രാനിരിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സിന്റെ ലോകമാണ്. ഇന്ന് മനുഷ്യൻ ചെയ്യുന്ന ജോലികളുടെ ഭൂരിഭാഗവും റോബോട്ടുകൾ ഏറ്റെടുക്കുന്ന കാലം. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സിന്റെ മറ്റൊരു രൂപമായ ഡ്രൈവറില്ലാ വാഹനങ്ങൾ മനുഷ്യന്റെ നാശത്തിനാണോ വഴിവെക്കുക? അമേരിക്കയിലെ അരിസോണയിൽ സെൽഫ് ഡ്രൈവിങ് ഊബർ കാർ കാൽനടയാത്രക്കാരിയെ ഇടിച്ചുകൊന്നപ്പോൾ ഉയർന്ന സംശയമിതാണ്. അപകട സാധ്യത മുന്നിൽക്കണ്ട് ഊബർ തങ്ങളുടെ ഡ്രൈവറില്ലാ കാർ പരീക്ഷണങ്ങൾ തൽക്കാലം നിർത്തി വെച്ചു.

റോഡ് കുറുകെ കടക്കുന്നതിനിടൊണ് എലെയ്ൻ ഹെഴ്‌സ്ബർഗ് എന്ന 49-കാരിയെ കാർ വന്നിടിച്ചത്. ഞായറാഴ്ച രാത്രി പത്തുമണിയോടെ അരിസോണയിലെ ടെംപെയിലായിരുന്നു സംഭവം. ഡ്രൈവറില്ലാ കാർ ഉൾപ്പെടുന്ന ആദ്യത്തെ അപകടമാണിത്. എലെയ്‌നെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം ഉണ്ടാകുന്ന സമയത്ത് ഓട്ടണോമസ് മോദിലായിരുന്നു കാർ. എന്നാൽ, കാറിനുള്ളിൽ അതിന്റെ ഓപ്പറേറ്റർ ഉണ്ടായിരുന്നുവെന്ന് അരിസോണ പൊലീസ് പറഞ്ഞു. സാധാരണ കാറുകളെക്കാൾ സുരക്ഷിതമെന്നാണ് സെൽഫ് ഡ്രൈവിങ് കാറുകൾ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ, അരിസോണയിലെ അപകടനം ആ ചിന്താഗതി മാറ്റിമറിക്കുകയാണ്. ഓട്ടണോമസ് കാർ ഇടിച്ചുണ്ടാകുന്ന ലോകത്തെ ആദ്യ വാഹനാപടകം കൂടിയാണിത്.

അപകടം സംബന്ധിച്ച് പൊലീസന്വേഷണവുമായി സഹകരിക്കുമെന്നും മരിച്ച എലെയ്‌ന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ഊബർ സിഇഒ ദാര ഖോസ്രോവാഷി ട്വീറ്റ് ചെയ്തു. അപകടത്തെത്തുടർന്ന് ലോകത്തിന്റെ പലഭാഗങ്ങളിൽ നടന്നിരുന്ന സെൽഫ് ഡ്രൈവിങ് കാർ പരീക്ഷണങ്ങൾ തൽക്കാലത്തേക്ക് നിർത്തിയതായും അവർ അറിയിച്ചു. പിറ്റ്‌സ്ബർഗ്, ഫോണിക്‌സ്, സാൻഫ്രാൻസിസ്‌കോ, ടൊറന്റോ എന്നിവിടങ്ങളിലും പരീക്ഷണം നടന്നിരുന്നു.

ഇത്തരം പരീക്ഷണങ്ങളോട് സ്വാഗതാർഹമായ നിലപാടാണ് തനിക്കുള്ളതെങ്കിലും സാധാരണക്കാരുടെ സുരക്ഷകൂടി പരിഗണിക്കണമെന്ന് ടെംപെ മേയർ മാർക്ക് മിച്ചൽ പറഞ്ഞു. കാലത്തിനനുസരിച്ചുണ്ടാകുന്ന സാങ്കേതിക മുന്നേറ്റങ്ങളെ സ്വീകരിക്കുകതന്നെ വേണം. എന്നാൽ, അത്തരം പരീക്ഷണങ്ങൾ സുര്ക്ഷിതമായി നടക്കുകയും വേണം. ഗതാഗത നിയമങ്ങൾ പാലിച്ചാണ് ഇതേവരെ പരീക്ഷണങ്ങൾ നടത്തിയിരുന്നത്. അപകടത്തെക്കുറിച്ച് കൂടുതലായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.