മെൽബൺ: കഴിഞ്ഞ വർഷം വീടുവില എട്ടു ശതമാനത്തോളം ഉയർന്നുവെന്നും 2015-ൽ വിലയിൽ മാന്ദ്യം അനുഭവപ്പെടുമെന്നും റിപ്പോർട്ട്. ഓസ്‌ട്രേലിയയിൽ തന്നെ വീടു വില ശക്തമായി മുന്നേറിയത് സിഡ്‌നിയിലാണ്. ഇവിടെ ഡിസംബറിൽ തന്നെ വീടു വിലയിൽ 0.9 ശതമാനം വർധനയുണ്ടായതായി കോർ ലോജിക് ഹിഡോണിക് ഹോം വാല്യൂ ഇൻഡെക്‌സ് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 12  മാസം കൊണ്ട് പ്രോപ്പർട്ടി വാല്യുവിൽ 7.9 ശതമാനം വർധനയാണ് ഉണ്ടായത്. മുൻ വർഷം വീടു വിപണി ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും ഈ വർഷം ഈ മേഖലയിൽ മാന്ദ്യം അനുഭവപ്പെട്ടേക്കാമെന്നാണ് വിദഗ്ദ്ധർ വെളിപ്പെടുത്തുന്നത്. ഡിസംബർ മാസം വീടു വില ഏറ്റവും വർധിച്ചത് ഹോബാർട്ടിലാണ്. ഒരു മാസം 2.7 ശതമാനമാണ് ഇവിടെ വില വർധന രേഖപ്പെടുത്തിയത്. അതേസമയം ഒരു വർഷത്തെ ശരാശരി വില വർധന 3.5 ശതമാനം മാത്രമായിരുന്നു ഇവിടെ.

സിഡ്‌നിയിൽ ഒരു വർഷത്തെ ശരാശരി വിലവർധന 12.4 ശതമാനമായിരുന്നു. സിഡ്‌നി കഴിഞ്ഞാൽ വീടു വില വർധിച്ചത് മെൽബണിലായിരുന്നു. ഇവിടെ 7.6 ശതമാനമാണ് വീടു വില വർധനയുണ്ടായത്. ഡിസംബറിൽ മാത്രം വില വർധിച്ചത് 1.6 ശതമാനമായിരുന്നു. സിഡ്‌നിയിലും മെൽബണിലും വില വർധന രേഖപ്പെടുത്താൻ പ്രത്യേക കാരണങ്ങൾ ഉണ്ടായിരുന്നുവെന്നും കോർ ലോജിക് റിസർച്ച് ഡയറക്ടർ ടിം ലോലെസ് ചൂണ്ടിക്കാട്ടുന്നു.

ഈ രണ്ടു സിറ്റികളിലും നിക്ഷേപകർ വർധിച്ചുവെന്നതാണ് ഇവിടെ വില കൂടാൻ കാരണമായി എടുത്തുപറയുന്നത്. കൂടാതെ സിറ്റികളുടെ പ്രാന്തപ്രദേശങ്ങളിലും വിദേശീയരായ നിക്ഷേപകർ അപ്പാർട്ട്‌മെന്റ് മാർക്കറ്റിൽ കൂടുതൽ താത്പര്യം കാട്ടുകയും ചെയ്തിട്ടുണ്ട്. സിഡ്‌നിയേയും മെൽബണേയും കൂടാതെ ബ്രിസ്‌ബേനും അഡ്‌ലൈഡും വീടു വിപണിയിൽ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ നാലു മുതൽ അഞ്ചു വരെ ശതമാനം വില വർധനയാണ് ഉണ്ടായത്. കാൻബറ ഒഴിച്ചുള്ള നഗരങ്ങളിൽ സാമാന്യം മെച്ചപ്പെട്ട നിലയിൽ വീടു വില  വർധിച്ചിരുന്നു. കാൻബറയിൽ ഡിസംബറിൽ തന്നെ 0.6 ശതമാനം വിലയിടിവ് നേരിടുകയായിരുന്നു. ഒരു വർഷത്തെ ശരാശരി വിലയും 0.6 ശതമാനം മാത്രമാണ് വർധിച്ചത്.

വീടു വില വർധിക്കുന്ന ട്രെൻഡ് ഈ വർഷം തുടരുമെങ്കിലും സിഡ്‌നിയിൽ വീടു വില താഴുകയായിരിക്കും ചെയ്യുകയെന്ന് ടിം ലോലെസ് പറയുന്നു. ഇത് രാജ്യമെമ്പാടുമുള്ള വീടുവിലയിൽ മാന്ദ്യമാണ് രേഖപ്പെടുത്തുക. അഞ്ചു മുതൽ ആറു ശതമാനം വരെ വിലയിടിവ് രേഖപ്പെടുത്തുന്ന വർഷമായിരിക്കും 2015. സിഡ്‌നി വളരെ ശക്തമായ ഒരു മാർക്കറ്റ് ആണെങ്കിലും ഈ വർഷം വീടു വിലയിൽ മുന്നേറ്റം പ്രതീക്ഷിക്കാൻ സാധിക്കില്ലെന്നും ലോലെസ് വ്യക്തമാക്കുന്നു.