- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാർത്ഥിനിർണയരീതി മാറണം
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവരാണു കേരളത്തിൽ ഭരണം നടത്തുന്നത്. അതുകൊണ്ടിവിടെ ജനാധിപത്യം നിലവിലിരിക്കുന്നെന്നു പറയാമെങ്കിലും, ഇവിടെ നിലവിലിരിക്കുന്ന ജനാധിപത്യം പൂർണമല്ല. അതു പൂർണമാകേണ്ടതുണ്ട്. ഇവിടത്തെ ജനാധിപത്യം പൂർണമല്ലെന്നു പറയാൻ കാരണമുണ്ട്. തൃപ്പൂണിത്തുറ, കൊല്ലം എന്നീ നിയമസഭാനിയോജകമണ്ഡലങ്ങളിലെ കാര്യം ഉദാഹരണമായെടുക്കാം. മെയ് മാസത്തിൽ നടക്കാൻ പോകുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ ശ്രീ കെ ബാബു ആഗ്രഹിച്ചു. ബാബുവിന്റെ സ്ഥാനാർത്ഥിത്വത്തെ കോൺഗ്രസ്സിന്റെ സംസ്ഥാനനേതൃത്വം വഹിക്കുന്ന ശ്രീ സുധീരൻ അനുകൂലിച്ചില്ല. എന്നാൽ ബാബു തന്നെയായിരിക്കണം തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെന്നു മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ശഠിച്ചു. സുധീരനും ഉമ്മൻ ചാണ്ടിയും അനുകൂലനിലപാടെടുത്തെങ്കിൽ മാത്രമേ ബാബുവിനോ മറ്റാർക്കെങ്കിലുമോ തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ സാധിക്കൂ. സ്ഥാനാർത്ഥിനിർണയത്തിനുള്ള അധികാരം സുധീരനും ഉമ്മൻ ചാണ്ടിക്കുമാണെന്നർത്ഥം. കാര്യം അവിടേയുമവസാന
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവരാണു കേരളത്തിൽ ഭരണം നടത്തുന്നത്. അതുകൊണ്ടിവിടെ ജനാധിപത്യം നിലവിലിരിക്കുന്നെന്നു പറയാമെങ്കിലും, ഇവിടെ നിലവിലിരിക്കുന്ന ജനാധിപത്യം പൂർണമല്ല. അതു പൂർണമാകേണ്ടതുണ്ട്. ഇവിടത്തെ ജനാധിപത്യം പൂർണമല്ലെന്നു പറയാൻ കാരണമുണ്ട്. തൃപ്പൂണിത്തുറ, കൊല്ലം എന്നീ നിയമസഭാനിയോജകമണ്ഡലങ്ങളിലെ കാര്യം ഉദാഹരണമായെടുക്കാം.
മെയ് മാസത്തിൽ നടക്കാൻ പോകുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ ശ്രീ കെ ബാബു ആഗ്രഹിച്ചു. ബാബുവിന്റെ സ്ഥാനാർത്ഥിത്വത്തെ കോൺഗ്രസ്സിന്റെ സംസ്ഥാനനേതൃത്വം വഹിക്കുന്ന ശ്രീ സുധീരൻ അനുകൂലിച്ചില്ല. എന്നാൽ ബാബു തന്നെയായിരിക്കണം തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെന്നു മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ശഠിച്ചു.
സുധീരനും ഉമ്മൻ ചാണ്ടിയും അനുകൂലനിലപാടെടുത്തെങ്കിൽ മാത്രമേ ബാബുവിനോ മറ്റാർക്കെങ്കിലുമോ തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ സാധിക്കൂ. സ്ഥാനാർത്ഥിനിർണയത്തിനുള്ള അധികാരം സുധീരനും ഉമ്മൻ ചാണ്ടിക്കുമാണെന്നർത്ഥം. കാര്യം അവിടേയുമവസാനിക്കുന്നില്ല. സുധീരനും ഉമ്മൻ ചാണ്ടിയുമെടുക്കുന്ന തീരുമാനങ്ങളെ തള്ളാനും കൊള്ളാനും ഡൽഹിയിലുള്ള കോൺഗ്രസ് ഹൈക്കമാന്റിനാകും. ഹൈക്കമാന്റെന്നാൽ കോൺഗ്രസ് പ്രസിഡന്റായ ശ്രീമതി സോണിയാഗാന്ധി.
