'യൂറോപ്പിന്റെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. ബയോപിക്ക് എന്ന ഭൂതം'- യങ്ങ് കാൾമാർക്‌സ് എന്ന ജീവചരിത്രാവലംബിയായ സിനിമ (ബയോപിക്ക്) കണ്ട ഒരു വിരുതൻ എഴുതിയതാണിത്. നിരന്തരമായി ഈ ടൈപ്പ് സിനിമകൾ കണ്ടുമടുത്തതാണ്, കമ്യൂണിസ്റ്റ് മാനിഫസ്റ്റോയിലെ ആദ്യവാചകങ്ങളെ ട്രോളാൻ അയാളെ പ്രേരിപ്പിച്ചത്. അതുപോലെ മലയാള സിനിമയെയും, ബയോപിക്കുകൾ എന്ന ഭൂതം പിടികൂടുകയാണോ എന്ന് സംശയിക്കേണ്ടതുണ്ട്. ബി.പി മൊയ്തീന്റെയും കാഞ്ചനമാലയുടെ കഥ പറഞ്ഞ 'എന്ന് നിന്റെ മൊയ്തീൻ', കമലസുരയ്യയുടെ ജീവിതമെടുത്ത 'ആമി' ഇപ്പോഴിതാ ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോൾ ഇതിഹാസമായ വി.പി സത്യന്റെ കഥയായ 'ക്യാപ്റ്റനും'. കൊട്ടിഘോഷിച്ചുവന്ന് എട്ടുനിലയിൽ പൊട്ടിയ കമലിന്റെ ആമി കണ്ടപ്പോൾ ഇനി എന്തല്ലാം മാരണങ്ങൾ കാണണം എന്നനിലയിലായിരുന്നു ഈ ലേഖകനൊക്കെ.

എന്നാൽ എല്ലാ പുഛിസ്‌ററുകളുടെയും വായടിപ്പിക്കുന്ന സിനിമയായിപ്പോയി നവാഗത സംവിധായകൻ ജി. പ്രജേഷ്‌സെൻ രചനയും സംവിധാനവും നിർവഹിച്ച ക്യാപ്റ്റൻ. കമൽ സാർ, ആമിയെടുത്ത അങ്ങ് ഇതൊക്കെയൊന്ന് കാണണം. പണിയറിയാവുന്ന പിള്ളേരുണ്ട് നമ്മുടെ മലയാളത്തിലും. എത്ര കൈയടക്കത്തോടെയും ഹൃദ്യവുമായാണ് പ്രജേഷ് സിനിമ മുന്നോട്ടുകൊണ്ടുപോവുന്നതെന്ന് നോക്കുക. പടം തീർന്നപ്പോൾ ജനം നിന്ന് കൈയടിക്കുന്നു. ക്യാപ്റ്റൻ ഗോളടിക്കുന്നത് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തന്നെയാണ്. രാജ്യം മറന്നുതുടങ്ങിയ വി.പി സത്യന് ഇതിനേക്കാൾ നല്ല ആദരം കൊടുക്കാനില്ല. നിസ്സംശയം പറയാം, ജയസൂര്യയുടെയും കരിയർ ബെസ്റ്റാണിത്.

