കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കി ക്കെതിരെ കാപ്പ ചുമത്താൻ പൊലിസ് നീക്കം തുടങ്ങി. ഇതു സംബന്ധിച്ച് കണ്ണുർസിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി രാഹുൽ ആർ നായർക്കും കണ്ണൂർ കലക്ടർ എസ്.ചന്ദ്രശേഖറിനും റിപ്പോർട്ട് നൽകി. സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളുമായി ബന്ധപ്പെട്ട പ്രതിക്കെതിരെ കാപ്പ ചുമത്താമെന്നാണ് പൊലീസ് റിപ്പോർട്ട്. ഇപ്പോൾ ജാമ്യത്തിലുള്ള അർജുൻ ആയങ്കി ക്കെതിരെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റു ചെയ്യാനാണ് നീക്കം.

സാധാരണ നിരവധി കേസുകളിൽ പ്രതിയായവർക്കെതിരെയാണ് കാപ്പ ചുമത്തുന്നതെങ്കിൽ അർജുൻ ആയങ്കി ക്കെതിരെ അത്തരം ക്രിമിനൽ കേസുകൾ നിലവില്ല. ഡിവൈഎഫ്ഐ നേതാവ് മനു തോമസിനെ വിമർശിച്ചു കൊണ്ടു ഫെയ്‌സ് ബുക്ക് പോസ്റ്റിടുകയും വാർത്താ സമ്മേളനം നടത്തി സിപിഎമ്മിനുള്ളിലെ രഹസ്യങ്ങൾ വിളിച്ചു പറയുകയും ചെയ്യുമെന്ന് മൂന്നാഴ്‌ച്ച മുൻപ് അർജുൻ ആയങ്കി ഫേസ്‌ബുക്കിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം.ഷാജർ അർജുൻ ആയങ്കിക്കെതിരെ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.

സോഷ്യൽ മീഡിയയിലൂടെ നേതാക്കളെയും സംഘടനയെയും അവഹേളിക്കുന്നുവെന്നായിരുന്നു പരാതി. ഇതേ തുടർന്നാണ് പൊലിസ് സൈബർ നിയമപ്രകാരം കേസെടുത്തത്. പി.ജയരാജന്റെ അടുത്ത അനുയായിയെന്നറിയപ്പെടുന്ന അർജുൻ ആയങ്കി കരിപ്പുർ സ്വർണക്കടത്ത് കേസിൽ പ്രതിയായതിനു ശേഷം ഡിവൈഎഫ്ഐ യുമായും സി.പിഎമ്മുമായും അകൽച്ചയിലാണ്.

നേരത്തെയും അർജുനും ശുഹൈബ് വധകേസിലെ പ്രതി ആകാശ് തില്ലങ്കേരിയും സിപിഎം നേതൃത്വത്തിനെതിരെ അഴിച്ചുവിട്ടിട്ടുണ്ട്. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതിയായതിനെ തുടർന്ന് ഏറെക്കാലം ജയിലിൽ കിടക്കുകയും ഇപ്പോൾ ജാമ്യത്തിലിറങ്ങുകയും ചെയ്ത അർജുൻ ആയങ്കിക്ക് കണ്ണുർ ജില്ലയിൽ കോടതി ജാമ്യവ്യവസ്ഥ പ്രകാരം പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

ചെറിയൊരു ഇടവേളയ്ക്കു ശേഷം അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഡിവൈഎഫ്‌ഐയുമായി ഏറ്റുമുട്ടൽ തുടങ്ങിയതോടെ ത്രിശങ്കുവിലായത് കണ്ണൂരിലെ ചെന്താരകമായ പി.ജയരാജനായിരുന്നു. കണ്ണൂരിലെ പാർട്ടി അണികളുടെ ചെഗുവേരയായ പി.ജയരാജനെ അതിരറ്റ് സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ് ഈ സൈബർ സഖാക്കൾ. സൈബർ സഖാക്കളുടെ വളർച്ചയ്ക്ക് വെള്ളവും വളവും ഇട്ടു കൊടുത്ത് അവരെ പന പോലെ വളർത്തിയത് പി.ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായ കാലത്തായിരുന്നുവെന്ന വിമർശനമാണ് പാർട്ടിയിലെ പിണറായി പക്ഷക്കാർ ഇപ്പോൾ വീണ്ടും പൊടി തട്ടിയെടുക്കുന്നത്. നേരത്തെ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സിഐ.ടി.യു നേതാവ് കെ.പി സഹദേവനും - പി.ജെയും തമ്മിൽ ഈ കാര്യത്തിൽ വാക്കേറ്റം വരെ നടന്നു.

