മലപ്പുറം: മുസ്ലിംലീഗിന്റെ നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഇത്തവണ പല പ്രമുഖരും ഒഴിവാകും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സ്ഥാനാർത്ഥികളുടെ സാധ്യതാ ലിസ്റ്റ് ലീഗ് നേതൃത്വം തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.

ഒഴിവു വരുന്ന സീറ്റുകളിലേക്ക് ചരടുവലി ശക്തമാണെങ്കിലും കേരളയാത്രക്കു ശേഷം പാണക്കാട് നിന്നായിരിക്കും അന്തിമപ്രഖ്യാപനമുണ്ടാവുക. കഴിഞ്ഞ തവണ മത്സരരംഗത്തു നിന്നും മാറിനിന്ന നേതാക്കളെ പരിഗണിക്കുന്നതോടൊപ്പം യൂത്ത് ലീഗ്, വനിതാ ലീഗ് നേതാക്കൾക്കു കൂടി ഇത്തവണ സീറ്റു മാറ്റിവയ്ക്കുക നേതൃത്വത്തിന് വലിയ വെല്ലുവിളിയായിരിക്കും. കൂടാതെ സിറ്റിങ് എംഎ‍ൽഎമാരെ ഒഴിവാക്കി അതതു മണ്ഡലങ്ങളിൽനിന്നുള്ള നേതാക്കൾക്കായും ചരടുവലികൾ ശക്തമാണ്. പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്ലിംലീഗിന്റെ കേരളയാത്ര 11 ന് തിരുവനന്തപുരത്ത് സമാപിക്കുന്നതോടെ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും. ജനുവരി 24 ന് കാസർഗോഡ്‌നിന്നാരംഭിച്ച കേരളയാത്രയിൽ പുതിയ സ്ഥാനാർത്ഥികൾ ആരാവണമെന്ന ആലോചനകളും മണ്ഡലം നേതാക്കളുടെ അഭിപ്രായവും ആരാഞ്ഞിരുന്നു. സിറ്റിങ് എംഎ‍ൽഎ നടപ്പിൽ വരുത്തിയ വികസനവും ഇടപെടലും നേതൃത്വം വിലയിരുത്തിയിരുന്നു.

കേരളയാത്രയിൽനിന്നും ലഭിച്ച സ്ഥാനാർത്ഥികളുടെ സാധ്യതാ ലിസ്റ്റിനും അഭിപ്രായങ്ങൾക്കും മുൻഗണന നൽകിയായിരിക്കും ഇത്തവണ നിയമസഭാ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടക്കുക. ഇതുവരെയുള്ള സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്നും സിറ്റിങ് എംഎ‍ൽഎമാരായ പല പ്രമുഖരും വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് സൂചിപ്പിക്കുന്നത്. തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയായ കോട്ടക്കൽ എംഎ‍ൽഎ അബ്ദുസ്സമദ് സമദാനി, വള്ളിക്കുന്ന് എംഎ‍ൽഎ കെ.എൻ.എ ഖാദർ, കൊണ്ടോട്ടി എംഎ‍ൽഎ കെ മുഹമ്മദുണ്ണി ഹാജിയും  തുടങ്ങിയവർ ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്നാണ് അറിയുന്നത്.

കഴിഞ്ഞ തവണ ലീഗ് പിടിച്ചെടുത്ത സീറ്റുകളടക്കം നിലനിർത്തുന്നതിനായി നേരത്തെ പ്രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യം. 24 സീറ്റിൽ മത്സരിച്ച ലീഗ് ഇരുപത് സീറ്റുകളിലായിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്. എന്നാൽ ഇത്തവണയും 24 സീറ്റിൽ കൂടുതൽ ആവശ്യപ്പെടാൻ സാധ്യതയില്ല. ആർ.എസ്‌പി കൂടി ഇത്തവണ യു.ഡി.എഫിൽ എത്തിയതോടെ മറ്റു ഘടകക്ഷികൾക്കും കൂടുതൽ സീറ്റ് നൽകാൻ സാധ്യതയില്ല. അതേസമയം നിലവിലുള്ള മണ്ഡലങ്ങൾ വച്ചു മാറാനും പുതിയ ആളുകളെ മത്സര രംഗത്തേക്ക് കൊണ്ടുവരാനും നീക്കമുണ്ട്. ലീഗ് മത്സരിച്ചിരുന്ന ഇരവിപുരം സീറ്റ് ആർ.എസ്‌പിക്ക് നൽകി പകരം കരുനാഗപ്പള്ളി തിരികെ വാങ്ങാനും ചർച്ചകളുണ്ട്. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നിന്നും രാജിവച്ച് ലീഗിലെത്തിയ ശ്യാംസുന്ദറിന്റെ പേരാണ് ഈ സീറ്റിലേക്ക് പരിഗണിക്കപ്പെടുന്നത്.