എന്നുവെച്ച് ഔട്ട്സ്റ്റാൻഡിങ്ങ് എന്ന് ലേബൽചെയ്യാവുന്ന ചിത്രവുമല്ല. തിരക്കഥയുടെ ചില ദൗർബല്യങ്ങളും ചില ലാഗുകളും പ്രകടവുമാണ്്. പക്ഷേ സമീപകാലത്ത് മലയാളത്തിലുണ്ടായ പടപ്പുകൾവെച്ചുനോക്കുമ്പോൾ ഇത് സ്വർഗമാണ്. തലയിൽ കളിമണ്ണുമാത്രമുള്ളവരല്ല മലയാളത്തിലെ ചലച്ചിത്രകാരന്മാരെന്ന് വല്ലപ്പോഴുമാണല്ലോ തോന്നാറ്. ഒരു ബിഗ്ബജറ്റ് ചിത്രത്തിന്റെ ഗിമ്മിക്കുകളോ ബഹളങ്ങളോ ഒന്നുമില്ലാതെ ശാന്തമായാണ് പ്രജേഷ് കഥ പറയുന്നത്. മലയാള വാണിജ്യ സിനിമകളിലെ നടപ്പുശീലങ്ങൾ മൊത്തമായി മാറ്റിപ്പിടിച്ചതിന് ഈ യുവ ചലച്ചിത്രകാരനോട് നന്ദിയുണ്ട്.

ഇതിൽ പുട്ടിൽ പീരയെന്നോണമുള്ള കോമഡി സൈഡ് ട്രാക്കില്ല, അശ്‌ളീലവും ദ്വയാർഥപ്രയോഗങ്ങും സ്ത്രീവിരുദ്ധതയും പൊടിപോലുമില്ല, കന്നിമാസത്തിലെ നായ്‌പ്പടപോലെയുള്ള നായകകേന്ദ്രമായ പാട്ടില്ല, വീരശൂരപരാക്രമിയായ നായകൻ വില്ലന്മാരെ ഇടിച്ചുപരത്തി അമ്മിഞ്ഞപ്പാൽവരെ കക്കിക്കുന്നില്ല.....എന്തിന് ജയിച്ചവന്റെ കഥപോലുമല്ല ഇത്. തോറ്റുപോയവരുടെ തോറ്റ് ചരിത്രമായവരുടെ കഥയാണിത്.

പ്രജേഷിന്റെ മാസ്റ്റർ ക്രാഫ്റ്റ്

കണ്ണൂർ ജില്ലയിലെ കുഗ്രാമത്തിൽനിന്ന് ഇന്ത്യൻ ഫുട്‌ബോളിന്റെ നെറുകയിൽ എത്തി അകാലത്തിൽ സ്വയം 'വിരമിച്ച' അപുർവ വ്യക്തിത്വമായിരുന്നു വി.പി സത്യൻ. അയാളുടെ കുട്ടിക്കാലം മുതൽ ഏതാനും വർഷത്തെ ജീവിതമാണ് സംവിധായകൻ വരച്ചുകാട്ടുന്നത്. വിജയിച്ചവരുടെ കഥകൾക്കാണെല്ലോ എന്നും മാർക്കറ്റ്. സപോർട്‌സ് ബയോപിക്കുകളാവുമ്പോൾ പ്രത്യേകിച്ചും. പക്ഷേ ഇവിടെ നേരെ തിരിച്ചാണ്. കളിയിൽ ജയിച്ച് ജീവിതത്തിൽ പരാജയപ്പെട്ട മനുഷ്യന്റെ കഥ ഒട്ടും ഡോക്യുമെന്ററി സ്വഭാവമില്ലായെതാണ് എടുത്തിരിക്കുന്നത്.

ആദ്യ സീനിൽ തന്നെ സത്യൻ സാഫ്‌ഗെയിംസിൽ ഒരു പെനാൽറ്റി കിക്ക് പാഴാക്കുന്ന രംഗമാണ് മനോഹരമായി കാണിച്ചുതരുന്നത്. തുടക്കത്തിൽ തന്നെയുള്ള കിക്കായതുകൊണ്ട് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും, നമ്മൾ കണ്ടുവരുന്നതും ഗോൾ തന്നെയാണ്. അതാണെല്ലോ ഹീറോയിസം. അവസാനം സത്യന്റെ ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുവന്നശേഷം, എല്ലാം കഴിഞ്ഞുവെന്ന് കരുതുമ്പോൾ ചിത്രം പ്രേക്ഷകർക്കായി ആ അത്ഭുദം തുറന്നിടുന്നു. മറ്റൊരു സാഫ് ഗെയിംസിൽ, അപാരമായ ഇഛാശക്തിവെച്ച് ഒരു രാജ്യത്തിന്റെ പ്രതീക്ഷകൾ ഒറ്റക്ക് ചുമലിലേറ്റിയ സത്യന്റെ ഒരുഗോൾ!

