- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ രോഗികൾക്കായി കേന്ദ്രസഹായം ഉണ്ടെന്ന് പോലും അറിയാതെ കേരളത്തിലെ രോഗികൾ; കേന്ദ്ര ചികിത്സാ ഫണ്ട് ലഭിക്കുന്നവരുടെ എണ്ണത്തിൽ വൻകുറവ്; സഹായം കഴിഞ്ഞ വർഷം ലഭിച്ചത് 95 പേർക്കു മാത്രം; ക്രെഡിറ്റ് കേന്ദ്രം കൊണ്ടുപോകുമെന്ന ഭയത്തിൽ പദ്ധതികൾ സംസ്ഥാനം മൂടിവെക്കുമ്പോൾ സംഭവിക്കുന്നത്
ന്യൂഡൽഹി: സംസ്ഥാനത്ത് കാൻസർ രോഗികളെ അടക്കം സഹായിക്കാൻ വേണ്ടിയാണ് കാരുണ്യ ബെനലന്റ് ഫണ്ട് ഉണ്ടാക്കിയത്. ഇത് പ്രകാരം സാധാരണക്കാരായ രോഗികൾക്ക് വലിയ തോതിൽ സഹായം ലഭിച്ചു വന്ന ഘട്ടത്തിലാണ് സംസ്ഥാന സർക്കാർ അതിനും തുരങ്കം വെച്ചത്. ഇതോടെ മുമ്പത്തേക്കാൾ ഈ സഹായം ലഭിക്കുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. അതുപോലെ കേന്ദ്രസർക്കാറിന്റെ പദ്ധതികൾ സംസ്ഥാന സർക്കാർ വേണ്ട വിധത്തിൽ ജനങ്ങൾക്ക് മുന്നില് അവതരിപ്പിക്കാത്തതു മൂലവും പലപ്പോഴും രോഗികൾ കഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുന്നതിന് ഇടയാക്കുന്നുണ്ട്.
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആരോഗ്യ നിധി, കേന്ദ്ര ആരോഗ്യമന്ത്രിയുടെ കാൻസർ പേഷ്യന്റ്സ് ഫണ്ട് എന്നിവയുടെ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണത്തിൽ വൻകുറവാണ് ഉണ്ടാത്. ഇത് ഒരു സംഭവം മാത്രമാണ്, സമാനമായ വിധത്തിൽ രോഗികൾക്ക് സഹായകമാകുന്ന നിരവധി പദ്ധതികളുടെ ഗുണങ്ങളാണ് സംസ്ഥാനത്തിന്റെ കടുംപിടുത്തം കൊണ്ട് കിട്ടാതെ പോകുന്നത്.
2016-17 ൽ രാജ്യത്ത് 3109 പേർക്ക് കാൻസർ പേഷ്യന്റ്സ് ഫണ്ടിൽ നിന്നു തുക അനുവദിച്ചപ്പോൾ, 2018-19 ൽ ഗുണഭോക്താക്കളുടെ എണ്ണം 1773 ആയി കുറയുകയാണ് ഉണ്ടായത്. നിർധന രോഗികൾക്കു ചികിത്സയ്ക്കു സഹായം അനുവദിക്കുന്ന രാഷ്ട്രീയ ആരോഗ്യനിധിയുടെ പ്രവർത്തനമാണു കൂടുതൽ മോശം. 2018-19 ൽ സഹായം ലഭിച്ചത് 1090 പേർക്കു മാത്രമായി ചുരുങ്ങി.
കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ആരോഗ്യമന്ത്രാലയം നൽകിയ മറുപടിയിലാണ് ഇതുള്ളത്. പദ്ധതികൾക്കു നീക്കിവയ്ക്കുന്ന ബജറ്റ് വിഹിതം ചെലവിടുന്നതിലും കാര്യമായ കുറവുണ്ട്. കേരളത്തിൽ 2018-19 ൽ ആരോഗ്യ നിധിയിൽ സഹായം ലഭിച്ചത് 72 പേർക്ക് മാത്രമാണെന്നാണ് ലഭിക്കുന്ന വിവരം.
കാൻസർ പദ്ധതിയുടെ സഹായം ലഭിക്കുന്നത് 2 വർഷമായി തിരുവനന്തപുരം ആർസിസിയിൽ മാത്രം. 2017-18 ൽ 95 പേർക്കു ലഭിച്ചപ്പോൾ 2018-19 ൽ അത് 86 ആയി ചുരുങ്ങുകയാണ് ഉണ്ടായത്. അതേസമയം, രാഷ്ട്രീയ ആരോഗ്യ നിധിയിൽ, ശ്രീചിത്ര (66), ആർസിസി (4), കോഴഞ്ചേരി ജില്ലാ ആശുപത്രി (1), കോട്ടയം ഗവ. മെഡിക്കൽ കോളജ് (1) എന്നിവിടങ്ങളിൽ ചികിത്സ തേടിയവർക്കു സഹായം ലഭിച്ചു.
സമാനമായ വിധത്തിൽ കേന്ദ്രത്തിന്റെ പദ്ധതി സംസ്ഥാന സർക്കാർ വേണ്ടവിധത്തിൽ പരിഗണിക്കാത്തതു കൊണ്ട് രോഗികൾക്ക് സഹായം കുറച്ചു ലഭിച്ചതാണ് ഇ സജ്ഞീവനി പദ്ധതി. രാജ്യത്തെ ആദ്യത്തെ ദേശീയഓൺലൈൻ ഒ.പി.യാണ് വ്യക്തിസൗഹൃദ ടെലിമെഡിസിൻ വീഡിയോ കോൺഫറൻസ് സംവിധാനമായ ഇ-സഞ്ജീവനി. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.
