- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധനമന്ത്രി ചോദിച്ചിട്ടും കാറിന്റെ കണക്കുൾ ആരും നൽകുന്നില്ല; മന്ത്രി ഓഫീസുകൾക്ക് വാഹനം വിട്ടു നൽകുന്നത് കീഴ് വഴക്കം; മന്ത്രിപത്നിമാർ ഓഫീസിൽ പോകുന്നതും സർക്കാർ ബോർഡുള്ള കാറിലെന്ന് ആരോപണം; ഖജനാവിനെ മുടിക്കുന്ന കാർ പ്രേമത്തിന് പിന്നിലുള്ളത് ഉന്നതരുടെ കുടുംബ സ്നേഹം
തിരുവനന്തപുരം: സാമ്പത്തിക അച്ചടക്കമാണ് പിണറായി സർക്കാരിന്റെ പ്രധാന ലക്ഷ്യം. വാഹനം വാങ്ങുന്നതിലും മറ്റും മിതത്വം കാട്ടുമെന്നും പറഞ്ഞിരുന്നു. എന്നാൽ അതെല്ലാം എല്ലാ അർത്ഥത്തിലും അട്ടിമറിക്കപ്പെട്ടു. സംസ്ഥാന സർക്കാരിന് ആകെ എത്ര കാറുണ്ടെന്ന് സർക്കാരിന് പോലും അറിയില്ല.
വകുപ്പുകളും കമ്മിഷനുകളും അഥോറിറ്റികളും തുടങ്ങി സകല ഭരണകേന്ദ്രങ്ങളും കണക്കില്ലാതെ കാർ വാങ്ങിക്കൂട്ടിയതാണ് സർക്കാരിന്റെ കണക്കുതെറ്റിച്ചത്. ഭരണച്ചെലവിന്റെ നല്ലൊരു പങ്കും പോകുന്നത് കാർ വാങ്ങാനും ഇന്ധനം നിറയ്ക്കാനും ടയർ മാറ്റാനും അറ്റകുറ്റപ്പണികൾക്കും ചെലവാകുകയാണ്. ടൂറിസം വകുപ്പ് കാറു വാങ്ങി മറ്റുള്ളവർക്ക് നൽകുന്ന രീതി അട്ടിമറിക്കപ്പെട്ടു. പലരും ഇഷ്ടത്തിന് കാറുകൾ വാങ്ങി. സ്വാധീനം കാരണം മുകളിലുള്ളവർ ഇതിനെല്ലാം അനുമതിയും നൽകി.
3 വർഷം മുൻപ് സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽപെട്ടപ്പോൾ ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി കാർ വാങ്ങൽ കുറയ്ക്കാനും നിലവിലെ കാറുകൾ പുനർവിന്യസിക്കാനും ധനമന്ത്രി ടി.എം.തോമസ് ഐസക് തീരുമാനിച്ചിരുന്നു. പിണറായി സർക്കാരിന്റെ ആദ്യ കാലത്ത് ഇത് ഏതാണ്ട് നടന്നിരുന്നു. എന്നാൽ ഭരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ എല്ലാം തെറ്റി. തോന്നിയതു പോലെ പലരും കാർ വാങ്ങി.
കാർ വാങ്ങലിലെ മിതവ്യയം നടപ്പാക്കാനായി സർക്കാരിന്റെ കാറുകളുടെ എണ്ണം തോമസ് ഐസക്കിന്റെ കാലത്ത് തേടിയെങ്കിലും കണക്ക് ഒരിടത്തുമില്ലായിരുന്നു. തുടർന്ന് കണക്കെടുപ്പിനായി ധനവകുപ്പിന്റെ വെബ്‌സൈറ്റിൽ വീൽസ് എന്ന പേരിൽ പേജ് തുറന്നു. എല്ലാ വകുപ്പുകളും സർക്കാർ സ്ഥാപനങ്ങളും കാറുകളുടെ വിവരം അപ്ലോഡ് ചെയ്യാനായിരുന്നു നിർദ്ദേശം. വർഷം 3 കഴിഞ്ഞെങ്കിലും കണക്കെടുപ്പു പൂർത്തിയായിട്ടില്ല.