പല്ലാവരം റെയിൽവേ സ്റ്റേഷനിൽ മരണത്തിന്റെ ചൂളം വിളി കാത്തരിക്കുന്ന മനുഷ്യനിൽനിന്ന് പലകാലങ്ങളിലുടെ കുഴമറിഞ്ഞ് കഥ ചലിക്കയാണ്. സത്യന്റെ ജീവിതത്തോടും വേദനകളോടുമൊപ്പം കാൽപ്പന്തുകളിയുടെ കൃത്യമായ രാഷ്ട്രീയവും ചിത്രം കാണിക്കുന്നുണ്ട്. ഇന്ത്യയിൽ ഫുട്‌ബോളിനുണ്ടാവുന്ന നിരന്തരമായ അവഗണന, ക്രിക്കറ്റിന്റെ അധിനിവേശം തൊട്ട് പൊലീസിനെ അഴിമതിയും പീഡനവും, ഗോളടിക്കുന്നവൻ മാത്രം ഓർക്കപ്പെടുകയും നൂറുഗോളുകൾ തടഞ്ഞാലും പ്രതിരോധ ഭടൻ അവഗണിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുംവരെ നീളുന്ന ദൃശ്യങ്ങൾ.

ഭാവനാത്മകമായ ഷോട്ടുകൾകൊണ്ട് സമ്പന്നമാണ് ഈ ചിത്രം. കഠിനമായ വേദനകാരണ കളത്തിൽ ഇറങ്ങാനാവുമോയെന്ന് സംശയിച്ച് നിൽക്കുന്ന സത്യൻ, തന്റെ റൂമിൽ നിന്ന് ഒരു പന്ത് കാലുകൊണ്ട് ഒരുട്ടിയെടുത്ത് തട്ടി ഫാൻ കറക്കുന്ന രംഗം തൊട്ട് അവസാനം അയാളുടെ ജീവനെടുക്കാൻ പാഞ്ഞത്തെുന്ന തീവണ്ടിയുടെ അടിയിൽനിന്നുള്ള ഷോട്ട് വരെ! ട്രെയിൻ പ്രേക്ഷകരുടെ നെഞ്ചത്തുകൂടെ കയറി പോവുന്നതുപോലെ തോന്നും. ഇതാണ് സംവിധായകന്റെ കല. അതുപോലെതന്നെ സന്തോഷ്ട്രോഫി ഫുട്‌ബോൾ ഫൈനലും, സത്യനും ടീമും കപ്പുനേടുന്നതുമൊക്കെ എത്ര ത്രില്ലിങ്ങായാണ് എടുത്തിരക്കുന്നതെന്ന് നോക്കുക. പ്രേക്ഷകരും കാണികൾക്കിടയിൽ പെട്ടുപോവുന്ന അവസ്ഥ.
ഒരിടത്തും ജയസൂര്യയിലെ താരത്തെ പൊലിപ്പിക്കാനുള്ള ബോധപുർവമായ ഒരു ശ്രമവും ചിത്രം നടത്തുന്നില്ല. അതുതന്നെയാണ് ഈ പടത്തിന്റെ വിജയവും. (സാധാരണ താരത്തിന്റെ നിർദ്ദേശാനുസരണം തിരക്കഥ തിരുത്തി തിരുത്തി പുതുമുഖ സംവിധായകരുടെയൊക്കെ ഊപ്പാടിളകുകയാണ് പതിവ്.)

