- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഭൂമിയിൽ നിന്നും 50,000 അടി ഉയരത്തിൽ പകർത്തിയ വീഡിയോ നിയമ വിരുദ്ധമാണോ? ആകാശം ഏത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ്? ശൂന്യാകാശത്തെയും ആഴക്കടലിലെയും നിയമങ്ങളെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
വിമാനയാത്രക്കിടയിൽ ഉറങ്ങിയ ഒരു എയർഹോസ്റ്റസിന്റെ പടം ഒരാൾ ഫേസ്‌ബുക്കിലിട്ടതും അത് വിവാദമായതും കണ്ടു. ഉറങ്ങിയതിന്റെയോ വീഡിയോ എടുത്തതിന്റെയോ ശരി തെറ്റുകളല്ല ഈ ലേഖനത്തിന്റെ വിഷയം. വീഡിയോ എടുത്തു ഫേസ്‌ബുക്കിൽ ഇട്ടത് ന്യായീകരിച്ചു ഒരു സുഹൃത്ത് എഴുതിയ പോസ്റ്റ് ആണ്. 'ഇവിടെ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് വിചിത്ര സംഭവം ആകും. ഭൂമിയിൽ നിന്നും 50,000 അടി ഉയരത്തിൽ ഞാൻ പകർത്തിയ വീഡിയോ എങ്ങിനെ നിയമ വിരുദ്ധമാകും ?? ആകാശം ഏത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് ?' ഒറ്റയടിക്ക് കേട്ടാൽ ന്യായമാണുന്ന തോന്നുന്ന ചോദ്യം ആണ്. പക്ഷെ ആകാശം ആയതിനാൽ ആരും ചോദിക്കാനും പറയാനും ഇല്ല എന്ന തെറ്റിദ്ധാരണ ഒട്ടും വേണ്ട. വാസ്തവത്തിൽ നേരെ മറിച്ചാണ് കാര്യങ്ങൾ. കൂടിക്കുഴഞ്ഞ ആകാശം: ആകാശത്ത് വച്ച് എന്തെങ്കിലുമൊരു കുറ്റകൃത്യം നടന്നാൽ കരയിലെ പോലെ തന്നെ അതിനെതിരെ കേസെടുക്കാം എന്നതിൽ ലോകത്തൊരിടത്തും ഒരു തർക്കവുമില്ല. എന്നാൽ ഏതു രാജ്യത്തെ നിയമം വച്ചാണ് കേസെടുക്കേണ്ടത് എന്നതു മാത്രമാണ് പ്രശ്നം. ഉദാഹരണത്തിന്, സൗദിയിൽ നിന്ന് അമേരിക്കയിലേക്ക് പോകുന
വിമാനയാത്രക്കിടയിൽ ഉറങ്ങിയ ഒരു എയർഹോസ്റ്റസിന്റെ പടം ഒരാൾ ഫേസ്‌ബുക്കിലിട്ടതും അത് വിവാദമായതും കണ്ടു. ഉറങ്ങിയതിന്റെയോ വീഡിയോ എടുത്തതിന്റെയോ ശരി തെറ്റുകളല്ല ഈ ലേഖനത്തിന്റെ വിഷയം. വീഡിയോ എടുത്തു ഫേസ്‌ബുക്കിൽ ഇട്ടത് ന്യായീകരിച്ചു ഒരു സുഹൃത്ത് എഴുതിയ പോസ്റ്റ് ആണ്.
'ഇവിടെ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് വിചിത്ര സംഭവം ആകും. ഭൂമിയിൽ നിന്നും 50,000 അടി ഉയരത്തിൽ ഞാൻ പകർത്തിയ വീഡിയോ എങ്ങിനെ നിയമ വിരുദ്ധമാകും ?? ആകാശം ഏത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് ?'
ഒറ്റയടിക്ക് കേട്ടാൽ ന്യായമാണുന്ന തോന്നുന്ന ചോദ്യം ആണ്. പക്ഷെ ആകാശം ആയതിനാൽ ആരും ചോദിക്കാനും പറയാനും ഇല്ല എന്ന തെറ്റിദ്ധാരണ ഒട്ടും വേണ്ട. വാസ്തവത്തിൽ നേരെ മറിച്ചാണ് കാര്യങ്ങൾ.