ബാബുവിനേയോ മറ്റാരെയെങ്കിലുമോ തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാനും ആക്കാതിരിക്കാനും ഈ മൂന്നു വ്യക്തികൾക്കാകും: സുധീരൻ, ഉമ്മൻ ചാണ്ടി, സോണിയാഗാന്ധി. തൃപ്പൂണിത്തുറയിൽ മാത്രമല്ല, കേരളത്തിൽ കോൺഗ്രസ്സു മത്സരിക്കാനുദ്ദേശിക്കുന്ന ഓരോ മണ്ഡലത്തിലേയും കോൺഗ്രസ് സ്ഥാനാർത്ഥി ആരായിരിക്കണമെന്നും ആരായിരിക്കരുതെന്നും തീരുമാനിക്കുന്നത് ഈ മൂന്നു വ്യക്തികളാണ്. സ്ഥാനാർത്ഥിനിർണയത്തിനുള്ള അധികാരം ഇങ്ങനെ ഏതാനും വ്യക്തികളിൽ നിക്ഷിപ്തമാകുന്നതു ജനാധിപത്യസമ്പ്രദായത്തിനു നിരക്കുന്നതല്ല.
കോൺഗ്രസ് പാർട്ടിക്കു തൃപ്പൂണിത്തുറയിൽ അംഗങ്ങളുണ്ട്. തൃപ്പൂണിത്തുറയിലെ കോൺഗ്രസ് പാർട്ടിയംഗങ്ങളെ തൃപ്പൂണിത്തുറയിലെ കോൺഗ്രസ് ജനതയായി കണക്കാക്കാം. വാസ്തവത്തിൽ, തങ്ങളുടെ സ്ഥാനാർത്ഥി ആരായിരിക്കണമെന്നു തീരുമാനിയ്‌ക്കേണ്ടത് തൃപ്പൂണിത്തുറയിലെ ഈ കോൺഗ്രസ് ജനതയാണ്. നേർവിപരീതമാണു നിജസ്ഥിതി: തൃപ്പൂണിത്തുറയിലെ കോൺഗ്രസ് ജനതയ്ക്ക് തങ്ങളുടെ സ്ഥാനാർത്ഥിനിർണയത്തിൽ നേരിട്ടൊരു പങ്കുമില്ല. 'മുകളിൽ' നിന്നുള്ള അംഗീകാരം നേടിയെത്തുന്ന സ്ഥാനാർത്ഥിയെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ മാത്രമേ അവർക്കാകൂ.
സ്ഥാനാർത്ഥിയാകാനുള്ള അംഗീകാരം മുകളിൽ നിന്നു നേടിയെത്തിയിരിക്കുന്ന ബാബുവിനോളമോ ബാബുവിനേക്കാളുമോ യോഗ്യരായ പലരുമുണ്ടെന്ന് തൃപ്പൂണിത്തുറയിലെ പല കോൺഗ്രസ്സുകാർക്കും ബോദ്ധ്യമുണ്ടാകും. എന്നാൽ, തൃപ്പൂണിത്തുറയിലെ കോൺഗ്രസ്സുകാരുടെ അഭിമതം രേഖപ്പെടുത്താനുള്ള, സുനിർവചിതമായൊരു സംവിധാനം ഇന്നു നിലവിലില്ല. തൃപ്പൂണിത്തുറയിൽ മാത്രമല്ല, ഒരു മണ്ഡലത്തിലുമില്ല. പാർട്ടിയിലെ ഉന്നതരായ ഏതാനും വ്യക്തികളുടെ തീരുമാനത്തെ മണ്ഡലത്തിലെ പാർട്ടിജനത പിന്താങ്ങേണ്ടി വരുന്നതു ജനാധിപത്യമല്ല, വൈയക്തികാധിപത്യമാണ്. ജനതയുടെ തീരുമാനത്തെ വ്യക്തികൾ ആദരിക്കുന്നതാണു ജനാധിപത്യം.