തനിക്ക് പണിഷ്‌മെന്റ് തന്ന് കക്കൂസ് കഴികിക്കാൻ വിടുന്ന എസ്‌പിയെ ( ചിത്രത്തിൽ സൈജുകുറുപ്പ്) സത്യൻ തല്ലി പല്ലടിച്ചുകളയുന്ന രംഗമുണ്ട്. എന്നാൽ ഇതുപോലും നായകനുവേണ്ടി കൊഴുപ്പിച്ചിട്ടില്ല. സത്യനോട് പല്ലിളിച്ച് കാണിച്ച്, ഇതുപോലെ വെളുക്കണമെന്ന് എസ്‌പി പറഞ്ഞ് തൊട്ടടുത്ത സീൻ കാണിക്കുന്നത് ക്‌ളോസറ്റിൽ ഒഴുകുന്ന ഒരു പല്ലാണ്. കാര്യം നടന്നാൽ പോരെ, നൊ ഹീറോയിസം. പിൽക്കാലത്ത് കാലിന് വയ്യാഞ്ഞിട്ടും ബാങ്ക് ടീമിനെ കോച്ച് ചെയ്യുന്ന സത്യന്റെ രംഗങ്ങളിലുമുണ്ട് ഈ ആന്റി ഹീറോയിസം. ഗോൾപോസ്റ്റിനുള്ളിൽ വെച്ച ഒരു വളയത്തിലേക്ക് ലക്ഷ്യംവെച്ച് പന്ത് അടിച്ചുകയറ്റാൻ സത്യന്റെ ശിഷ്യന്മാർക്ക് ആർക്കും ആവുന്നില്ല. ഇതിന് നിർദ്ദേശം നൽകുമ്പോൾ ഒരാൾ അങ്ങനെയാന്ന് ചെയ്ത് കാണിക്കാൻ ഗുരുവിനോട് 'ചൊറിയുന്നു'.

ഇത് കേട്ടതോടെ കലിയിളകിയ സത്യൻ ഞൊണ്ടിക്കൊണ്ടാണെങ്കിലും നിരവധി ഷോട്ടുകൾ ഉതിർക്കുന്നു. എന്നാൽ ഒന്നും ലക്ഷ്യം കാണുന്നില്ല. അവസാനത്തെ ഷോട്ടും പാളിയതോടെ അയാൾ ദയനീയമായി നടന്നു നീങ്ങയാണ്. കൈയും കാലും ഒടിഞ്ഞിട്ടും ശത്രുവിനെ തല്ലിയൊതുക്കുന്ന മുള്ളൻകൊല്ലി വേലായുധന്മാരെ കണ്ടുശീലിച്ച നമ്മുടെ സിനിമാ ഇന്ദ്രിയങ്ങൾക്ക് ഈ തോൽക്കുന്ന ക്യാപ്റ്റൻ പെട്ടെന്ന് വഴങ്ങില്ല!

ജയസൂര്യയുടെ കരിയർ ബെസ്റ്റ്

വാണിജ്യ സിനിമയുടെ നീരാളിപ്പിടുത്തത്തിൽപെട്ട് നിരവധി ടൈപ്പ് കോമളി വേഷങ്ങൾ കെട്ടിയാടൻ വിധിക്കപ്പെട്ടുപോയ നടനാണ് ജയസൂര്യ. അപ്പോത്തിക്കിരി, ഇയ്യോബിന്റെ പുസ്തകം,സൂസു സുധിവാത്മീകം,പുണ്യാളൻ അഗർബത്തീസ് തുടങ്ങിയ എതാനും ചില ചിത്രങ്ങളിൽ മാത്രമേ ജയന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ നാം കണ്ടിട്ടുള്ളൂ. എന്നാൽ ഈ പടത്തിൽ സത്യനായി അഭിനയിക്കയല്ല ജീവിക്കയാണ് ഈ നടൻ.