കൂടിക്കുഴഞ്ഞ ആകാശം: ആകാശത്ത് വച്ച് എന്തെങ്കിലുമൊരു കുറ്റകൃത്യം നടന്നാൽ കരയിലെ പോലെ തന്നെ അതിനെതിരെ കേസെടുക്കാം എന്നതിൽ ലോകത്തൊരിടത്തും ഒരു തർക്കവുമില്ല. എന്നാൽ ഏതു രാജ്യത്തെ നിയമം വച്ചാണ് കേസെടുക്കേണ്ടത് എന്നതു മാത്രമാണ് പ്രശ്നം.
ഉദാഹരണത്തിന്, സൗദിയിൽ നിന്ന് അമേരിക്കയിലേക്ക് പോകുന്ന ബ്രിട്ടീഷ് എയർലൈൻ വിമാനം സ്വിറ്റ്‌സർലൻഡിന് മുകളിലെത്തുന്ന സമയത്ത് ഒരു അക്രമം നടക്കുന്നു എന്നു കരുതുക. പൈലറ്റ് വിമാനം സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ ഇറക്കിക്കഴിഞ്ഞാൽ കേസെടുക്കാനുള്ള പല സാധ്യതകൾ ഇവയാണ്.
- വിമാനം ലണ്ടനിൽ രജിസ്റ്റർ ചെയ്തതായതിനാൽ നിയമപ്രകാരം കേസെടുക്കാനുള്ള അധികാരം ആ രാജ്യത്തിനുണ്ട്.
- വിമാനം സ്വിറ്റ്‌സർലന്റിൽ ഇറങ്ങിയതിനാലും, കുറ്റകൃത്യം നടന്നത് സ്വിസ് എയർ സ്പേസ് പരിധിയിലായതിനാലും സ്വിസ് പൊലീസിനും കേസെടുക്കാം.
- വിമാനം അമേരിക്കയിലേക്ക് പോകാനായി പുറപ്പെട്ടതിനാൽ അമേരിക്കയുടെ പ്രത്യേക നിയമപ്രകാരം അവർക്കും കേസെടുക്കാൻ അധികാരമുണ്ട്.
- ഇനി കുറ്റം ചെയ്തത് ഇന്ത്യാക്കാരൻ ആണെങ്കിൽ, കുറ്റം ചെയ്തത് എവിടെ വച്ചാണെങ്കിലും ഇന്ത്യൻ നിയമമനുസരിച്ച് അയാൾക്കെതിരെ കേസെടുക്കാം.
- ചില രാജ്യങ്ങൾ (ഉദാഹരണം അമേരിക്ക, ഇസ്രയേൽ) അവരുടെ പൗരന്മാർക്കെതിരെ ലോകത്ത് എവിടെ അക്രമം നടന്നാലും സ്വരാജ്യത്ത് കേസാക്കി വിചാരണ നടത്താൻ ഉള്ള നിയമം ഉണ്ടാക്കിയിട്ടുണ്ട് (എക്‌സ്ട്രാ-ടെറസ്റ്റ്രിയൽ ജൂറിസ്ഡിക്ഷൻ).
- ചില കുറ്റകൃത്യങ്ങൾ (ആളുകളെ ബന്ദികൾ ആക്കുക) അത് ലോകത്ത് എവിടെ ആര് ചെയ്താലും അതിനെതിരെ കേസെടുക്കാൻ ചില രാജ്യങ്ങളിൽ നിയമം ഉണ്ട് (ഉദാഹരണം സ്പെയിൻ). യൂണിവേഴ്‌സൽ ജൂറിസ്ഡിക്ഷൻ എന്നാണിതിന് പറയുന്നത്.
ഇങ്ങനെ പല സാധ്യതകൾ ഉള്ളതിനാൽ ആ വിഷയത്തെ പറ്റി ഒരു അന്താരാഷ്ട്ര കൺവെൻഷൻ തന്നെ ഉണ്ട്. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ആറിലെ ടോക്കിയോ കൺവെൻഷൻ ആണത് (The Convention on Offences and Certain Other Acts Committed on Board Aircraft). ഇന്ത്യ ഉൾപ്പടെ ലോകത്തെ 186 രാജ്യങ്ങൾ ഇതിൽ ഒപ്പു വച്ചിട്ടും ഉണ്ട്. അപ്പോൾ പറഞ്ഞു വരുന്നത് ആകാശമാണ്, ആരും ചോദിക്കാൻ ഇല്ലാ എന്ന് കരുതി അനാവശ്യം കാണിക്കാൻ പോയാൽ അടി വരുന്നത് എവിടെ നിന്നാണെന്ന് പറയാൻ പോലും പറ്റില്ല. . അതുകൊണ്ട് വിമാനത്തെ 'ഫ്രീ ഫോർ ഓൾ' ആയിട്ടോ 'നോ മാൻസ് ലാൻഡ്' ആയിട്ടോ കാണല്ലേ മക്കളേ... പണിപാളും.
കടലിലെ നിയമങ്ങൾ: ആകാശത്തെ നിയമം ഇതാണെങ്കിൽ കടലിലെ നിയമം എന്താണെന്ന് നോക്കാം. ആയിരത്തി തൊള്ളായിരത്തി എൺപത്തി രണ്ടിൽ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ലോ ഓഫ് ദി സീസ് (UNITED NATIONS CONVENTION ON THE LAW OF THE SEA) ആണിതിന്റെ അടിസ്ഥാനം. ഒരു രാജ്യത്തിന്റെ കര വിട്ട് പന്ത്രണ്ട് നോട്ടിക്കൽ മൈൽ, അതായത് ഇരുപത്തി രണ്ടു കിലോമീറ്ററോളം ദൂരം കടലും ആ രാജ്യത്തിന്റെ അതിർത്തിയായാണ് കണക്കാക്കുന്നത്. ആ പരിധിക്കുള്ളിൽ നടക്കുന്ന ഏതക്രമവും ആ രാജ്യത്തു നടക്കുന്നതായി കണക്കാക്കിയാണ് നടപടി കൈക്കൊള്ളാൻ പറ്റും. പക്ഷെ ഈ നിയമത്തിന് ഒരു പഴുതുണ്ട്. ഒരു കപ്പലിൽ നടക്കുന്ന കുറ്റ കൃത്യം അത് കടന്നു പോകുന്ന രാജ്യവും ആയി ബന്ധപ്പെട്ടതല്ലെങ്കിൽ (ഉദാഹരണം: ആലപ്പുഴക്കടുത്തുകൂടെ കടന്നു പോകുന്ന ഒരു സിംഗപ്പൂർ കപ്പലിൽ രണ്ടു ഫിലിപ്പിനോകൾ തമ്മിൽ അടി കൂടുന്നു) അതിൽ തീര ദേശ രാജ്യത്തിന് ഇടപെടേണ്ട കാര്യം ഇല്ല. മുൻപ് വിമാനത്തിന്റെ കാര്യത്തിൽ പറഞ്ഞ പല വകുപ്പുകളും ഇവിടെ ബാധകം ആണ്. അതെ സമയം നടന്നത് കൂടുതൽ ഗുരുതരമായ കുറ്റ കൃത്യം ആണെങ്കിൽ (ഉദാഹരണം കൊലപാതകം) കാപ്റ്റൻ കപ്പൽ മിക്കവാറും കൊച്ചിയിൽ അടുപ്പിക്കും, കേരള പൊലീസിനോട് വിഷയം അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഇത് ചെയ്യേണ്ടതും തീരദേശ രാജ്യത്തിന്റെ ഉത്തരവാദിത്തം ആണ്.
[BLURB#1-VL]ഇനി പന്ത്രണ്ട് നോട്ടിക്കൽ മൈലിന് അപ്പുറത്താണ് പ്രശ്‌നമെങ്കിൽ എന്തുചെയ്യും? അതിനും നിയമങ്ങളുണ്ട്. കടലിൽ പോകുന്ന എല്ലാ ബോട്ടുകളും കപ്പലുകളും ഏതെങ്കിലും ഒരു രാജ്യത്ത് രജിസ്റ്റർ ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. അപ്പോൾ കപ്പലിലുണ്ടാകുന്ന പ്രശ്‌നങ്ങൾ, കപ്പൽ ഏതു രാജ്യത്താണോ രജിസ്റ്റർ ചെയ്തത് ആ രാജ്യത്തു തന്നെ വിചാരണ ചെയ്യണം എന്നാണ് ചട്ടം. പല കാരണങ്ങളാൽ ലോകത്തെ അനവധി കച്ചവട കപ്പലുകൾ ലൈബീരിയയിലും പനാമയിലുമാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. അത്തരം കപ്പലുകളോ, കപ്പൽ മുതലാളിമാരോ ആ രാജ്യങ്ങൾ കണ്ടിട്ടു പോലുമുണ്ടാകില്ല. അതിനാണ് 'ഫ്‌ലാഗ് ഓഫ് കൺവീനിയൻസ്' എന്നുപറയുന്നത്. ഇത്തരം കപ്പലുകളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് അതാത് രാജ്യങ്ങളിലാണ് പ്രോസിക്യൂഷൻ നടക്കേണ്ടത്. എന്നാൽ ക്യാപ്റ്റന്റെ പ്രായോഗികമായ തീരുമാനം അനുസരിച്ച് ഇത് പലപ്പോഴും വ്യത്യാസപ്പെടാറുണ്ട്.
