ലണ്ടൻ: തിങ്കളാഴ്ച രാത്രി മന്ത്രി മുനീർ സഞ്ചരിച്ച ആഡംബര കാർ ബ്രിട്ടണിൽ നിന്നും ഇറക്കുമതി ചെയ്തതാണെന്ന വാസ്തവം മൂടി വയ്ക്കാൻ മാദ്ധ്യമങ്ങൾ കാട്ടിയ തിടുക്കം അമ്പരപ്പിക്കുന്നതായിരുന്നു. ഒരു റോൾസ് റോയ്‌സോ ബെന്റിലിയോ നിരത്തിൽ കണ്ടാൽ പടം എടുത്തു ആഘോഷമാക്കുന്ന മാദ്ധ്യമങ്ങൾ ഒന്നേ മുക്കാൽ കോടി ചെലവിട്ടു ബ്രിട്ടണിൽ നിന്നും കേരളത്തിൽ എത്തിച്ച ആഡംബര കാർ ആണ് മന്ത്രി യാത്രക്ക് ഉപയോഗിച്ചത് എന്ന സത്യം മറച്ചു വച്ചാണ് വാർത്ത തയാറാക്കിയത്. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ കേരളത്തിലെ നിരത്തുകളിൽ ആഡംബര കാറുകൾ നിറയുക ആണെന്നും ഇവയിൽ മിക്കതും ബ്രിട്ടണിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത് എന്നും വ്യക്തമായി. സാധാരണ 200 കിലോമീറ്റർ വേഗത്തിൽ പായുന്ന ഇത്തരം കാറുകൾക്ക് പറ്റിയതല്ല കേരളത്തിലെ തിരക്കേറിയ റോഡുകൾ എന്നിരിക്കെ പണക്കൊഴുപ്പ് കാട്ടാൻ വേണ്ടി ഇറക്കുമതി ചെയ്യുന്ന ഇവയ്ക്കു കൊലയാളി മുഖം വന്നു ചേരാൻ അധികം താമസം ഇല്ല എന്നാണ് കായംകുളം സംഭവം തെളിയിക്കുന്നത്.

ഇത്തരം കാറുകൾ പായിക്കാൻ യോഗ്യമായ എക്സ്‌പ്രസ് ഹൈവേകൾ കേരളത്തിൽ ആവശ്യമാണെന്ന് വാദം ഉയർത്തിയ മുനീർ തന്നെ അതിവേഗ ആഡംബര കാറിൽ സഞ്ചരിച്ചു സർവ്വസമ്മതനും കോളേജ് വിദ്യാർത്ഥികളുടെ പ്രിയ അദ്ധ്യാപകനും ആയ പ്രൊഫസർ ശശികുമാറിന്റെ മരണത്തിനു ഇടയാക്കി എന്നത് വിധി ഒരുക്കിയ പ്രഹരം കൂടിയായി. അതേ സമയം കേരളത്തിലെ നിരത്തുകളിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം കാറുകളും ബൈക്കുകളും പരിചയപ്പെടുത്താൻ കൊച്ചിക്കാരനായ വിദ്യാർത്ഥി തുടങ്ങിയ ഫേസ്‌ബുക്ക് പേജും വൻ ഹിറ്റായി ഓടുകയാണ്.

