- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഷൻ നിഷേധിച്ചതോടെ മകൾ പട്ടിണി കിടന്നു മരിച്ചു; മരണ ദിവസം നൽകിയത് ഉപ്പിട്ട ചായ മാത്രം; പൊതുതാൽപര്യ ഹർജിയിൽ പൊള്ളുന്ന വേദന പങ്കുവച്ച് ജാർഖണ്ഡ് സ്വദേശിനി കൊയ്ലി ദേവി; ആധാറുമായി ബന്ധിപ്പിക്കാത്ത മൂന്ന് കോടിയോളം റേഷൻ കാർഡുകൾ റദ്ദാക്കിയത് ഗൗരവതരമെന്ന് സുപ്രീം കോടതി; കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്
ന്യൂഡൽഹി ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താൽ രാജ്യത്ത് മൂന്ന് കോടിയോളം റേഷൻ കാർഡുകൾ റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി അതീവ ഗുരുതരമായ വിഷയമാണെന്ന് സുപ്രീംകോടതി. വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
റേഷൻ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മകൾ പട്ടിണി കിടന്നു മരിച്ചെന്നു ചൂണ്ടിക്കാട്ടി ജാർഖണ്ഡ് സ്വദേശി കൊയ്ലി ദേവി നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവരടങ്ങുന്ന ബെഞ്ചാണ് നോട്ടിസ് അയച്ചത്. കേസ് അന്തിമവിചാരണയ്ക്കായി മാറ്റിവച്ചു.
കേന്ദ്രസർക്കാർ മൂന്നുകോടിയോളം റേഷൻ കാർഡുകർ റദ്ദാക്കിയതായി കൊയ്ലി ദേവിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗൊൺസാൽവസ് കോടതിയെ അറിയിച്ചു.റേഷൻ കാർഡുകൾ റദ്ദാക്കുന്നതിനെ തുടർന്ന് പട്ടിണി മരണങ്ങൾ വ്യാപകമാകുന്നതായി കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി.
റേഷൻ ലഭിക്കാത്തതിനെ തുടർന്ന് പട്ടിണി മരണം ഉണ്ടാകുന്നു എന്ന വാദം തെറ്റാണെന്ന് കേന്ദ്ര സർക്കാരിനും യൂണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യ്ക്കും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി പറഞ്ഞു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള ഹർജി പരിഗണിക്കരുതെന്നും ലേഖി ആവശ്യപ്പെട്ടു.
അതേസമയം ആധാർ കാർഡുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കേന്ദ്രം നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയം റേഷൻ കാർഡ് റദ്ദാക്കിയതിന്റെയും പട്ടിണി മരണത്തിന്റെയും ആണെന്ന് കോളിൻ ഗൊൺസാൽവസ് പറഞ്ഞു.
പട്ടിണി മൂലമല്ല മരണങ്ങൾ സംഭവിക്കുന്നതെന്നും ആധാർ ഇല്ലാത്തതിന്റെ പേരിൽ ആർക്കും ഭക്ഷണം നിഷേധിച്ചിട്ടില്ലെന്നും കേന്ദ്രം കോടതിയിൽ നൽകിയ മറുപടിയിൽ പറയുന്നു. ഹർജിയിൽ വിശദമായ മറുപടി നാല് ആഴ്ചയ്ക്കകം നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോടും യുഐഡിഎഐയോടും ആവശ്യപ്പെട്ടു. ഇത് പ്രതികാര മനോഭാവത്തോടെ കാണേണ്ട വിഷയമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2018 ഡിസംബറിൽ ഝാർഖണ്ഡിലെ സിംഡേഗ ജില്ലയിൽ തന്റെ 11 വയസുകാരിയായ മകൾ സന്തോഷി പട്ടിണി മൂലം മരിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് കൊയ്ലി ദേവി പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ആധാർ കാർഡ് ബന്ധിപ്പിച്ചില്ലെന്ന കാരണത്താൽ അധികൃതർ റേഷൻ കാർഡ് റദ്ദാക്കിയതോടെ 2017 മാർച്ച് മുതൽ റേഷൻ ലഭിച്ചില്ലെന്നും പട്ടിണി കിടന്ന് തന്റെ മകൾ മരിക്കുകയായിരുന്നുവെന്നും കൊയ്ലി ദേവിയുടെ ഹർജിയിൽ പറയുന്നു. മരണ ദിവസം പോലും ഉപ്പിട്ട ചായ മാത്രമാണ് മകൾക്കു നൽകാൻ കഴിഞ്ഞതെന്നും അതു മാത്രമാണ് അടുക്കളയിൽ ഉണ്ടായിരുന്നതെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. രാത്രി മകൾ പട്ടിണി മൂലം മരിച്ചുവെന്നാണ് കൊയ്ലി ദേവി ആരോപിക്കുന്നത്.
ന്യൂസ് ഡെസ്ക്