടവകക്ക് കീഴിലുള്ളത് . വിശ്വാസ തീവ്രതയിൽ വളരുന്ന സമൂഹമാണ് എന്നതാണ് ഈ ഇടവകയുടെ പ്രത്യേകത.  സ്വന്തമായി ഒരു ഇടവക ദേവാലയവും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുക എന്നാ ലക്ഷ്യത്തോടെ ഇടവകസമൂഹം ഒറ്റ മനസോടെ പ്രവർത്തിച്ചുവരുന്നു. തങ്ങളുടെ ഒത്തോരുമയിൽ അധിവിധൂരമല്ലാതെ ഈ സ്വപ്നം സഫലമാകുന്നതിനു ദൈവം അനുഗ്രഹിക്കും എന്ന ഉറപ്പാണ് ഇവരുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനം.