ഹൂസ്‌റൻ: ഹൂസ്‌റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി അസ്സോസിയേഷൻ ഫോർ പബ്‌ളിക് സർവീസ് (CAPS) സംഘടനയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ രണ്ടിന് രാവിലെ 9.30 മുതൽ സ്‌റോഫോർഡിലെ ന്യൂ ഇന്ത്യാ ഗ്രോസേർസ് ബിൽഡിങ് ഹാളിൽ വച്ച് നടത്തിയ മെഡിക്കൽ ക്യാമ്പും സൗജന്യ മെഡിക്കൽ ചെക്കപ്പും കൺസൾട്ടേഷനും വിജയകരവുമായി. രോഗ ചികിത്സക്കും നിവാരണത്തിനും, അശരണർക്കും ആലംബഹീനർക്കും സാധാരണക്കാർക്കും പ്രാഥമികമായ അറിവും മാർഗങ്ങളും നിർദ്ദേശിച്ചുകൊണ്ടുള്ള മെഡിക്കൽ ക്യാമ്പായിരുന്നു അത്. മതിയായ മെഡിക്കൽ ഇൻഷൂറൻസ് ഇല്ലാത്തവർക്കും നാട്ടിൽ നിന്ന് സന്ദർശനത്തിനെത്തിയ പ്രായമായ വ്യക്തികൾക്കും കുറഞ്ഞ വരുമാനക്കാർക്കും ഒരു അനുഗ്രഹവും ആശ്വാസവുമായിരുന്നു കാപ്‌സിന്റെ ഈ സൗജന്യ മെഡിക്കൽ ക്യാമ്പ്. ഗ്രെയിറ്റർ ഹ്യൂസ്‌റന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിന് ആബാലവയോധികം പൊതുജനങ്ങളാണ് സൗജന്യ മെഡിക്കൽ സേവനത്തിനായി ക്യാമ്പിലെത്തിയത്.

റവ.ജോൺ തോമസിന്റെ ഈശ്വരപ്രാർത്ഥനക്കു ശേഷം കാപ്‌സിന്റെ പ്രസിഡന്റ് നയിനാൻ മാത്തുള്ള മെഡിക്കൽ ക്യാമ്പിനെത്തിയ സദസ്സിനെയും മെഡിക്കൽ സേവനം നൽകുന്നതിനായെത്തിയ ഫിസിഷ്യൻസ്, നഴ്‌സസ്, വിവിധ മെഡിക്കൽ ടെക്‌നീഷ്യൻസിനേയും ഈ മഹനീയ സംരഭത്തിലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു. ഡോക്ടർ മനു ചാക്കോ മെഡിക്കൽ ടീമിന്റെ കോഓർഡിനേറ്ററായി പ്രവർത്തിച്ചു. വിവിധ ആരോഗ്യമേഖലയിലെ സ്‌പെഷ്യലൈസ് ചെക്കപ്പിനായി, റജിസ്‌ട്രേഷൻ, ബ്‌ളഡ് ടെസ്‌റ്, ലാബ്, ഫാമിലി മെഡിസിൻ, പെയിൻ മാനേജ്‌മെന്റ്, എന്റൊക്രിനോളജി, ഡയബറ്റിസ്, ബ്‌ളഡ് പ്രഷർ ചെക്കപ്പ്, എക്കോ കാർഡിയോഗ്രാം ചെക്കപ്പ്, തുടങ്ങിയവക്കായി റൂമുകളും ബൂത്തുകളുമുണ്ടായിരുന്നു. ഗൾഫ് കോസ്‌റ് റീജിയണൽ ബ്ലഡ് സെന്ററിന്റെ സ്‌പെഷ്യൽ രക്ത ബാങ്ക് ബസ് ലബോറട്ടറി സന്നാഹങ്ങളും പ്രവർത്തകരും അവിടെ എത്തിയിരുന്നു. ധാരാളം പേർ രക്ത ബാങ്കിലേക്ക് രക്തദാനം ചെയ്തു. ഈ സൗജന്യ മെഡിക്കൽ ക്യാമ്പിലേക്ക് രാവിലെ മുതൽ ജനങ്ങൾ വന്നും പോയികൊണ്ടുമിരുന്നു.

ഇന്ത്യൻ നഴ്‌സസിന്റെ ഒരു വൻനിര തന്നെ സേവനത്തിനായി രംഗത്തു പ്രവർത്തിച്ചു. മെഡിസിൻ വേണ്ടവർക്ക് ഹ്യൂസ്‌റനിലെ പി.ആർ. ഫാർമസി സൗജന്യമായി മരുന്നുകൾ നൽകി. ഡോക്ടർ ജയരാമൻ, ഡോക്ടർ കേശവൻ ഷാൻ, ഡോക്ടർ മനു ചാക്കോ, ഡോക്ടർ മൈക്കിൾ ഹീലിങ്, ഡോക്ടർ ഷാൻസി ജേക്കബ്, ഡോക്ടർ മൂൽ നീഗം, ഡോക്ടർ സലിനാസ് തുടങ്ങിയ പ്രമുഖ ഫിസിഷ്യന്മാർ പരിശോധനയും ഉപദേശങ്ങളും നൽകുകയും മരുന്നുകൾ കുറിക്കുകയും ചെയ്തു. കൂടുതൽ ഉപദേശങ്ങളോ രോഗചികിത്സയോ വേണ്ടവരെ ഇന്ത്യൻ ഡോക്ടേർസ് ചാരിറ്റി ക്ലിനിക്കിലേക്ക് (IDC CLINIC HOUSTON) റഫർ ചെയ്തു. തോമസ് മാത്യു, ജിജൊ ജോസഫ്, റോസമ്മ ഫിന്നി, ഡോക്ടർ മോളി മാത്യു, ഈശോ ജേക്കബ്, എ.സി. ജോർജ് തുടങ്ങിയവർ വിവിധ മേഖലകളിൽ ഈ സംരഭത്തെ സഹായിച്ചവരാണ്. സേവനത്തിന്റെ അംഗീകാരമായ വിശിഷ്ട സേവന സർട്ടിഫിക്കറ്റുകൾ മെഡിക്കൽ വിദഗ്ധന്മാർക്ക് നൽകി ഇഅജട ആദരിച്ചു. സന്നിഹിതരായ ഏവർക്കും പൊന്നുപിള്ള നന്ദി രേഖപ്പെടുത്തി സംസാരിച്ചു. നയിനാൻ മാത്തുള്ള, ഷിജിമോൻ ഇഞ്ചനാട്ട്, എബ്രഹാം തോമസ്, എബ്രഹാം നെല്ലിപള്ളിൽ, സാമുവൽ മണ്ണൻകര, തോമസ് തയ്യിൽ, പൊന്നുപിള്ള, റെനി കവലയിൽ, ജോൺ വർഗീസ്, കെ. കെ. ചെറിയാൻ, തുടങ്ങിയവർ കാപ്‌സിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. ഹൂസ്‌റനിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മാദ്ധ്യമ രംഗത്തെ പല പ്രമുഖരും ഈ മെഡിക്കൽ ക്യാമ്പിലെത്തി ആശംസകൾ അർപ്പിച്ചു.