സീപ്പീയെമ്മിലെ സ്ഥിതിയും വ്യത്യസ്തമല്ല. കൊല്ലം നിയമസഭാമണ്ഡലത്തിലെ കാര്യമെടുക്കാം. വരുന്ന തെരഞ്ഞെടുപ്പിൽ പ്രസിദ്ധ സിനിമാനടൻ ശ്രീ മുകേഷിനെ സ്ഥാനാർത്ഥിയാക്കാൻ സീപ്പീയെമ്മിന്റെ സംസ്ഥാനനേതാവായ ശ്രീ കോടിയേരി ബാലകൃഷ്ണൻ നിർദ്ദേശിച്ചെന്ന വാർത്ത കണ്ടിരുന്നു. കോടിയേരി ബാലകൃഷ്ണൻ ഒരു വ്യക്തി മാത്രമാണെങ്കിലും, സീപ്പീയെമ്മിലെ സ്ഥാനാർത്ഥിമോഹികളിൽ പലരേയും സ്ഥാനാർത്ഥികളാക്കാനും സ്ഥാനാർത്ഥികളാക്കാതിരിക്കാനും കോടിയേരി ബാലകൃഷ്ണനു കഴിയും. കോടിയേരി ബാലകൃഷ്ണന്റെ തീരുമാനവും അന്തിമമല്ല. അന്തിമതീരുമാനം സീപ്പീയെമ്മിന്റെ ഡൽഹിയിലുള്ള കേന്ദ്രക്കമ്മിറ്റിയുടേയോ, പരമോന്നതഭരണസമിതിയായ പൊളിറ്റ് ബ്യൂറോവിന്റെ തന്നെയോ കൈയിലാണെന്നു വരാം.
കൊല്ലം നിയമസഭാനിയോജകമണ്ഡലത്തിൽ ധാരാളം സീപ്പീയെംകാരുണ്ട്: പാർട്ടിയംഗങ്ങൾ; പാർട്ടിക്കുള്ളിലെ ജനത. വാസ്തവത്തിൽ, കൊല്ലം മണ്ഡലത്തിലെ സീപ്പീയെംസ്ഥാനാർത്ഥിയെ നിശ്ചയിയ്‌ക്കേണ്ടത് അവിടത്തെ ഈ സീപ്പീയെം ജനതയാണ്. കൊല്ലത്തെ സീപ്പീയെം സ്ഥാനാർത്ഥിയാകാൻ മുകേഷിനോളമോ അതിലേറെയുമോ യോഗ്യരായ പലരുമുണ്ടെന്ന് കൊല്ലത്തെ സീപ്പീയെം ജനതയ്ക്കു ബോദ്ധ്യമുണ്ടാകാം. അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും പരിഗണിക്കപ്പെടാനുമുള്ളൊരു സംവിധാനം ഇന്നു നിലവിലില്ല. തങ്ങളുടെ സ്ഥാനാർത്ഥി ആരായിരിക്കണമെന്നു തീരുമാനിക്കാനുള്ള പൂർണാധികാരം കൊല്ലത്തെ സീപ്പീയെംകാർക്കാണുണ്ടാകേണ്ടിയിരുന്നത്; അതവർക്കില്ല. സംസ്ഥാനസെക്രട്ടറിയേറ്റോ കേന്ദ്രക്കമ്മിറ്റിയോ പൊളിറ്റ്ബ്യൂറോയോ നിർദ്ദേശിക്കുന്ന വ്യക്തിയെത്തന്നെ സ്ഥാനാർത്ഥിയായി സ്വീകരിച്ചു പിന്തുണയ്ക്കുകയല്ലാതെ മറ്റൊരു മാർഗവും കൊല്ലത്തെ സീപ്പീയെംകാർക്കിപ്പോഴില്ല. സ്ഥാനാർത്ഥിനിർണയം ഉന്നതങ്ങളിൽ നടക്കുന്നതു കൊല്ലത്തെ മാത്രം കാര്യമല്ല, കേരളത്തിലെ നൂറ്റിനാല്പതു നിയോജകമണ്ഡലങ്ങളിലേയും സ്ഥിതി അതു തന്നെയാണ്.
