പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോഷ്യൽ മീഡിയയിൽ താരമായി മാറിയ ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി തോറ്റു. സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് വിബിത ബാബുവിനെതിരെ സൈബർ പ്രചാരണവും ശക്തമായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി സി.കെ.ലതാകുമാരിക്കാണ് ഇവിടെ വിജയം.

ആദ്യഘട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തിയ അഡ്വ.വിബിത ബാബുവിന് പിന്നീട് വോട്ടുകൾ ഏറിയെങ്കിലും ഒടുവിൽ പരാജയം രുചിക്കേണ്ടി വന്നു. 9278 വോട്ടാണ് ബിബിതയ്ക്ക് ലഭിച്ചത്. 10469 വോട്ടുകൾ നേടിയാണ് ലതാ കുമാരിയുടെ വിജയം.

തികഞ്ഞ വിജയ പ്രതീക്ഷയുണ്ടായിരുന്ന വിബിതയ്ക്ക് ഫലം തിരിച്ചടിയായി.കെഎസ് യുവിലൂടെയാണ് വിബിത രാഷ്ട്രീയത്തിൽ എത്തുന്നത്. ബിജെപി സ്ഥാനാർത്ഥിയാണ് ആദ്യ റൗണ്ടുകളിൽ മുന്നിട്ട് നിന്നതെങ്കിലും പിന്നീട് എൽഡിഎഫ് സ്ഥാനാർത്ഥി ലീഡ് പിടിച്ചെടുക്കുകയായിരുന്നു. സ്ഥാനാർത്ഥികളുടെ നിരവധി പോസ്റ്ററുകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അത്തരത്തിൽ വാട്‌സാപ്പ്, ഫേസ്‌ബുക്ക് എന്നിങ്ങനെ എല്ലാ സാമൂഹിക മാധ്യമങ്ങളിലും വിബിത ബാബുവിന്റെ നിരവധി ചിത്രങ്ങൾ പ്രചരിച്ചിരുന്നു. വൈറലായ സാഹചര്യത്തിൽ വിജയിക്കും എന്നുള്ള ആത്മവിശ്വാസത്തിലായിരുന്നു വിബിത.

പ്രചാരണത്തിനിടെ അപകീർത്തികരമായ രീതിയിൽ വ്യാജ വീഡിയോ തയ്യാറാക്കി പോസ്റ്റർ സഹിതം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ അഡ്വ. വിബിത ബാബു ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് സൈബർ വിഭാഗം അന്വേഷണം തുടരുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളുന്ന അഭിഭാഷകയെന്ന നിലയിൽ ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ലെന്നും മത്സരം ആരോഗ്യകരമാവണമെന്നും അധിക്ഷേപിച്ച് തളർത്താനുള്ള നീക്കം വിജയിക്കില്ലെന്നും വിബിത പറഞ്ഞിരുന്നു.

കഴിഞ്ഞ 11 വർഷമായി അഭിഭാഷകയായ വിബിത ആദ്യമായാണ് മത്സരത്തിനിറങ്ങിയത്. ഇടതുകോട്ടയായ മല്ലപ്പള്ളി പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് വിബിതയെ മത്സരത്തിനിറക്കിയത്.