ശൂന്യാകാശത്തും നിയമങ്ങളോ ?: അൻപതിനായിരം അടി മീതെ കുഴപ്പം കാണിച്ചാൽ അടി കിട്ടുമെന്ന് പറഞ്ഞല്ലോ. അപ്പോൾ പിന്നെ അതിലും മീതെ ശൂന്യാകാശത്ത് (അതായത് ഏതാണ്ട് ഭൂമിയിൽ നിന്നും നൂറു കിലോമീറ്റർ ഉയരത്തിൽ ) എത്തിയാലെങ്കിലും സമാധാനത്തോടെ ഒരു അക്രമം നടത്താൻ പറ്റുമോ?.
ഉദാഹരണത്തിന് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ അമേരിക്കയ്ക്കും, ജപ്പാനും, റഷ്യയ്ക്കും, യൂറോപ്പ്യൻ യുണിയനുമൊക്കെ പ്രത്യേകം മൊഡ്യുളുകളുണ്ട്. അതെല്ലാം അവരവരുടെ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്. ആണും പെണ്ണും ആയി പല രാജ്യങ്ങളിൽ നിന്നുള്ളവർ, അവിടെ എത്താറുണ്ട്. ഏതാണ്ട് 100 കോടി രൂപ കൊടുത്താൽ റഷ്യക്കാർ നമ്മളെ ടൂറിസ്റ്റാക്കി അവിടെ എത്തിച്ചു തിരിച്ചു കൊണ്ട് വരികയും ചെയ്യും (കൂട്ടത്തിൽ പറയട്ടെ എന്റെ വലിയ ഒരു ആഗ്രഹം ആണിത്, കാശില്ലാത്തതിനാൽ ആ വഴി ചിന്തിച്ചിട്ടില്ല എന്നേ ഉള്ളൂ). അപ്പോൾ നല്ല കാശുള്ള ഏതെങ്കിലും മലയാളി അവിടെ എത്താനുള്ള സാധ്യത ഉണ്ട്. ഇന്നേവരെ സ്പേസിൽ ഒളിക്യാമറ പ്രയോഗങ്ങൾ ഒന്നുമുണ്ടായിട്ടില്ല. എന്നാൽ ഒരു മലയാളി അവിടെ എത്തിയാൽ കാര്യങ്ങൾ കുഴഞ്ഞേക്കാം. ഭൂമിയിൽ നിന്നും നാനൂറു കിലോമീറ്റർ ദൂരെ ആണ് സ്പേസ് സ്‌റേഷൻ, അപ്പോൾ അൻപതിനായിരം അടിയിൽ നിന്നും പത്തുലക്ഷം ലക്ഷം അടി ദൂരെ സ്പേസിലെത്തിയാൽ ഇവിടുത്തെ കുറ്റകൃത്യത്തിന് തന്നെയാർക്കും ഒന്നും ചെയ്യാൻ പറ്റില്ലെന്ന് കരുതാമോ? . മാസങ്ങളോളം ആളുകൾ സ്പേസിൽ താമസിക്കുന്ന ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ ഒരു അക്രമം ഉണ്ടാകാനുള്ള സാധ്യത മുൻപേ കണ്ട് ഒരു സ്പേസ് സ്റ്റേഷൻ എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുണ്ട് (The International Space Station Intergovernmental Agreement, 1998). ഈ സ്പേസ് സ്റ്റേഷൻ വളരെ കുഴപ്പം പിടിച്ച ഒന്നാണ്.
1. അക്രമി ഏതു രാജ്യക്കാരനാണോ ആ രാജ്യം അയാളെ കൈകാര്യം ചെയ്യേണ്ടതാണ്.
2. അതേസമയം ഏതു രാജ്യത്തിന്റെ മൊഡ്യൂളിൽ ആണോ അക്രമം നടത്തിയത് അവർക്കും അയാളെ കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ട്.