സംസ്ഥാന കമ്മിറ്റിയെ പ്രതിനീധീകരിച്ചു യോഗത്തിൽ പങ്കെടുത്ത എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു ഈ ഏറ്റുമുട്ടൽ. ഈ സംഭവം സംസ്ഥാന സെക്രട്ടറിയേറ്റിൽ എം.വി ഗോവിന്ദൻ അറിയിക്കുകയും അച്ചടക്ക ലംഘനം നടത്തിയ ഇരുവരെയും പാർട്ടി നേതൃത്വം ശാസിക്കുകയും ചെയ്തു. അർജുൻ ആയങ്കിയെ പോലുള്ള സൈബർ സഖാക്കളെ വളർത്തിയത് പി.ജയരാജനാണെന്നായിരുന്നു മുതിർന്ന ട്രേഡ് യൂനിയൻ നേതാവ് കൂടിയായ കെ.പി സഹദേവന്റെ ആരോപണം. ഇന്ന് നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വീണ്ടും ആയങ്കി വിഷയം ചർച്ചയായിട്ടുണ്ടെന്നാണ് സൂചന. ഇതോടെ പാർട്ടിയിൽ കഴിഞ്ഞ കുറെ കാലമായി ഒതുക്കലിനെ നേരിടുന്ന പി.ജെ യുടെ നില കൂടുതൽ പരുങ്ങലിലാവുമെന്നാണ് സൂചന.

അർജുൻ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും പി.ജയരാജൻ കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഭവത്തെ തുടർന്ന് തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും ഒരു കാലത്ത് പാർട്ടിക്കായി എന്തിനും തയ്യാറായി നടന്നവർ ഇപ്പോൾ ഇച്ഛാഭംഗത്തോടെ ജയരാജൻ ഒഴികെയുള്ള നേതാക്കൾക്കെതിരെ ആരോപണങ്ങളുടെ വെടിയുതിർക്കുമോയെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം. എന്നാൽ സിപിഎം സൈബർ പോരാളികളായി അറിയപ്പെടുന്ന ഇവരും ഡിവൈഎഫ്‌ഐ നേതൃത്വവും തമ്മിലുള്ള പോരിൽ വിയർക്കുന്നത് പി.ജെയല്ല മറ്റു പല നേതാക്കളുമാണ്. പാർട്ടിക്ക് വേണ്ടി ഒരു കാലഘട്ടത്തിൽ കൊല്ലാനും ചാവാനും നടന്നവർ ഇപ്പോൾ എതിരാളികളായി മുൻപിൽ നിൽക്കുമ്പോൾ തള്ളണോ കൊള്ളണോ എന്നറിയാത്ത അവസ്ഥയിലാണ് ഔദ്യോഗിക നേതൃത്വം.

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി പ്രതിയായതിനെ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി കഴിഞ്ഞ വർഷം ആയങ്കിയെ തള്ളി പറയുകയും ഡിവൈഎഫ്‌ഐ സ്വർണക്കടത്ത് മാഫിയക്കെതിരെ പാർട്ടി പദയാത്രകൾ നടത്തുകയും ചെയ്തിരുന്നുവെങ്കിലും സിപിഎമ്മുമായുള്ള അടിവേര് ഇതുവരെ സൈബർ പോരാളികൾ മുറിച്ചു മാറ്റിയിരുന്നില്ല.

സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് അതുപയോഗിച്ചാണ് ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും അടക്കമുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന ഡിവൈഎഫ്ഐ നേതാവ് മനു തോമസിന്റെ ആരോപണമാണ് ആയങ്കിയെ ചൊടിപ്പിച്ചത്. പി ജയരാജനെ മാത്രം പുകഴ്‌ത്താനും മറ്റുള്ള നേതാക്കളെ ഇകഴ്‌ത്താനും ഇവർക്ക് സാധിക്കുന്നത് പാർട്ടി ബോധ്യം ഇല്ലാത്തതിനാലാണെന്നായിരുന്നു ഡിവൈഎഫ്ഐയുടെ മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ മനുവിന്റെ കുറ്റപ്പെടുത്തൽ. ഇരുവരേയും പി ജയരാജൻ തന്നെ തള്ളിപ്പറഞ്ഞതാണെന്നും ആഎസ്എസ് ക്രിമിൽ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് രണ്ടുപേരുമെന്നും മനു തോമസ് പറഞ്ഞു.

എല്ലാം തുറന്നു പറയും എന്ന് വിരട്ടി ഡിവൈഎഫ്ഐയെ വെറുതെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നാണ് അർജുൻ ആയങ്കിക്ക് മനു തോമസിന്റെ മറുപടി. ഒരാളെ കൊല്ലാനും പാർട്ടി ഇവരെ പറഞ്ഞുവിട്ടില്ല എന്നും സിപിഎം ജില്ലാ കമ്മറ്റി അംഗം കൂടിയായ മനു തോമസ് വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാനായാണ് പി ജയരാജനെ പുകഴ്‌ത്തുന്നത്. പി ജയരാജൻ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീർക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും മനു ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അർജ്ജുൻ ആയങ്കി ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും തുറന്ന് പറഞ്ഞാൽ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമെന്നുമായിരുന്നു അർജുന്റെ മുന്നറിയിപ്പും നൽകുകയുണ്ടായി.