മന്ത്രിമാരും മറ്റും സർക്കാർ ചെലവിൽ തന്നെ ആഡംബര കാറുകളിൽ ആണ് യാത്ര ചെയ്യുന്നത് എങ്കിലും കൂടുതൽ പകിട്ടിനായി വിദേശ ഇറക്കുമതി കാറുകളിൽ യാത്ര ചെയ്യാൻ താൽപ്പര്യം കാട്ടുന്നതോടെ ഇറക്കുമതിയും കൂടുകയാണ്. സംസ്ഥാനത്തൊട്ടാകെ വിരലിൽ എണ്ണാൻ മാത്രം വിദേശ നിർമ്മിത പ്രീമിയം ലക്ഷ്വറി കാറുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ റോൾസ് റോയ്‌സ് മാത്രം ചുരുങ്ങിയത് 19 എണ്ണം എങ്കിലും ഉണ്ട്. മൂന്നര കോടി മുതലാണ് റോൾസിന്റെ പ്രാരംഭ വില. പൊർഷെയും ലംബോർഗിനിയും ഒക്കെ ഇപ്പോൾ കേരളത്തിൽ കുറവല്ല. ഹൈവേയിൽ ഇറങ്ങിയാൽ മുൻപ് കൗതുക പൂർവ്വം കണ്ടിരുന്ന ഈ സൂപ്പർ കാറുകൾ ഇപ്പോൾ സാധാരണ കാഴ്ചയിലേക്ക് ക്ഷണിക്കും വിധമാണ് ഇറക്കുമതി വർദ്ധിക്കുന്നത്. അനധികൃത പണം ചെലവാക്കാൻ ഉള്ള ഏറ്റവും എളുപ്പ വഴിയാണ് ഇതെന്നതിനാൽ കോടികൾ ഒറ്റയടിക്ക് മറിക്കാൻ ഇത്തരം കാറുകൾ ഇറക്കുമതി ചെയ്യുന്നവരും ഉണ്ട്. അൽപ നാൾ കൈവശം വച്ച ശേഷം ആരെയെങ്കിലും കണ്ടെത്തി വിൽക്കുകയാണ് ഇവരുടെ രീതി. ഇത്തരം കാറുകൾ കോഴിക്കോട്, മലപ്പുറം, കാസർഗോഡ് എന്നിവിടങ്ങളിൽ ആണ് കൂടുതലും എത്തുന്നത്.

അതിനിടെ മുനീർ സ്വകാര്യ കാർ ഉപയോഗിച്ചത് തെറ്റല്ലെന്നും അദ്ദേഹം പാർട്ടി പ്രവർത്തകന്റെ കാറാണ് ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ന്യായീകരിക്കാൻ എത്തിയിരുന്നു. എന്നാൽ അപകടം ഉണ്ടായ ശേഷമാണ് കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി ഔദ്യോഗിക കാറിന്റെ പ്ലേറ്റ് പിടിപ്പിച്ചതെന്ന ആരോപണത്തിന് വ്യക്തമായ മറുപടി ഉണ്ടായില്ല. സാധാരണ ഔദ്യോഗിക കാറുകൾക്ക് പകരം ടാക്‌സിയോ മറ്റോ വേണമെങ്കിൽ ടൂറിസം വകുപ്പ് വാടകയ്ക്ക് എടുത്തു നൽകുകയാണ് പതിവ്. എന്നാൽ അടിയന്തിര സാഹചര്യം ഉണ്ടായതിനെ തുടർന്ന് സുഹൃത്തിന്റെ കാർ ഉപയോഗിക്കുക ആയിരുന്നു എന്നാണ് മന്ത്രിയുടെ വിശദീകരണം. മന്ത്രിമാർ ഇത്തരത്തിൽ ഔദ്യോഗികം അല്ലാത്ത കാറുകളിൽ സഞ്ചരിക്കുന്നത് പലപ്പോഴും വിവാദവും ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.

എന്നാൽ സംസ്ഥാന തലസ്ഥാനത്ത് സൂപ്പർ കാറുകളെക്കാൾ ഹിറ്റ് സൂപ്പർ ബൈക്കുകളാണ്്. അനേക ലക്ഷം രൂപ വിലവരുന്ന പളപ്പൻ ബൈക്കുകളിൽ ചുറ്റി ഹുങ്കാര ശബ്ദം സൃഷ്ടിക്കുന്നത് രാഷ്ട്രീയ മുതലാളിമാരുടെ മക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെ മക്കളുടെയും പ്രധാന ഹോബിയാണ്. ഇത്തരക്കാർക്കെതിരെ പലവട്ടം പരാതി ഉയർന്നിട്ടുണ്ടെങ്കിലും ഇറക്കുമതി ബൈക്കുകളോടുള്ള ഹരം പണക്കൊഴുപ്പ് കാട്ടാൻ ഉള്ള മാർഗ്ഗം കൂടിയായി മാറിയിട്ടുണ്ട്. സോഷ്യൽ സ്റ്റാറ്റസ് നിശ്ചയികുന്നത് ഇത്തരം വാഹനങ്ങൾ ആയതിനാൽ പണം ഒരു പ്രശ്‌നം അല്ലെന്ന മട്ടിലാണ് ഇറക്കുമതി വാഹനങ്ങൾക്കായി സമീപിക്കുന്നവർ പറയുന്നത്. മമ്മൂട്ടി ഉൾപ്പെടെയുള്ളവരുടെ വാഹന പ്രേമം അനുകരിക്കാൻ പുതു പണക്കാർ തയ്യാറാകുന്നതാണ് ഇതൊരു ട്രെന്റ് ആയി മാറാൻ പ്രധാന കാരണം.

