തിരുവനന്തപുരം: മാന്ത്രിക വിരലുകളാൽ വയലിനിൽ വിസ്മയസംഗീതം തുറന്നുവിട്ട ബാലുവിന്റെ വേർപാടിൽ കേരളത്തിന്റെ കണ്ണീർപൂക്കൾ. ജനമനസ്സുകളിൽ അത്രയേറെ ഇടം നേടിയ ഒരു കലാകാരനായിരുന്നു ബാലഭാസ്‌കറെന്ന് ഒരുനോക്കുകാണാൻ എത്തിയ പതിനായിരങ്ങൾ സാക്ഷ്യ പറഞ്ഞു. ആ അതുല്യ കലാകാരന്റെ വേർപാട് ഉൾക്കൊള്ളാൻ കഴിയാത്ത നിലയിലായിരുന്നു ആരാധകരും, സുഹൃത്തുക്കളും. അകാലത്തിൽ പൊലിഞ്ഞുപോയ കലാകാരന് അന്ത്യാഞ്ജലി അർപ്പിക്കാൻ കൂടിയവരൊക്കെ ഇനിയും ആ വിയോഗത്തോട് പൊരുത്തപ്പെടാത്തതുപോലെ.

ഇന്നലെ ഉച്ച് മുതൽ ബാലഭാസ്‌ക്കറിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധിപേരാണ് മൃതദേഹം പൊതു ദർശനത്തിന് വച്ച യൂണിവേഴ്സിറ്റി കോളേജിലും കലാഭവനിലും തിരുമലയിലെ വീട്ടിലും എത്തിയത്. ചേതനയറ്റ തങ്ങളുടെ പ്രിയപ്പെട്ടവന്റെ ശരീരം കണ്ട് എത്തിയവരെല്ലാം വിങ്ങിപൊട്ടുകയായിരുന്നു. സ്‌കൂൾ - കോളേജ് കാലഘട്ടത്തിലെ സുഹൃത്തുക്കളും സംഗീത മേഖലയിലെ സുഹൃത്തുക്കളുമെല്ലാം എത്തിയിരുന്നു. അവരൊക്കെ പരസ്പരം എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ ഉഴലുകയായിരുന്നു. ഹാർമണി വീട്ടിലെ കിടപ്പുമുറിയിൽ തന്നെയായിരുന്നു ബാലുവിന്റെ ശരീരം വച്ചിരുന്നത്. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി പകുതി മാഞ്ഞുപോയ നിലയിലായിരുന്ന അടഞ്ഞ മിഴികളോടെയുള്ള ആ മുഖം. സുഹൃത്തുക്കളോടൊപ്പം കൂടിയാൽ ഫുൾ ജോളിയായിരുന്നു ബാലു. എവിടെ വച്ച് കണ്ടാലും ഓടിവന്ന് തോളിൽ കൈയിട്ട് സംസാരം തുടങ്ങും. എന്നാൽ ഇന്നലെ കാണാനെത്തിയ സുഹൃത്തുക്കൾക്ക് സഹിക്കാനായില്ല തങ്ങളുടെ ആ ചങ്ക് ചങ്ങാതിയുടെ ചേതനയറ്റ കിടപ്പ്.

സ്റ്റേജ് ഷോകളിൽ ഫ്യൂഷൻ വിസ്മയം തീർത്ത സ്റ്റീഫൻ ദേവസ്യയും ശിവമണിയും തങ്ങളുടെ സ്വന്തം ബാലുവിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു. സ്റ്റീഫൻ മരണം അറിഞ്ഞപ്പോൾ തന്നെ എത്തിയിരുന്നു. ശിവമണി ഇന്ന് രാവിലെയാണ് എത്തിയത്. ഇന്നലെ കലാഭവനിൽ പൊതു ദർശനത്തിന് വച്ചപ്പോൾ സ്റ്റീഫൻ ദേവസ്യയും സംഘവും ബാലുവിന്റെ പ്രിയപ്പെട്ട ഗാനമായ ഉയിരെ.. എന്ന ഗാനം അവതരിപ്പിച്ചു. പിന്നീട് ബാലു മ്യൂസിക് ചെയ്ത ഗാനങ്ങളൊക്കെ ആദരവായി അവതരിപ്പിച്ചു. സംഗീതത്താൽ ഓർമകളുടെ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ട് അപ്പോൾ മുതൽ സംസ്‌കാരവും, യൂണിവേഴ്സിറ്റി കോളേജിലെ അനുസ്മരണവും വരെ സ്റ്റീഫൻ ഉണ്ടായിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം വീട്ടിൽ നിന്നും പുറത്തേക്കെടുത്തപ്പോഴാണ് ശിവമണി എത്തിയത്. പിന്നീട് ശാന്തി കവാടത്തിൽ എത്തി അന്തിമോപചാരം അർപ്പിക്കുകയായിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ശിവമണി ബാലുവിന് ആദരാഞ്ജലികൾ അർപ്പിച്ചത്.