കളിക്കളത്തിലെ സത്യനേക്കാൾ, ഗ്രൗണ്ടിനുപുറത്തെ അന്തർമുഖന്റെ ഹർഷസംഘർഷങ്ങളാണ് ജയൻ അവിസ്മരണീയമാക്കിയത്.ഡ്രിബിൾ ചെയ്ത് മുന്നേറുമ്പോഴൊക്കെയുള്ള ശരീരഭാഷയിലെ ചേർച്ചക്കുറവുകൾ തോനുന്നുണ്ടെങ്കിലും സംവിധായകന്റെ തന്ത്രപരമായ ഇടപെടൽമൂലം അത് പ്രകടമല്ല. പക്ഷേ ജീവിതത്തിലെ ക്യാപ്റ്റനെ ജയൻ പൊളിച്ചടുക്കുന്നുണ്ട്. രാത്രി ഒന്നരമണിക്കുള്ള കളികാണാൻ വിളിക്കാതെ ഉറങ്ങിപ്പോയ ഭാര്യയോട് കയർത്ത് ടീവിയടക്കം തല്ലിത്തകർക്കുന്ന രംഗങ്ങളിൽ, മകൾക്ക് വേണ്ടി ട്യൂബ് ഉപയോഗിക്കാതെ ഫുട്ബോൾ ഊതിനിറക്കുന്നിടത്ത്, ഫ്രാൻസിന്റെ കളികാണാവതെ എങ്ങനെയാണ് ഒരു ഫുട്‌ബോളർക്ക് മരിക്കാൻ കഴിയുകയെന്ന ചോദ്യത്തിൽ, ജീവിതത്തിൽനിന്ന് സ്വയം ചുവപ്പുകാർഡ് കാട്ടുന്നതിന് മുമ്പുള്ള നിസ്സംഗതയിൽ...

ഒരു ക്‌ളാസ് നടൻ ആ ശരീരത്തിൽനിന്ന് കുതറിച്ചാടുകയാണ്. പലയിടത്തും കണ്ണ് നിറയിക്കുന്നുണ്ട് ഈ നടൻ. ഇയാളാണോ പശു ചാണകമിടന്നതുപോലുള്ള മുഖഭാവത്തോടെ ചില തറക്കോമഡികളുമായി നമ്മെ പലപ്പോഴും വെറുപ്പിച്ചിരുന്നത്. മേക്ക് ഓവർ എന്നു പറഞ്ഞാൽ ഇങ്ങനെ വേണം. അതും മൂന്ന് വ്യത്യസ്ത ലുക്കിൽ. ഈ ചിത്രത്തിൽ എന്നെ കാണാൻ കഴിയില്ല വി.പി സത്യനെമാത്രമേ കണാൻ കഴിയൂവെന്ന് ജയസൂര്യ നേരത്തെ പറഞ്ഞത്, പ്രമോഷനുവേണ്ടിയുള്ള പതിവ് തള്ള് മാത്രമാണെന്ന് കരുതിയവർക്ക് അമ്പേ പിഴക്കും.
ഈ പടത്തോടെ ജയസൂര്യയുടെ വിപണിമൂല്യവും ഉയരുമെന്ന് ഉറപ്പാണ്.

പുണ്യാളൻ പ്രൈവറ്റ് ലിമിററഡ്,ആട് 2,ഇപ്പോഴിതാ ക്യാപ്റ്റനും.തുടർച്ചയായി വാണിജ്യവിജയങ്ങൾമൂലം സൂപ്പർതാര പദവിയിലേക്കാണോ ഈ ജനപ്രിയ നടന്റെ പോക്ക്. ഏത് റോൾ ചെയ്താലും അത് വിജയിപ്പിക്കാൻ പറ്റിയ അഭിനയസൂത്രമുള്ള ഏക നടൻ ഇന്ന് മലയാള സിനിമയിൽ സിദ്ദീഖാണെന്ന് നിസ്സംശയം പറയാം. മുമ്പ് തിലകനും ഭരത്‌ഗോപിക്കുമൊക്കെയുണ്ടായിരുന്ന അതേ പരകായക സിദ്ധി. കറങ്ങുന്ന ഫുട്‌ബോളിനു പിന്നാലെ കളിക്കളങ്ങൾ തേടി നടക്കുന്ന ആ കാൽപ്പന്തുകളിഭ്രാന്തനായ 'മൈതാനം' എന്ന കഥാപാത്രം പതിവുപോലെ സിദ്ദീഖിന്റെ കൈകളിൽ ഭദ്രം. ആ കഥാപാത്രത്തെ സംവിധായകൻ കുറച്ചുകൂടി ഉപയോഗപ്പെടുത്തിയില്ല എന്ന പരാതിയേ പ്രേക്ഷകർക്ക് ഉണ്ടാവാൻ വഴിയുള്ളൂ.