കോൺഗ്രസ്സും സീപ്പീയെമ്മും കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്പാർട്ടികളാണ്. 2011ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് 45.8 ശതമാനം വോട്ടു കിട്ടി; സീപ്പീയെമ്മിനു 44.9 ശതമാനവും. ഇരുപാർട്ടികൾക്കും കൂടി ആകെ തൊണ്ണൂറു ശതമാനത്തിലേറെ. മറ്റൊരു കക്ഷിക്കും ഇവരോളം ജനപിന്തുണ കിട്ടിയിട്ടില്ല. ഏറ്റവുമധികം ജനപിന്തുണയുള്ള ഈ രണ്ടു രാഷ്ട്രീയകക്ഷികളിലെ സ്ഥിതിയിതായിരിയ്‌ക്കെ, ചെറിയ രാഷ്ട്രീയപ്പാർട്ടികളിലെ കാര്യം പറയാനില്ല; അവിടങ്ങളിലെല്ലാം, സ്ഥാനാർത്ഥിനിർണയത്തിനുള്ള അധികാരം ഒന്നോ രണ്ടോ വ്യക്തികൾക്കായിരിക്കുമുള്ളത്. ചുരുക്കിപ്പറഞ്ഞാൽ, ഏതാനും വ്യക്തികളുണ്ടാക്കിയിരിക്കുന്ന പട്ടികകളിൽ കടന്നുകൂടാൻ കഴിഞ്ഞിരിക്കുന്നവർ മാത്രമാണു കേരളത്തിലെ നൂറ്റിനാല്പത് എം എൽ ഏമാരാകാൻ പോകുന്നത്. സ്ഥാനാർത്ഥിനിർണയം നടക്കുന്നതു ജനാധിപത്യരീതിയിലല്ലെന്നർത്ഥം.
ഇതിനൊരു മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഈ ലേഖകൻ നിർദ്ദേശിക്കുന്ന മാറ്റമിതാണ്: തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ആരായിരിക്കണമെന്നു തീരുമാനിക്കുന്നത് തൃപ്പൂണിത്തുറയിലുള്ള കോൺഗ്രസ്സുകാരായിരിക്കണം. അതുപോലെ, കൊല്ലത്തെ സീപ്പീയെം സ്ഥാനാർത്ഥി ആരെന്ന അന്തിമതീരുമാനമെടുക്കുന്നതുകൊല്ലത്തെ സീപ്പീയെംകാരായിരിക്കണം.
ഇതൊരു പൊതുതത്വരൂപത്തിൽ അവതരിപ്പിക്കാം: ഒരു മണ്ഡലത്തിലെ ഒരു രാഷ്ട്രീയകക്ഷിയുടെ സ്ഥാനാർത്ഥിയെ ആ മണ്ഡലത്തിൽ ആ കക്ഷിക്കുള്ള അംഗങ്ങൾ തന്നെ വേണം നിശ്ചയിക്കാൻ. സ്ഥാനാർത്ഥിനിർണയം തൃണമൂലതലത്തിലുള്ളതായിരിക്കണം എന്നർത്ഥം. തൃണമൂലതലത്തിലെടുക്കുന്ന തീരുമാനം അന്തിമവുമായിരിക്കണം. ആ തീരുമാനത്തിനു മാറ്റം വരുത്താൻ സംസ്ഥാനനേതൃത്വത്തിനോ അഖിലേന്ത്യാനേതൃത്വത്തിനോ ആവരുത്.