കോവിഡ് 19 വ്യാപനത്തെത്തുടർന്ന് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ജനങ്ങൾക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്. കൂടുതൽ ആളുകൾ ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാൽ അത് തടയുക എന്നതും ഇ-സഞ്ജീവനിയുടെ ലക്ഷ്യമാണ്. ഈ പദ്ധതിയും സംസ്ഥാന സർക്കാർ ഹൈജാക്ക് ചെയ്തു. എന്നാൽ, വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
ക്വാറന്റീനിൽ കഴിയുന്ന രോഗികൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. ജീവിതശൈലി രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവർക്കുള്ള ചികിത്സകൾ ആശുപത്രിയിൽ പോകാതെ തന്നെ ഇതുവഴി ഉറപ്പുവരുത്താം. ഡോക്ടർമാർക്ക് വ്യക്തികളെ പരിശോധിക്കാനുള്ള ഏറ്റവും നൂതനവും ഫലപ്രദവുമായ മാർഗമാണിത്. കൺസൾട്ടേഷന് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിൽ എത്തുന്നവരുടെ മുൻ ചികിത്സാരേഖകൾ പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാണ്.
2020 ജൂൺ ഒമ്പതിന് സംസ്ഥാനത്ത് തുടക്കമിട്ട സംവിധാനം സ്മാർട്ട് ഫോണോ കംപ്യൂട്ടറോ ലാപ്ടോപ്പോ കൂടെ ഇന്റർനെറ്റ് കണക്ഷനും ഉപയോഗിച്ചാണ് പ്രയോജനപ്പെടുത്തേണ്ടത്. വീഡിയോ കോൺഫറൻസ് വഴി നേരിട്ട് ഡോക്ടറോട് സംസാരിക്കാം. തുടർന്ന് മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്യാം. ഡോക്ടറെ കാണാൻ എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ദിശ 1056 / 04712552056നമ്പറിൽ ബന്ധപ്പെടാം. മികച്ച പ്രതികരണമാണ് ഇതുവഴി ലഭിച്ചത്. തുടർന്ന് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിന്റെ സാധ്യതകൾ വിപുലപ്പെടുത്തുകയായിരുന്നു.
വയോധികർക്കും കോവിഡിനെ തുടർന്ന് ക്വാറന്റീനിൽ കഴിയുന്ന ഡോക്ടർമാർക്ക് സ്വന്തം വീട്ടിലിരുന്നുകൊണ്ട് തന്നെ ടെലി മെഡിസിൻ കൺസൾട്ടേഷന്റെ ഭാഗമായി പ്രവർത്തിക്കാം. അല്ലെങ്കിൽ ഇ-സഞ്ജീവിനിയുടെ ജില്ലാ ഓഫീസിൽ ആവശ്യമായ സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് കോഴിക്കോട് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ പറഞ്ഞു. ഒരോ ഡോക്ടർമാർക്കും ഇ-സഞ്ജീവനി ലോഗിൻ വഴി പ്ലാറ്റ്ഫോമിന്റെ ഭാഗമാകാം. ഇതുവഴി ഇതുവഴി എത്രസമയം ചെലവഴിച്ചു, എത്ര കൺസൾട്ടേഷൻ നടത്തി തുടങ്ങിയ മുഴുവൻ വിവരങ്ങളും ലഭിക്കും.
ഇനി ഡെന്റൽ വിഭാഗം കൂടി ആരംഭിക്കുന്നുണ്ട്. ആദ്യം തിരുവനന്തപുരത്താണ് ടെലിമെഡിസിൻ സംവിധാനം ആരംഭിച്ചത്. ഇത് വിജയകരമായതിനെത്തുടർന്ന് എല്ലാ ജില്ലകളിലും ഹബ്ബ് തുടങ്ങുകയായിരുന്നു. ഇനി അടുത്ത ലക്ഷ്യം മെഡിക്കൽ കോളേജുകളിൽ ഹബ്ബ് തുടങ്ങുക എന്നതാണ്. നിലവിൽ ഓരോ മെഡിക്കൽ കോളേജുകളിലും അതിന്റെ ശേഷിയേക്കാൾ കൂടുതൽ രോഗികൾ ഒ.പിയിലും മറ്റും എത്തുന്നുണ്ട്. അവിടെ ടെലിമെഡിസിൻ ഹബ്ബ് ആരംഭിച്ചാൽ ഒ.പിയിലെ തിരക്ക് വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും. ഒപ്പം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ അവരുടെ സൗകര്യത്തിന് അനുസരിച്ച് ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കുകയും ചെയ്യാം. തുടർ സന്ദർശനങ്ങൾ, റിപ്പോർട്ടുകൾ പരിശോധിക്കാൻ നൽകൽ തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി മെഡിക്കൽ കോളേജുകളിലെത്തുന്നവരെ പൂർണമായും ടെലിമെഡിസിൻ പ്ലാറ്റ്ഫോമിലേക്ക് മാറ്റാനാകും.
മറുനാടന് ഡെസ്ക്