മന്ത്രി കെ.എൻ.ബാലഗോപാൽ കഴിഞ്ഞ ബജറ്റ് അവതരിപ്പിക്കും മുൻപ് ഇതു പൂർത്തിയാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പല വകുപ്പുകളും ആവശ്യത്തിലേറെ കാറുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് കണ്ടെത്തിയാൽ അത് പലർക്കും പ്രശ്‌നമാകും. അതുകൊണ്ട് തന്നെ അട്ടിമറിക്കുകയാണ് ധന വകുപ്പിന്റെ തീരുമാനം.
കെഎസ്ഇബിയിലെ വാഹനം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉപയോഗിക്കുന്നത് ആ വകുപ്പിലെ മാത്രം കാര്യമല്ല. എല്ലാ വകുപ്പുകളുടെയും കീഴിലെ സ്ഥാപനങ്ങളിൽനിന്ന് ആവശ്യത്തിനും അനാവശ്യത്തിനും മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫ് അംഗങ്ങൾ വാഹനം ഉപയോഗിക്കുന്നുണ്ട്. പൊലീസിൽനിന്നും അഗ്‌നിരക്ഷാസേനയിൽനിന്നും ആഭ്യന്തര മന്ത്രിയുടെ ഓഫിസിലേക്ക് വാഹനം നൽകും.
ഷോപ്പിങ്, സിനിമ, വിവാഹം, കുട്ടികളെ സ്‌കൂളിലെത്തിക്കൽ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട യാത്രകൾക്കു സർക്കാർ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് 2008 ൽ ധനവകുപ്പ് ഉത്തരവിറക്കിയെങ്കിലും ഫലം കണ്ടില്ല. മന്ത്രി പത്‌നിക്ക് ജോലിക്ക് പോകാനും വരാനും വേണ്ടി കൊച്ചിയിൽ സർക്കാർ വാഹനം ദുരുപയോഗം ചെയ്യുന്നുവെന്നും വാർത്തകൾ എത്തിയിരുന്നു. ഇതിനെല്ലാം കാരണം അധികാര കേന്ദ്രത്തിലുള്ളവരുടെ കുടുംബ സ്‌നേഹമാണെന്നതാണ് വസ്തുത.
വീട്ടിൽനിന്ന് ഓഫിസിലേക്കും തിരിച്ചും ഔദ്യോഗിക വാഹനത്തിൽ സഞ്ചരിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്കു സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, മറ്റു സ്വകാര്യയാത്രകൾക്ക് സർക്കാർ വാഹനം ഉപയോഗിക്കുന്നതിനു വിലക്കുണ്ട്. അങ്ങനെ ഉപയോഗിക്കേണ്ടി വന്നാൽ കിലോമീറ്ററിന് നിശ്ചിത തുക സർക്കാരിലേക്ക് അടയ്ക്കണം.
വകുപ്പു സെക്രട്ടറി, കമ്മിഷണറേറ്റിലെ കമ്മിഷണർ, കലക്ടർ, ജില്ലാ ജഡ്ജി മുതൽ മുകളിലേക്കുള്ള ജുഡീഷ്യൽ ഓഫിസർമാർ, ആഭ്യന്തര വകുപ്പിൽ എസ്‌പി മുതൽ മുകളിലേക്കുള്ളവർ, ഫോറസ്റ്റ് കൺസർവേറ്റർ മുതൽ മുകളിലേക്കുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ, സഹകരണ സൊസൈറ്റികളിലെ രജിസ്റ്റ്രാർ, ചീഫ് എൻജിനീയർമാർ, വകുപ്പു മേധാവികൾ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ചീഫ് എക്‌സിക്യൂട്ടീവ്, സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികൾ, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി എന്നിവർക്കാണ് വീട്ടിൽനിന്ന് ഓഫിസിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് സർക്കാർ വാഹനം ഉപയോഗിക്കാൻ അനുമതിയുള്ളത്.
മറുനാടന് മലയാളി ബ്യൂറോ