അപ്പോ... സോറി ബ്രോ. അതും നടക്കില്ല.
ഇനി അൽപം സിവിൽ നിയമം
ചന്ദ്രനിൽ ചായക്കട നടത്തുന്ന മലയാളിയുടെ കഥ പ്രസിദ്ധമാണല്ലോ. അവിടുത്തെ ചായ കട ഉണ്ടാക്കാൻ ആരെന്കിലോടും അനുമതി വാങ്ങണോ എന്ന് നോക്കാം ?
[BLURB#2-VR]ബാഹ്യാകാശവും മറ്റു ഗ്രഹങ്ങളുമെല്ലാം മനുഷ്യരാശിയുടെ പൊതുസമ്പത്താണെന്നും അതിനാൽ ഒരു രാജ്യത്തിനും അവിടെ കയറി അവകാശം സ്ഥാപിക്കാൻ പറ്റില്ലെന്നുമായി ഒരു അന്താരാഷ്ട്ര കരാർ ഉണ്ട് (Treaty on Principles Governing the Activities of States in the Exploration and Use of Outer Space, including the Moon and Other Celestial Bodies).
പക്ഷെ. നിയമത്തെ കീറിമുറിച്ച് ലൂപ്ഹോൾ കണ്ടുപിടിക്കുന്ന ഒരു അമേരിക്കൻ വിദഗ്ദ്ധൻ ഡെന്നിസ് എം ഹോപ്പ്, ''രാജ്യങ്ങൾക്ക് അവകാശം സ്ഥാപിക്കാൻ പറ്റില്ല'' എന്നേ കരാർ പറയുന്നുള്ളു, വ്യക്തികൾക്ക് പറ്റില്ലെന്ന് പറഞ്ഞിട്ടില്ല എന്നു കണ്ടുപിടിച്ചു. അതിനാൽ ചന്ദ്രൻ തന്റെ സ്വന്തം വകയാണെന്ന അവകാശം ഉന്നയിച്ച് അദ്ദേഹം ഐക്യരാഷ്ട്ര സഭക്ക് കത്തയച്ചു. അതെ സമയം തന്നെ കുടിയേറ്റ കാലത്തുള്ള മറ്റൊരു അമേരിക്കൻ നിയമം ഉണ്ട് 'ഏതെങ്കിലും ഒരു സ്ഥലം ചൂണ്ടിക്കാണിച്ച് ഒരു അമേരിക്കക്കാരൻ അത് തന്റേതാണെന്നു പറയുകയും ഒരു വർഷത്തിനകം വേറെ ആരും അതിനു ക്ലെയിം ചെയ്യുകയും ചെയ്തില്ലെങ്കിൽ അതയാൾക്ക് അവകാശപ്പെട്ടതാണത്രെ'. ഈ വകുപ്പനുസരിച്ച് ഇദ്ദേഹം ചന്ദ്രൻ സ്വന്തം വകയാണെന്ന് അമേരിക്കൻ സർക്കാരിനെയും ചൂണ്ടിക്കാണിച്ചു. വേറെ ആരും അത് ക്ലൈം ചെയ്തും ഇല്ല.
ഇയാൾ ഒരു വട്ടനാണെന്നാണ് കൂടുതൽ പേരും കരുതിയത്. ഹോപ്പ് പക്ഷെ കാര്യങ്ങൾ സീരിയസ് ആയി എടുത്തു. താമസിയാതെ ഇയാൾ ചന്ദ്രനിൽ സ്ഥലം മുറിച്ചു വിൽക്കാൻ തുടങ്ങി. ഇപ്പോഴും വിൽപ്പന തുടരുകയും ചെയ്യുന്നു. കേരളത്തിലെ ഭൂമി വിലയേക്കാൾ ഏറെ കുറവാണ് ചന്ദ്രനിൽ. (ഏക്കറിന് ആയിരം രൂപയിൽ താഴെയേ ഉള്ളൂ). അദ്ദേഹത്തിന്റെ കൈയിൽ നിന്ന് അവകാശ സർട്ടിഫിക്കറ്റ് ഒക്കെ കിട്ടും. ചില്ലിട്ടു സൂക്ഷിച്ചുവെക്കാം. ലോകത്തിൽ എല്ലാക്കാലത്തും മണ്ടന്മാരുടെ എണ്ണം ബുദ്ധിമാന്മാരെക്കാൾ കൂടുതലാണ്. അതുകൊണ്ടുതന്നെ ഹോപ്പിന്റെ ബിസിനസ്സ് പൊടിപൊടിച്ചു. ഇങ്ങു കേരളത്തിൽ നിന്നുപോലും മണ്ടന്മാർ ഹോപ്പിനെ കണ്ടുപിടിച്ച് കാശുകൊടുത്ത് ചന്ദ്രനിൽ സ്ഥലം വാങ്ങിയിട്ടിട്ടുണ്ട്. അങ്ങോട്ടുള്ള യാത്രാസൗകര്യം ഒന്നു ശരിയായിക്കഴിഞ്ഞാൽ മലയാളിയുടെ ചായക്കട ചന്ദ്രനിൽ യാഥാർത്ഥ്യമാകും. സംശയം വേണ്ട.