തലൈവാസൽ വിജയ്, രഞ്ജി പണിക്കർ, നിർമൽ പാലാഴി, സിദ്ദിഖ്, സൈജു കുറുപ്പ്, ദീപക് , ജനാർദ്ദനൻ തുടങ്ങി ചെറിയ സീനുകളിൽ മിന്നിമറയുന്നവർ പോലും വേഷം മോശമാക്കിയിട്ടില്ല. മമ്മൂട്ടിയുടെ ഗസ്റ്റ് അപ്പിയറൻസ് ആൾക്കൂട്ടത്തെ ഹരം കൊള്ളിക്കുന്നുമുണ്ട്. പക്ഷേ ആ സീൻപോലും അനാവശ്യമെന്ന് തോന്നാത്ത രീതിയിൽ വിളക്കിച്ചേർക്കുന്നിടത്താണ് സംവിധായകൻ പ്രജേഷ് സെന്നിന്റെ കഴിവ് കിടക്കുന്നത്. നായകന്റെ പ്രേമംവരുമ്പോൾ പാടാനും ദേഷ്യംവരുമ്പോൾ മുഖത്ത് തല്ലാനുമുള്ള യന്ത്രപ്പാവയല്ല, വ്യക്തിത്വമുള്ള നായികയാണ് ഈ ചിത്രത്തിലുള്ളത്. വി.പി സത്യന്റെ ഭാര്യ അനിതയുടെ വേഷം അനുസിത്താരയുടെയും കരിയർ ബെസ്റ്റാണ്. ചിത്രത്തിൽ നായകനോളം പ്രാധാന്യമുള്ള സ്‌പേസ് അനു കൃത്യമായ മിതത്വത്തോടെ ഉപയോഗിച്ചിട്ടുണ്ട്.

റോബി വർഗീസ് രാജിന്റെ കാമറയുടെ ഭംഗിയാണ് ഈ ചിത്രത്തെ ഇത്രമേൽ ഹൃദയഹാരിയാക്കുന്നത്. മലേഷ്യയിൽ ചിത്രീകരിച്ച സാഫ് ഗെയിസ് ഫൈനലിലൊക്കെ കാണം ക്യാമറ കവിത രചിക്കുന്നത്. പക്ഷേ ഗോപീസുന്ദർ ടീമിന്റെ ഗാനങ്ങൾ ശരാശരിക്ക് മുകളിൽനിൽക്കുന്നില്ല. പശ്ചാത്തലും പലപ്പോഴും ചിത്രത്തിന് ബാധ്യതയാവുന്നുമുണ്ട്.

