ജീവിത ശൈലിയിലെ മാറ്റം ക്യാൻസറിനെയും പ്രതിരോധിക്കുമോ? വൈദ്യശാസ്ത്രത്തിന് ഉറപ്പുപറയാനാവില്ലെങ്കിലും, ലണ്ടനിലെ മരിയൻ ജോൺസൺ എന്ന 42-കാരിയുടെ ജീവിതം ആ പ്രതീക്ഷ പകരുന്നു. ഇനി ഒരുവർഷംകൂടി മാത്രമെന്ന് ഡോക്ടർമാർ വിധിയെഴുതിയ മരിയന്റെ ജീവിതം തിരിച്ചുപിടിച്ചത് അവർ ജീവിതശൈലിയിലുണ്ടാക്കിയ മാറ്റമാണ്.

സ്തനാർബുദം പടർന്നതോടെ മരണത്തിന്റെ വക്കിലായിരുന്നു മരിയൻ. കീമോത്തെറാപ്പി അവരെ കിടപ്പിലാക്കി. 2015 മേയിലാണ് മരിയന് സ്തനാർബുദം കണ്ടെത്തുന്നത്. അപ്പോഴേക്കും അത് പടർന്നിരുന്നു. ക്യാൻസർ നാലാം ഘട്ടത്തിലെത്തിയെന്നും ഏറിയാൽ ഒരുവർഷത്തിൽക്കൂടുതൽ ജീവിക്കില്ലെന്നും ഡോക്ടർമാർ വിധിയെഴുതി. മൂന്നുമക്കളുമൊത്ത് തനിച്ച് ജീവിക്കുന്ന മരിയന് അത് വലിയ ആഘാതമായി.

ആറുമാസത്തോളം നീണ്ട കീമോത്തെറാപ്പികൂടിയായതോടെ അവർ തീർത്തും കിടപ്പിലായി. മക്കളുടെ കാര്യം പോലും നോക്കാനാകാതെ വന്നതോടെ ജീവിതം മടുത്തു. അപ്പോഴേക്കും ക്യാൻസർ കരളിനെയും ബാധിച്ചിരുന്നു. ഇതോടെ, കീമോത്തെറാപ്പി ഉപേക്ഷിക്കാൻ മരിയൻ തീരുമാനിച്ചു. മരണത്തെ വരിക്കാൻ മനസ്സാ തയ്യാറെടുത്ത അവർ ബദൽ മാർഗങ്ങൾ തിരയാൻ തുടങ്ങി.

തന്റെ ഭക്ഷണത്തിൽ മാറ്റം വരുത്തുകയാണ് മരിയൻ പ്രധാനമായും ചെയ്തത്. പൂർണമായി സസ്യാഹാരം മാത്രമാക്കി മാറ്റിയ അവർ കൂടുതൽ ജ്യൂസ് കുടിക്കാൻ തുടങ്ങി. ഇറച്ചിയും പഞ്ചസാരയും മദ്യവും പാലുത്പന്നങ്ങളും പൂർണമായും വർജിച്ചു. ദിവസേന വൈറ്റമിൻ സപ്ലിമെന്റുകൾ കഴിക്കാൻ തുടങ്ങി. ആഴ്ചയിലൊരിക്കൽ വൈറ്റമിൻ സി ഡ്രിപ്പും. ക്യാൻസർ ബാധിച്ച കോശങ്ങളിലേക്ക് ശുദ്ധമായ ഓക്‌സിജൻ എത്തിക്കുന്നതിന് ഓക്‌സിജൻ ചേംബർ ചികിത്സയും നടത്തുന്നു.

ആറുമാസത്തോളം ഈ ജീവിതരീതി പിന്തുടർന്നതോടെ, അവരുടെ രോഗം ഏറെക്കുറെ നിയന്ത്രണ വിധേയമായി. കിടപ്പിലായിരുന്ന മരിയന് ഇപ്പോൾ മ്ക്കളുടെ കാര്യങ്ങൾ നോക്കാൻ ശേഷിയായി. കീമോത്തെറാപ്പി നിർത്തുകയാണെന്ന് പറഞ്ഞപ്പോൾ മരിയനെ ചികിത്സിക്കുന്ന ഓങ്കോളജിസ്റ്റ് അതിനെ എതിർത്തിരുന്നു. എന്നാലിപ്പോൾ അദ്ദേഹത്തെപ്പോലും അത്ഭുതപ്പെടുത്തുന്ന ഫലങ്ങളാണ് ഉണ്ടായത്. മരിയന്റെ രോഗം പിന്നീട് ശരീരത്തിലെവിടേക്കും പടർട്ടില്ല. സ്തനങ്ങൾക്കിടയിലുണ്ടായ ട്യൂമർ വലിപ്പം കുറയുകയും ചെയ്തു. അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് മരിയനുണ്ടായിരിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു.