തൊടുപുഴ: ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളിൽ ഇപ്പോൾ നിലവിലുള്ള ഡ്രൈവർമാരുടെ ഒഴിവുകൾ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെയും ഉദ്യോഗാർത്ഥികളെയും കബളിപ്പിച്ചുകൊണ്ട് തദ്ദേശസ്വയം ഭരണവകുപ്പ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തതായി ആരോപണം. (ഗ്രേഡ് 2 എൽഡിവി) ഒഴിവുകൾ റിപ്പോർട്ട് ചെയ്തതിലൂടെയാണ് തദ്ദേശവകുപ്പ് കൃത്രിമം കാട്ടി വഞ്ചിച്ചു എന്നാണ് ഇപ്പോൾ ഉദ്യോഗാർത്ഥികളുടെ ഭാഗത്തുനിന്നുള്ള ആരോപണം.

വർഷങ്ങളായി ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാരെ നിലനിർത്തി സംരക്ഷിക്കാൻ പിഎസ്‌സി ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതിന് 14 വകുപ്പുകൾ ഗുരുതരമായ വീഴ്ച വരുത്തി എന്നും ആക്ഷേപം നിലനിൽക്കുന്നുണ്ട്. റാങ്ക് ലിസ്റ്റിന്റ കാലാവധി തീരാറായ സാഹചര്യത്തിൽ ഉദ്യോഗം പ്രതീക്ഷിച്ചിരിക്കുന്നവർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ നേരിൽ കണ്ട് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല. ഇതേത്തുടർന്ന് ഇവർ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. കോടതി ഈ വിഷയവുമായി ബന്ധപ്പെട്ട് ഇവരുടെ പരാതിയിന്മേൽ ബന്ധപ്പെട്ട വകുപ്പ് തലവന്മാരോട് വിശദീകരണം ചോദിച്ചു. പക്ഷെ ഒഴിവുകൾ ഉണ്ടെങ്കിൽ അത് സർക്കാരാണ് തസ്തിക സൃഷ്ടിക്കേണ്ടതെന്നും പറഞ്ഞ് 13 വകുപ്പ് മേധാവികൾ കൈമലർത്തി. എന്നാൽ തദ്ദേശ വകുപ്പ് 15 ഒഴിവുകളുണ്ടെന്ന് കോടതിയിൽ പറഞ്ഞു.

ഈ ഒഴിവുകൾ ഒരു മാസത്തിനകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞ സെപ്റ്റംബർ 29 ന് കോടതി ഉത്തരവിട്ടു. എന്നിട്ടും കേസുമായി പോയ ഉദ്യോഗാർത്ഥികൾ ഏഴ് പേർക്കും മൂന്നുമാസം കഴിഞ്ഞിട്ടും യാതൊരു അറിയിപ്പും ഒരു ഭാഗത്തുനിന്നും ഉണ്ടായില്ല എന്നാണ് ആക്ഷേപം. റാങ്ക് ലിസ്റ്റിന്റ കാലാവധി തീരാറായപ്പോൾ വിവരാകാശരേഖകൾ സംഘടിപ്പിച്ചതും വിവേദനം നൽകിയതും കോടതിയെ സമീപിച്ചതും ഉൾപ്പെടെയുള്ളവരാണ് ജോലി ലഭിക്കാത്ത 7 പേരും. കോടതി ഇടപെട്ട് ഉത്തരവുണ്ടായിട്ടും ജോലി നൽകാത്തത്തിന്റെ ഉള്ളിലുള്ള ചേതോവികാരം എന്താണെന്ന് മനസിലാവുന്നില്ലെന്നും ഇതിൽ വ്യാപകമായ അന്വേഷണം ആവശ്യമാണ് എന്നുമാണ് ജോലി കിട്ടാതെ നിൽക്കുന്ന ഉദ്യോഗാർത്ഥികൾ പറയുന്നത്.

ഇവർക്ക് ജോലി നൽകാത്തതിനെതിരെയുള്ള പരാതി ഇപ്പോൾ മനുഷ്യാവകാശ കമ്മീഷന്റെ പക്കലാണ്. ഇവരുടെ പരാതിയിന്മേൽ ഇപ്പോൾ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരിക്കുകയാണ്. ഒരു സ്ഥലത്തു നിന്നും അനുകൂലമായ നിതി ലഭിച്ചിട്ടില്ല എന്ന് ഇവർക്കു പരാതിയുണ്ട് .കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെയും മനഃപൂർവ്വം വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് മേധാവിക്കെതിരെയും കോടതിയെ സമീപിക്കാനാണ് ഇവരുടെ ഇപ്പോഴത്തെ തീരുമാനം. കുടുംബസമേതം സെക്രട്ടറിയേറ്റിനു മുന്നിൽ ഉപവാസസമരം നടത്താനും ഒരുങ്ങുകയാണ് ഉദ്യോഗാർത്ഥികൾ.

റാങ്ക് ലിസ്റ്റിലെ 226 പേരിൽ 118 പേർക്കാണ് ഇടുക്കി ജില്ലയിൽ നിലവിൽ നിയമനം ലഭിച്ചത്. ജില്ലയിൽ 400 ഓളം ഒഴിവുകൾ നിലനിൽക്കുമ്പോഴും നിയമനടപടികൾ നടക്കുന്നില്ല എന്ന പരാതി നിലനിൽക്കുന്നു.