ഇതെങ്ങനെ നടപ്പിൽ വരുത്താം? വോട്ടെടുപ്പാണു ജനാധിപത്യത്തിന്റെ തെളിവ്. സ്ഥാനാർത്ഥിനിർണയവും വോട്ടെടുപ്പിലൂടെ നടത്തണം. തൃപ്പൂണിത്തുറയെത്തന്നെ ഉദാഹരണമായെടുക്കാം. തൃപ്പൂണിത്തുറ മണ്ഡലത്തിലെ കോൺഗ്രസ്സുകാർ തങ്ങളുടെ സ്ഥാനാർത്ഥിയാരെന്ന് ഒരു വോട്ടെടുപ്പിലൂടെ തീരുമാനിക്കുന്നു. തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിമോഹികളുടെ പേരുകളടങ്ങിയ ബാലറ്റ് പേപ്പറിൽ സീലു കുത്തി, ആ മണ്ഡലത്തിലെ ഓരോ കോൺഗ്രസ്സംഗവും വോട്ടു ചെയ്യുന്നു. മണ്ഡലത്തിലെ പാർട്ടിക്കുള്ളിൽ നടക്കുന്ന ഈ വോട്ടെടുപ്പിൽ ഏറ്റവുമധികം വോട്ടു നേടുന്ന സ്ഥാനാർത്ഥിമോഹി തൃപ്പൂണിത്തുറ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെടുന്നു, അദ്ദേഹം തെരഞ്ഞെടുപ്പു കമ്മീഷൻ നിയമിച്ചിരിക്കുന്ന വരണാധികാരിക്കു മുമ്പാകെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു.
''ഏറ്റവുമധികം വോട്ടു നേടുന്ന'' എന്ന പ്രയോഗം പ്രത്യേകശ്രദ്ധയർഹിക്കുന്നു. ഭൂരിപക്ഷമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഭൂരിപക്ഷമെന്നാൽ, ആകെ പോൾ ചെയ്ത വോട്ടിന്റെ അമ്പത്തൊന്നു ശതമാനമോ അതിലേറെയോ എന്നർത്ഥം. പലപ്പോഴും ഭൂരിപക്ഷം അസാദ്ധ്യമാകാനാണിട. അതുകൊണ്ടിവിടെ ഭൂരിപക്ഷം ആവശ്യമില്ല, ഏറ്റവുമധികം വോട്ടു മതിയാകും. ആകെ പോൾ ചെയ്ത വോട്ടിൽ ഏറ്റവുമധികം നേടുന്ന സ്ഥാനാർത്ഥിമോഹി, വിജയി.
സമാനമായ നടപടിക്രമം കൊല്ലം മണ്ഡലത്തിലുമുണ്ടാകണം. അവിടെ, സീപ്പീയെമ്മിന്റെ സ്ഥാനാർത്ഥിയാകാനാഗ്രഹിക്കുന്നവരുടെ പേരുകളടങ്ങുന്നൊരു ബാലറ്റ് പേപ്പറിൽ സീലു കുത്തിക്കൊണ്ട്, ആ മണ്ഡലത്തിലുള്ള സീപ്പീയെം പാർട്ടിയംഗങ്ങൾ വോട്ടു ചെയ്യുന്നു. ഏറ്റവുമധികം വോട്ടു നേടുന്ന സ്ഥാനാർത്ഥിമോഹി കൊല്ലം മണ്ഡലത്തിലെ സീപ്പീയെം സ്ഥാനാർത്ഥിയാകുന്നു.
ചുരുക്കിപ്പറഞ്ഞാൽ, ഒരു മണ്ഡലത്തിലെ ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിനിർണയം നടത്തുന്നത് ആ മണ്ഡലത്തിൽ ആ പാർട്ടിക്കുള്ള അംഗങ്ങൾ മാത്രം പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെയായിരിക്കണം. വോട്ടെടുപ്പിൽ വിജയിക്കുന്ന വ്യക്തിയെ ആ പാർട്ടി തങ്ങളുടെ ഔദ്യോഗികസ്ഥാനാർത്ഥിയാക്കി ആ മണ്ഡലത്തിലെ പൊതുജനസമക്ഷം അവതരിപ്പിക്കുന്നു. പൊതുതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷജനപിന്തുണ നേടാനായാൽ ആ സ്ഥാനാർത്ഥി എം എൽ ഏയാകുന്നു.