ഇന്നലെ മുതൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെത്തിയിരുന്നു. ഇന്ന് രാവിലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തിയത്. ഇതിന പിന്നാലെ ഒട്ടുമിക്ക മന്ത്രിമാരും എത്തി. ഇ.പി ജയരാജൻ അവസാന നിമിഷമാണ് എത്തിയത്. സുരേഷ് ഗോപി എംപി ഇന്നലെ മുതൽ ഒപ്പമുണ്ടായിരുന്നു. ബിനീഷ് കോടിയേരിയും എല്ലാ കാര്യങ്ങൾക്കും മുന്നിട്ടു നിന്നിരുന്നു. ബാലുവിന്റെ എല്ലാ സുഹൃത്തുക്കളും വീട്ടിലും സംസ്‌ക്കാരം നടന്ന ശാന്തി കവാടത്തിലും എത്തി. കേരളത്തിന് അകത്തും പുറത്തു നിന്നുമെത്തിയ നിരവധിപേർക്ക് അവസാനമായി ഒരു നോക്ക് കാണാൻ കഴിയാതെ വന്നവരും ഉണ്ട്.

രാവിലെ പത്തരയോടെയാണ് ശാന്തി കവാടത്തിൽ സംസ്‌കാരത്തിനായി എത്തിച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റ ഇവിടെ വച്ചാണ് അന്തിമോപചാരം അർപ്പിച്ചത്. ശാന്തി കവാടത്തിൽ അനിയന്ത്രിതമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ചിലർ കരച്ചിൽ ഉള്ളിലടക്കി മുഖത്ത് ഭാവഭേദമൊന്നും വരുത്താതെ നിൽക്കുന്നുമുണ്ടായിരുന്നു. പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം ചടങ്ങുകൾ നടത്തി. അതിനിടെ, ബാലുവിന്റെ പിതാവും അമ്മാവനും തളർന്ന് വീണു. 11.30 നാണ് ഇലക്ട്രിക് ശ്മശാനത്തിലേക്ക എടുത്തത്. പൊട്ടിക്കരഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും കണ്ട് നിന്നവർക്ക് നൊമ്പരമുണർത്തുന്ന കാഴ്ചയായിരുന്നു.

സംസ്‌കാര ചടങ്ങുകൾക്ക് ശേഷം യൂണിവേഴ്സിറ്റി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കടകംപള്ളി സുരേന്ദ്രൻ, കോടിയേരി ബാലകൃഷ്ണൻ, സ്റ്റീഫൻ ദേവസ്യ, ശിവമണി, സയനോര തുടങ്ങിയവരെല്ലാം പങ്കെടുത്തു. കൂടാതെ നുറുകണക്കിന് വിദ്യാർത്ഥികളും എത്തിയിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും ഇവിടെ എത്തിയിരുന്നു. എല്ലാവർക്കും പറയാനുള്ളത് ബാലഭാസ്‌ക്കർ എന്ന മഹാ പ്രതിഭയുടെ സംഗീത വൈദഗ്ധ്യത്തെയും, ഉള്ളുതുറന്ന പെരുമാറ്റത്തെ പറ്റിയുമായിരുന്നു. അണഞ്ഞുപോയ നാളത്തെ ഓർക്കുവാൻ വിവിധ കാര്യങ്ങൾ ചെയ്യുമെന്ന് അനുസ്മരണ യോഗത്തിൽ തീരുമാനമെടുത്തു. സ്റ്റീഫൻ ദേവസ്യ ബാലഭാസ്‌ക്കറിന്റെ ബാൻഡ്് ഏറ്റെടുക്കുമെന്നും ബാലുവിന്റെ സംഗീതം ഇനി താൻ മറ്റുള്ളവരിലേക്ക് എത്തിക്കുമെന്നും അറിയിച്ചു. കൂടാതെ യൂണിവേഴ്സിറ്റി കലോൽസവത്തിൽ ബാലഭാസ്‌ക്കറിന്റെ പേരിൽ ഒരു പുരസ്‌ക്കാരം നൽകുന്നതിനായി അപേക്ഷ നൽകുമെന്നും പറഞ്ഞു.