ത് ധനിക ത്രിപുര എന്ന ആറ് വയസുകാരിയുടെ കരളലിയിപ്പിക്കുന്ന കഥയാണ്. കടുത്ത രക്താർബുദം ബാധിച്ച് ഇടത് കണ്ണിന് തീർത്തും അന്ധതബാധിച്ചും മറ്റ് പലവിധ നരകയാതനകളും ബാധിച്ചാണീ കുട്ടി മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആറാഴ്ച മുമ്പ് മാത്രമാണ് കുട്ടിക്ക് ഗുരുതരമായ കാൻസറാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. കാൻസർ എന്ന മഹാരോഗത്തിന് മുമ്പിൽ ദൈവം പോലും ചിലപ്പോൾ തളർന്ന് പോകുമെന്ന മഹാസത്യമാണീ പെൺകുട്ടി നമ്മെ പഠിപ്പിക്കുന്നത്. ത്രിപുരയിലെ ഈ ആറു വയസുകാരിയുടെ കണ്ണുകളിലേക്ക് നോക്കാൻ ആർക്കും സാധിച്ചെന്ന് വരില്ല. അത്യധികമായ ദൈന്യതയാണ് അവിടെ നിഴലിക്കുന്നത്.

കണ്ണുകളിൽ നിന്നും ചോരയൊഴുകുന്ന അവസ്ഥയിലെത്തി നിൽക്കുതയാണ് രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ ഈ പെൺകുട്ടി. തങ്ങളുടെ മകളെ എങ്ങനെയങ്കിലും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ സഹായിക്കണമെന്ന് മാതാപിതാക്കൾ ഏവരോടും യാചിക്കുകയാണ്. നവംബറിൽ കുട്ടിയുടെ കണ്ണുകളിൽ ചൊറിച്ചിൽ അനുഭവപ്പെട്ടായിരുന്നു രോഗത്തിന്റെ തുടക്കം. തുടർന്ന് നിരവധി ഡോക്ടർമാരെ മാറി മാറി കാണിച്ചെങ്കിലും ശമനമുണ്ടായില്ലെന്ന് മാത്രമല്ല നില വഷളായി വരുകയുമായിരുന്നു. കണ്ട ഡോക്ടർമാരെല്ലാം വേദനാ സംഹാരികളും പാരസെറ്റമോളും ആന്റിഅലർജി ടാബ്ലറ്റുകളും നൽകി കുട്ടിയെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.

കുഗ്രാമത്തിൽ കഴിയുന്ന ധനികയുടെ മാതാപിതാക്കൾക്ക് അവളെ സ്‌പെഷ്യലിസ്റ്റുകളെ കാണിക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ കുട്ടിയുടെ സ്ഥിതി അനുദിനം വഷളായി വരുകയായിരുന്നു. തുടർന്ന് ഒരു ചാരിറ്റി കുട്ടിയെ സഹായിക്കാനെത്തുകയായിരുന്നു. കുട്ടി രക്ഷപ്പെടാൻ വെറും 10 ശതമാനം സാധ്യത മാത്രമേയുള്ളുവെന്നാണ് ഡോക്ടർമാർ വിധിയെഴുതിയിരിക്കുന്നത്. ഇതിന് പുറമെ വിദഗ്ധ ചികിത്സയേകുന്നതിന് മാതാപിതാക്കളുടെ പക്കൽ കാശില്ലാത്തതും പ്രശ്‌നമാകുന്നുണ്ട്. 45 കാരനായ ധനികയുടെ അച്ഛൻ കൂലിപ്പണിക്കാരനായ ധന്യകുമാർ ത്രിപുരയാണ്. മാസത്തിൽ വെറും 1000 രൂപ മാത്രമാണ് വരുമാനം. മാതാവ് 40 കാരിയായ ഷാഷി ബാല വീട്ടമ്മയുമാണ്.

ഈ കുറഞ്ഞ വരുമാനം കൊണ്ടാണ് അവർ തങ്ങളുടെ നാല് കുട്ടികളെ വളർത്തുന്നത്. മകളുടെ കണ്ണിലേക്ക് നോക്കാൻ തനിക്ക് സാധിക്കുന്നില്ലെന്നാണ് ധന്യകുമാർ വേദനയോടെ വെളിപ്പെടുത്തുന്നത്. കുട്ടി അനുഭവിക്കുന്ന വേദന തന്നെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്നും ഈ പിതാവ് പരിതപിക്കുന്നു. കുട്ടിയുടെ കണ്ണ് ചൊറിച്ചിലും തടിപ്പും ക്രമേണ വഷളാവുകയും പനി ശക്തമാവുകയും ചെയ്തുവെന്നും പിന്നീടാണിത് കാൻസറിന്റെ തുടക്കമാണെന്ന് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇവിടുത്തെ ചാരിറ്റിയായ യുണൈറ്റഡ് ടിപ്രാസ ഫോറമാണ് ധനികയെ സഹായിക്കാൻ മുന്നോട്ട് വന്നിരിക്കുന്നത്. ഇനിയും ഉദാരമതികളുടെ സഹായത്തിനായി മാതാപിതാക്കൾ കേഴുകയാണ്.