സിനിമ സ്വയം സെൻസർ ചെയ്യുമ്പോൾ

വി.പി സത്യൻ എന്ന ഫുട്‌ബോളറോട് പൂർണ്ണമായും നീതിപുലർത്തിയ ചിത്രമാണിത്.പക്ഷേ സത്യന്റെ ജീവിതം തുറന്ന് കാണിക്കുമ്പോൾതന്നെ സംവിധായകന് സദാചാരപൊലീസിന് സമാനമായ പേടി നിലനിൽക്കുന്നതായി തോനുന്നു. കാരണം സത്യന്റെ ഭാര്യയുടെ കണ്ണിലൂടെയാണ് അയാളുടെ സ്വകാര്യ ജീവിതം പലപ്പോഴും ചിത്രീകരിക്കപ്പെടുന്നത്. ഇന്ത്യ കണ്ട ഏറ്റവും മഹാനായ ഫുട്‌ബോളറിൽ ഒരാളായ സത്യന്റെ ആത്മാഹുതി, എന്ത് കാരണത്താലാണെന്ന് അദ്ദേഹത്തിന്റെ കുടുംബം വിശ്വസിക്കാൻ ശ്രമിക്കുന്നുവോ അതേകാരണം തന്നെയാണ് ഈ ചിത്രവും ഉയർത്തിപ്പിടുക്കുന്നത്.

അവസാനകാലത്ത് സത്യനുണ്ടായ സാമ്പത്തിക തകർച്ച എങ്ങനെവന്നു എന്നൊന്നും ചിത്രം പറയുന്നില്ല. എന്നാൽ സാമ്പത്തിക പ്രശ്‌നത്തിന്റെയും മറ്റും ചില സൂചനകൾ തരുന്നുണ്ട്. ('നിന്റെ വിവാഹമോതിരം വരെ ഞാൻ നശിപ്പിച്ചു' എന്ന് ആത്മഹത്യക്കുമുമ്പ് സത്യൻ ഭാര്യക്കെഴുതിയതിൽ ഉണ്ടായിരുന്നെന്ന് അക്കാലത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു) സത്യന്റെ മദ്യപാനത്തിനും വിഷാദത്തിനും പെട്ടന്നുള്ള വികാര പ്രകടനങ്ങൾക്കും രോഗം, വേദന എന്ന സുരക്ഷിതമായ കാരണങ്ങൾ മാത്രമാണ് ചിത്രത്തിലുള്ളത്. ഇവിടെ സ്വയം സെൻസർ ചെയ്യുകയാണ് സംവിധായകൻ. സാമ്പത്തിക കാരണങ്ങളിലേക്കടക്കം കഥപോയാൽ മഹാനായ ഈ കളിക്കാരന്റെ പ്രതിഛായക്ക് കോട്ടം തട്ടുമെന്ന് ഭയമുള്ളതുപോലെ തോനുന്നു.

പക്ഷേ സത്യത്തിൽ അത് അങ്ങനെ പേടിക്കേണ്ട കാര്യമാണോ? അത്ര വിവരമില്ലാത്തവരും പൈങ്കിളിയുമല്ല നമ്മുടെ പ്രേക്ഷകർ. വ്യക്തിജീവിതത്തിൽ തെറ്റുകളും അബദ്ധങ്ങളും പറ്റാത്തവർ ആരുണ്ട്. നന്മ-തിന്മകൾ ഒരുപോലെ കുടികൊള്ളുന്ന,വികാര വിചാരങ്ങളുഡെ സങ്കീർണ്ണമായ സൂപ്പർ കമ്പ്യൂട്ടറാണ് മനുഷ്യ മസ്തിഷ്‌ക്കം. അതുകൊണ്ടുതന്നെ മറ്റ് കാരണങ്ങൾകൂടി ചിത്രത്തിൽ വന്നിരുന്നെങ്കിൽ പ്രേക്ഷകർക്ക് സത്യനോടുള്ള ബഹുമാനം അലിഞ്ഞുപോവുകയൊന്നുമില്ല.ലോക പ്രശസ്തമായ ബയോപിക്കുകളിലെല്ലാം നായകരുടെ നെഗറ്റീവ് ഷേഡുകൾ മറച്ചുവെക്കാറുമില്ല. അങ്ങനെയായിരുന്നെങ്കിൽ സത്യന്റെ വിഷാദത്തിനും ഭാര്യയോട് നടത്തുന്ന ആത്മഹത്യാഭീഷണികൾക്കും അതിവൈകാരിക പ്രതികരണങ്ങൾക്കുമൊക്കെ എത്ര സാധൂകരണം ഉണ്ടാവുമായരുന്നു. എത്രമാത്രം സിനിമാറ്റിക്കുമാവുമായിരുന്നു ആ കഥ. സത്യത്തിൽ അത്തരമൊരു സുവർണ്ണാവസരമാണ് വ്യാജമാന്യതയുടെ പേടികൊണ്ട് സംവിധായകൻ കളഞ്ഞുകുളിച്ചത്!

