കണ്ണൂർ: തലശേരി -കണ്ണൂർ  ദേശീയപാതയിലെ മുഴപ്പിലങ്ങാട് എക്‌സൈസ് നടത്തിയ വൻ ലഹരി വേട്ടയിൽ രണ്ടു യുവാക്കൾ പിടിയിലായി. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദും സംഘം മുഴപ്പിലങ്ങാട് മൊയ്തുപാലത്തിന് സമീപം വെച്ചു നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കെ.എൽ 07 ബി.ടി 7020 സ്‌കാ ഡാ റാപ്പിഡ് കാറിൽ കടത്തുകയായിരുന്ന 288 സ്പാസി മോ പ്രോവിക് സി വോൺ പ്‌ളസ് എന്ന അതീവ മാരക മയക്കുഗുളികയുമായി തലശ്ശേരി മൊയ്തുപാലത്തിനു സമീപം മർഹബ മൻസിലിൽ താമസിക്കുന്ന കെ.കെ.ഹർഷദ് (35) എടക്കാട് ആദികടലായിയിലെ കെ.റെജിൽ എന്നിവരെ പിടികൂടിയത്.

എടക്കാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഓഫ് പൊലിസ് എം.അനിലിന്റെ സാന്നിധ്യത്തിൽ പ്രതികളുടെ ദേഹ പരിശോധന നടത്തിയാണ് അറസ്റ്റു രേഖപ്പെടുത്തിയത്. അതീവ ഗുരുതരമായ കാൻസർ രോഗബാധിതരായ രോഗികളിൽ വേദനാസംഹാരിയായി ഉപയോഗിക്കുന്ന ഈ ക്യാപ്‌സൂൾ വ്യാപകമായി ലഹരിക്കായി ഉപയോഗിച്ചു വരികയാണ്.ഈ മയക്കുഗുളിക രോഗബാധയില്ലാത്തവർ ഉപയോഗിക്കുന്നത് പലവിധ ശാരീരിക-മാനസിക പ്രശ്‌നങ്ങൾക്കും കാരണമാകാറുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നുണ്ട്.

ആളുകൾ പ്രത്യക്ഷത്തിൽ കണ്ടാൽ സംശയിക്കില്ലെന്ന പ്രതീക്ഷയിലാണ് ഉന്മേഷവും ഉന്മാദവും നൽകുന്ന ഈ മയക്കുഗുളിക പ്രതികൾ ഉപയോഗിക്കുകയും വിൽക്കുകയും ചെയ്തിരുന്നത്. അതു കൊണ്ടു തന്നെ സമൂഹത്തിൽ ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരാണ് ഇതിന്റെ ഉപഭോക്താക്കൾ ഏറെയും. അറിയപ്പെടുന്ന ബില്യാഡ് കളിക്കാരനായ ഹർഷാദ് ആ നിലയിലും ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നു.

ഷെഡ്യൂൾഡ് ഹൈപ്രിസ്‌ക്രിപ്ഷൻ ഡ്രഗായ ഈ ക്യാപ്‌സൂൾ ഒരു ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ മെഡിക്കൽ ഷോപ്പുകളിൽ നിന്നും ലഭിക്കുകയുള്ളുവെന്നതിനാൽ പ്രതികൾ മംഗ്‌ളൂരിൽ ചെന്നു അനധികൃതമായി എട്ട് ക്യാപ്‌സൂൾ ഉള്ള ഒരു സ്ട്രിപ്പിന് കേവലം 67 രൂപ നിരക്കിൽ വാങ്ങി കൊണ്ടുവന്ന് സ്ട്രിപ്പിന് 800 മുതൽ 1000 രൂപ വരെയുള്ള നിരക്കിലാണ് കണ്ണൂർ, തലശേരി നഗരങ്ങളിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തുന്നത്.

ഇങ്ങനെ വിൽപ്പനയ്ക്കായി കൊണ്ടു പോകും വഴിയാണ് പ്രതികൾ വാഹന പരിശോധനയിൽ കുടുങ്ങിയത് പ്രതികളിൽ ഒരാളായ ഹർഷാദ് 2018ൽ ഇതിനു സമാനമായി മയക്കുഗുളിക ബൈക്കിൽ കടത്തവെ പിടിയിലായിട്ടുണ്ട്. പരിശോധനയ്ക്കായി തടഞ്ഞു നിർത്തിയപ്പോൾ കാറിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ എക്‌സൈസ് സംഘത്തിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസർ വി.പി ഉണ്ണികൃഷ്ണൻ, കെ.ഷജിത്ത്, സി.ദിലീപ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ സി.എച്ച് റിഷാദ്, വി.സതീഷ്, കെ.രമിത്ത്, പി.വി ഗണേശ് ബാബു 'പി.വി ശ്യാം എന്നിവർ ചേർന്ന് സാഹസികമായി പിൻതുടർന്ന് പിടികൂടുകയായിരുന്നു.

നിരവധി വി.ഐ.പി ഉപഭോക്താക്കളുടെ വിളികൾ ഇവർ അറസ്റ്റിലായതിനു ശേഷം ഇവരുടെ ഫോണുകളിൽ വന്നതായി എക്‌സൈസ് പറഞ്ഞു.പ്രതികളിൽ നിന്നും സ്ഥിരമായി അതി മാരകമായ മയക്കുമരുന്ന് വാങ്ങിയവരെ കുറിച്ചു വിവരം ലഭിച്ചതായി എക്‌സൈസ് പറഞ്ഞു. പ്രതികളെയും തൊണ്ടിമുതലും കണ്ണൂർ റെയ്ഞ്ച് ഓഫിസിൽ കൊണ്ടുവന്നു ചോദ്യം ചെയ്തതിനു ശേഷം മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.