കൊച്ചിയിലെ നെക്സ്റ്റ് ഉടമ ജഹാഗീരിന്റെയും ഇയ്യിടെ ഹമ്മർ ഇടിപ്പിച്ചു സെക്യുരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കുപ്രസിദ്ധി നേടിയ നിഷാമിനും ഇത്തരം അനേകം കാറുകൾ ഉണ്ട്. ബിസിനസ് രംഗത്ത് യുവാക്കളുടെ സാന്നിധ്യം വർദ്ധിച്ചതോടെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകൾക്കൊക്കെയും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഒരു കാർ എങ്കിലും പ്രൗഡിയുടെ ഭാഗമായി മാറിയിട്ടുണ്ട്. വാഹന മാസികകളും പ്രസിദ്ധീകരണങ്ങളും പ്രമുഖരുടെ കാറുകൾ പരിചിതപ്പെടുതുന്ന പതിവും തുടങ്ങിയതോടെ ഇത്തരം കാറുകൾ ഇല്ലെങ്കിൽ നിലയും വിലയും ഇല്ല എന്ന തിരിച്ചറിവും പലർക്കും ഉണ്ടായി തുടങ്ങിയതും വിദേശികൾ കേരള നിരത്തിൽ നിറഞ്ഞോടാൻ പ്രധാന കാരണങ്ങളിൽ ഒന്നാണ്.

അതിനിടെ ഇത്തരം കാറുകൾ പരിചയപ്പെടുത്താൻ 18 കാരനായ നെസ്മൽ തുടങ്ങിയ പേജിന് പതിനായിരങ്ങളുടെ ലൈക്ക് ആണ് ലഭിക്കുന്നത്. കേരളത്തിലെ നിരത്തുകളിൽ കാണപ്പെടുന്ന സൂപ്പർ കാറുകളും ബൈക്കുകളും ഫെസ്ബുക്കിലൂടെ പരിചയപ്പെടുത്തുകയാണ് ഈ യുവാവ് ലക്ഷ്യമിടുന്നത്. തുടക്കത്തിൽ കാറുകളുടെയും മറ്റും ചിത്രങ്ങൾ ലഭിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നെങ്കിലും ഇത്തരം വാഹനങ്ങൾ സംസ്ഥാനത്ത് അപൂർവ്വം അല്ലെന്നു മനസ്സിലായതോടെ പലരും ചിത്രം അയച്ചു നെസ്മലിനെ സഹായിക്കാൻ തുടങ്ങി. ഇപ്പോൾ ദിവസവം അനേകം ചിത്രങ്ങൾ ആണ് എക്‌സോടിക് ആൻഡ് ഇമ്പോർട്‌സ് സ്‌പോട്ടഡ് ഇൻ കേരള എന്ന ഫേസ്‌ബുക്ക് പേജിൽ നിറയുന്നത്.

അനധികൃതമായി വിദേശ കാറുകൾ എത്തിച്ചതിന് കഴിഞ്ഞ വർഷം സിബിഐ അറസ്റ്റ് ചെയ്ത തിരുവല്ല സ്വദേശി അലക്‌സ് നടത്തിയ തട്ടിപ്പ് വഴി 48 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. കൊച്ചി, മംഗലാപുരം തുറമുഖം വഴിയാണ് ഇയാൾ കാറുകൾ എത്തിച്ചിരുന്നത്.