ഇടതുപക്ഷം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കോഴിക്കോട് സൗത്ത്, തിരുവമ്പാടി, അഴീക്കോട്, മണ്ണാർക്കാട്, താനൂർ, തിരൂർ എന്നിവിടങ്ങളിൽ സിറ്റിംങ് എംഎ‍ൽഎമാരെ മത്സരിപ്പിക്കാനാണ് നേതാക്കൾക്കിടയിലെ ധാരണ. മലപ്പുറം ജില്ലയിൽനിന്നും ഒഴിവു വരുന്ന സീറ്റുകളിലേക്ക് പല നേതാക്കളുടെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. അബ്ദുറബ്ബിന്റെ ഒഴിവിലേക്ക് തിരൂരങ്ങാടിയിൽ നിന്നും പി.എം.എ സലാം മത്സരിച്ചേക്കും. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കെ.എൻ.എ ഖാദറിനെ പരിഗണിച്ച് കെ.പി.എ മജീദ് കോട്ടക്കലിൽ നിന്നും ജനവിധി തേടാനും ആലോചന നടക്കുന്നു. ഇതിനു പുറമെ സംസ്ഥാന സെക്രട്ടറി എം.സി മായിൻ ഹാജി, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ്, ജില്ലാ സെക്രട്ടറി ടി.വി ഇബ്രാഹീം, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി എന്നിവരെയും മലപ്പുറത്ത് നിന്നും മത്സരിപ്പിക്കാൻ ഏറെ സാധ്യതയുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്നും മാറി മലപ്പുറത്ത് നിന്നും ജനവിധി തേടാനാണ് ഇപ്പോഴത്തെ ആലോചന.

കോഴിക്കോട് കുന്ദമംഗലത്ത് നിന്നും യൂത്തിലീഗ് അഖിലേന്ത്യാ കൺവീനർ പി.കെ ഫിറോസിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എങ്കിൽ ഈ സീറ്റ് തിരിച്ചു പിടിക്കാൻ സാധിക്കുമെന്നാണ് മണ്ഡലം നേതാക്കളുടെ കണക്കുകൂട്ടൽ. യൂത്ത് ലീഗ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് കഴിഞ്ഞ തവണ സീറ്റ് നൽകിയിരുന്നു. എന്നാൽ ഇത്തവണ പ്രസിഡന്റിനു മാത്രം നൽകാനുള്ള ആലോചനയിലാണ് നേതൃത്വം. എന്നാൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വനിതാ ലീഗിന് ഒരു സീറ്റ് നൽകണമെന്ന വാദം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. സ്ത്രീസമത്വവും സ്ത്രീ പ്രാതിനിധ്യവും കൂടുതൽ ചർച്ച ആയേക്കാവുന്നസാഹചര്യത്തിൽ വനിതക്ക് സീറ്റു നൽകിയില്ലെങ്കിൽ സമൂഹത്തിൽ നിന്നും കൂടുതൽ എതിർപ്പുകൾ നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. 24 ൽ ഒരു സീറ്റ് വനിതാ ലീഗിന് നൽകിയേക്കുമെന്നാണ് സൂചന. ഇങ്ങനെ വന്നാൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വനിതാ ലീഗിന്റെ സംസ്ഥാന നേതൃ നിരയിൽ നിന്നുള്ള സുഹറ മമ്പാടിനായിരിക്കും ഏറെ സാധ്യത. എന്നാൽ സമസ്തയുടെയും പാണക്കാട് തങ്ങളുടെയും അന്തിമ തീരുമാന പ്രകാരമായിരിക്കും വനിതകളുടെ മത്സരം.

കഴിഞ്ഞ നിയമസഭയിൽ സീറ്റ് തർക്കവുമായി ബന്ധപ്പെട്ടുണ്ടായ പൊട്ടിത്തെറികളും പരസ്യ പ്രതികരണവും ഇല്ലാതാക്കുകയാണ് നേരത്തെയുള്ള സ്ഥാനാർത്ഥി ചർച്ചകളിലൂടെ നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ഓരോ മണ്ഡലത്തിലുമുള്ള സംസ്ഥാന നിരയിലും മറ്റു പ്രധാന പദവികളും അലങ്കരിച്ചു വരുന്നവർ നിയമസഭയിലേക്ക് ചരടുവലി കടുപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇവർക്ക് സീറ്റ് നൽകേണ്ടി വന്നാൽ പല സിറ്റിങ് എംഎൽഎമാരുടെയും അവസരങ്ങൾ നഷ്ടമായേക്കും. കൊണ്ടോട്ടി, ഏറനാട്, മലപ്പുറം, താനൂർ, തിരൂർ, വള്ളിക്കുന്ന് തുടങ്ങിയ മണ്ഡലത്തിലങ്ങളിൽനിന്നും മത്സരിക്കാൻ നേതാക്കളുടെ ചരടുവലികൾ ശക്തമാണ്. എന്നാൽ വിജയസാധ്യതയുള്ള സിറ്റിങ് എംഎൽഎമാരെ നിലനിർത്തിയും രണ്ടിൽ കൂടുതൽ തവണ എംഎ‍ൽഎ ആയവരെ മാറ്റിനിർത്താനുമുള്ള നേതൃത്വത്തിന്റെ തീരുമാനമായിരിക്കും നിർണായകം.

മത്സരിക്കുന്ന 24 സീറ്റുകളിലും വിജയിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. യാത്ര സമാപിച്ചാലുടൻ തെരഞ്ഞെടുപ്പിലേക്കുള്ള കർമ്മ പദ്ധതികളായിരിക്കും ആദ്യം ആവിഷ്‌കരിക്കുകയെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.