മുകളിൽ നിർദ്ദേശിച്ചിരിക്കുന്ന രീതിയനുസരിച്ച്, കെ ബാബു തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി അംഗീകരിക്കപ്പെടണമെങ്കിൽ, തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിമോഹികൾക്കായി പാർട്ടിക്കുള്ളിൽ നടക്കുന്ന വോട്ടെടുപ്പിൽ ഏറ്റവുമധികം വോട്ടു നേടണം. അതുപോലെ, കൊല്ലം മണ്ഡലത്തിലെ സീപ്പീയെമ്മിന്റെ സ്ഥാനാർത്ഥിമോഹികൾക്കായി സീപ്പീയെമ്മിനുള്ളിൽ നടക്കുന്ന വോട്ടെടുപ്പിൽ മുന്നിലെത്താനായാൽ മാത്രമേ, മുകേഷിനു കൊല്ലം മണ്ഡലത്തിലെ സീപ്പീയെമ്മിന്റെ സ്ഥാനാർത്ഥിയാകാനാകൂ.
തെരഞ്ഞെടുപ്പുകമ്മീഷൻ തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ രാഷ്ട്രീയപ്പാർട്ടികൾക്കു മുകളിൽ നിർദ്ദേശിച്ച പ്രകാരത്തിലുള്ള സ്ഥാനാർത്ഥിനിർണയപ്രക്രിയ നടത്തി, കേരളമൊട്ടാകെയുള്ള സ്ഥാനാർത്ഥിലിസ്റ്റു തയ്യാറാക്കി വയ്ക്കാവുന്നതേയുള്ളൂ. സ്ഥാനാർത്ഥിമോഹികൾ പാർട്ടികളുടെ താക്കോൽസ്ഥാനങ്ങളിലുള്ള നേതാക്കളുടെ വീട്ടുപടിക്കൽ രാപകൽ കാത്തുനിൽക്കുന്ന ഇന്നത്തെ സ്ഥിതിയ്‌ക്കൊരവസാനമുണ്ടാക്കാൻ മുകളിൽ സമർപ്പിച്ചിരിക്കുന്ന നിർദ്ദേശത്തിനാകും. പകരം, സ്ഥാനാർത്ഥിമോഹികൾ മണ്ഡലത്തിലെ പാർട്ടിയംഗങ്ങളുമായി, അതായതു ജനതയുമായി, ബന്ധം പുലർത്താൻ തുടങ്ങും. മണ്ഡലത്തിലെ പാർട്ടിപ്രവർത്തകർക്കു ബോദ്ധ്യമില്ലാത്തവർ സ്ഥാനാർത്ഥികളാകുന്ന ദുസ്ഥിതി കുറയുകയും ചെയ്യും.
സ്ഥാനാർത്ഥിനിർണയത്തിനുള്ള അധികാരം പാർട്ടികളിലെ ഉന്നതവൃത്തങ്ങളിൽ നിന്നു മണ്ഡലങ്ങളിലെ പാർട്ടിയംഗങ്ങളിലേയ്ക്ക്, പാർട്ടികളുടെ തൃണമൂലതലത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലും. തൃണമൂലങ്ങളുടെ ശാക്തീകരണം സാദ്ധ്യമാകും. ജനാധിപത്യത്തിൽ പരമാധികാരം ജനതയ്ക്കാണുണ്ടാകേണ്ടത്, വ്യക്തികൾക്കല്ല. അതുകൊണ്ടു സ്ഥാനാർത്ഥിനിർണയത്തിനുള്ള പരമാധികാരവും ജനതയ്ക്കുണ്ടായേ തീരൂ തീരൂ.