അതുപോലെ ചിലയിടത്ത് ചിത്രം ഇഴയാൻ ശ്രമിക്കുന്നുണ്ട്. ആദ്യപകുതിയിൽ സത്യന്റെ കുട്ടിക്കാലം കാണിക്കുന്ന ചില സീനുകളും മറ്റും ലാഗടിപ്പിച്ച് തുടങ്ങുമ്പോഴേക്കും സംവിധായകൻ പടം തിരിച്ചുപിടിക്കുന്നുണ്ട്. രണ്ടാം പകുതിയുടെ മധ്യഭാഗത്ത് പലയിടത്തും ശരിക്കും ലാഗ് വരുന്നുണ്ട്. ഈ കോട്ടുവാ രംഗങ്ങൾ ഒന്ന് ഫാസ്റ്റടിച്ചിരുന്നെങ്കിൽ ചിത്രത്തിന്റെ സാമ്പത്തിക വിജയവും സുഗമമായേനെ. ആദ്യരാത്രിയിൽ സത്യൻ ഭാര്യയോട് തന്റെ ആദ്യഭാര്യ ഫുട്‌ബോളാണെന്ന് പറയുന്നതും ക്‌ളീഷേയെന്ന്‌പോലും വിളിക്കാൻ പറ്റാത്തത്ര ക്‌ളീഷേയാണ്! കുട്ടിക്കാലത്ത് സത്യന്റെ കാലിനുള്ളിൽ കമ്പിയിടേണ്ടിവന്ന പരുക്കുണ്ടാവുന്ന രംഗങ്ങളും അമിതവും സാമാന്യബുദ്ധിക്ക് നിരക്കാത്തതതും അയിപ്പോയി. കളിക്കിടെ വീണ് പരിക്കേൽക്കുകയല്ല .മറിച്ച് കുട്ടികൾ സത്യനെ അടിച്ച് മറച്ചിട്ട് വലിയൊരു കല്‌ളെടുത്ത് കാലിലിട്ട് കുത്തിപൊട്ടിക്കയാണ്!

ചില്ലറ പോരായ്മകൾ ഉണ്ടെങ്കിലും ടിക്കറ്റ് എടുത്തവന് കാശ് വസൂലാവുന്ന ചിത്രം തന്നെയാണിത്. നല്ല സിനിമകളെ സ്‌നേഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ടതും.

വാൽക്കഷ്ണം:'ആമിക്ക്' പകരം ഈ പടമാണ് കണ്ടെതെങ്കിൽ, നെഞ്ചിൽ അമ്മിക്കുട്ടിയോ ആട്ടുകല്ലോ കെട്ടിവെച്ചതുപോലുള്ള അനുഭവമെന്ന് നമ്മുടെ സൂര്യകൃഷ്ണമൂർത്തിയും സുഗതടീച്ചറുമൊക്കെ വിലപിച്ചേനേ! ഈ സിനിമയുടെ സംവിധായകനും മറ്റും പ്രമുഖനല്ലാത്തതുകൊണ്ട് തള്ളാൻ സാംസ്കാരിക നായകരെ കിട്ടാതെ പോയി.കുഴപ്പമില്ല.ജനം കൂടെയുണ്ടായാൽ മാത്രം മതിയല്ലോ...