ഒരു കാര്യം കൂടി പറഞ്ഞു ഈ ലേഖനം അവസാനിപ്പിക്കാം. ജീവിതത്തിൽ ഏറെ സമയം വിമാനത്തിൽ ചെലവഴിക്കുന്ന ആളെന്ന നിലയിൽ എയർഹോസ്റ്റസ് മാരോട് വലിയ ബഹുമാനമുള്ള ഒരാളാണ് ഞാൻ. എയർ ഹോസ്റ്റസുമാരോടുള്ള ചില യാത്രക്കാരുടെ പെരുമാറ്റം ലജ്ജാകരമാണ്. (അപൂർവമായി തിരിച്ചും). ഗൾഫിൽ ഏറെ നാൾ താമസിച്ച ഒരാൾ എന്ന നിലക്ക് ഗൾഫിൽ നിന്നും കേരളത്തിലേക്കുള്ള വിമാനത്തിൽ ഈ പ്രശ്‌നം വളരെ കൂടുതൽ ആണെന്നും എനിക്കറിയാം. എയർ ഹോസ്റ്റസുമാരെ സംബന്ധിച്ചിടത്തോളം ഗൾഫ് ഇന്ത്യാ സെക്ടർ ഒരു പേടി സ്വപ്നം ആണ്. ഇതിന്റെ കാരണം എന്തെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പക്ഷെ പിൽക്കാലത്ത് നേപ്പാളിലേക്കും ശ്രീ ലങ്കയിലേക്കും ഫിലിപ്പീൻസിലേക്കും ഒക്കെ ഗൾഫ് വഴി യാത്ര ചെയ്തപ്പോൾ ഒരു കാര്യം മനസ്സിലായി. ഇതൊരു മലയാളി സ്‌പെഷ്യലിറ്റി അല്ല. ഗൾഫിൽ കർക്കശമായ നിയമങ്ങളിൽ താമസിക്കുന്ന ആളുകൾ അവരുടെ രാജ്യത്തെ വിമാനത്തിൽ കയറുമ്പോൾ തന്നെ അതിനെ സ്വന്തം രാജ്യത്തിന്റെയും രാജ്യം നൽകുന്ന സ്വാതന്ത്ര്യത്തിന്റെയും തുരുത്തായി കാണുന്നു. മുൻപ് പറഞ്ഞത് പോലെ നിയമപരമായി ഇത് കുറെ ശെരിയും ആണ്. ഏതെങ്കിലും മലയാളി ദുബായിലേക്ക് പോകുന്ന ഒരു എമിരേറ്റ്‌സ് വിമാനത്തിലെ എയർ ഹോസ്റ്റസിന്റെ ഉറങ്ങുന്നതോ ഉറങ്ങാത്തതോ ആയ പടം എടുത്തു പോസ്റ്റ് ചെയ്യാൻ ധൈര്യപ്പെടുമോ എന്നാലോചിച്ചാൽ മതി. അപ്പോൾ നമ്മൾ ഒരു കാര്യം ഓർത്താൽ മതി. നമ്മുടെ സ്വാതന്ത്ര്യം വലിയ ഒരു ഭാഗ്യമാണ്, ഉത്തരവാദിത്തവും. അതൊന്നും ഇത് പോലെ ഇതാകാശം ആണ്, എനിക്ക് എന്തും ചെയ്യാം എന്നൊക്കെയുള്ള മണ്ടൻ ന്യായം പറഞ്ഞു കളഞ്ഞു കുളിക്കരുത്.