ണ്ടനിൽ മറ്റൊരു സൂപ്പർ കാർ സീസണ് കൂടി തുടക്കമായിരിക്കുകയാണ്. ഇതേ തുടർന്ന് ലണ്ടനിൽ അവധിയാഘോഷിക്കാനെത്തുന്ന നൂറ് കണക്കിന് അറബ് മുതലാളിമാരുടെ ആഡംബരക്കാറുകൾ തലസ്ഥാനത്ത് കൂടെ ഒഴുകാൻ തുടങ്ങിയിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചിരിക്കുന്നത് ഖത്തർ ഷെയ്ക്കായ ഖാലിദ് ബിൻ ഹമദ് അൽ താനിയാണ്. ഇദ്ദേഹം ലണ്ടനിൽ അവധി ആഘോഷിക്കാനെത്തിയിരിക്കുന്നത് കോടികൾ വിലമതിക്കുന്ന അഞ്ച് സൂപ്പർകാറുകളുമായിട്ടാണ്. ലണ്ടനിലെ തന്റെ അവധിയാഘോഷങ്ങൾക്കിടെ മാറി മാറി ഉപയോഗിക്കാനായി അദ്ദേഹം കൊണ്ടു വന്നിരിക്കുന്നത് പോർച്ചെ സ്പൈഡർ, മാക്ലാറൻ പി1, ബഗാട്ടി വെയ്റോൻ, രണ്ട് ഫെരാരികൾ എന്നിവയാണ്. ഇതിൽ പോർച്ചെയ്ക്ക് 600,00 പൗണ്ടും മാക്ലാറന് 1.2 മില്യൺ പൗണ്ടും ബഗാട്ടിക്ക് 1.8 മില്യൺ പൗണ്ടുമാണ് വില.

മണിക്കൂറിൽ 218 മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള കാറാണ് മാക്ലാറൻ പി1. ഇതിന് ട്വിൻ ടർബോചാർജ്ഡ് വി8 പെട്രോൾ എൻജിനാണുള്ളത്. ബർഗാട്ടിക്കാവട്ടെ 1200 ഹോഴ്സ്പവറാണുള്ളത് . ഇത് ലോകത്തിലെ വേഗതയേറിയ കാറുകളിലൊന്നുമാണ്. മണിക്കൂറിൽ 254 മൈലുകൾ പിന്നിടാൻ ഇതിന് സാധിക്കും. രണ്ട് ഇലക്ട്രിക് മോട്ടോറുകളുടെ കരുത്തുള്ള കാറാണ് പോർച്ചെ. ഖത്തർ ഷെയ്ഖ് കൊണ്ടു വന്നിരിക്കുന്ന ഫെരാരികളിൽ ഒന്ന് മഞ്ഞയും മറ്റൊന്ന് വെള്ളയുമാണ്. രണ്ടും ആകർഷകമാണ്. 1991 നവംബർ 11ന് മുൻ ഖത്തർ അമീറായ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ ഏഴാമത്തെ മകനായിട്ടാണ് ഖാലിദ് ബിൻ ഹമദ് അൽ താനി ജനിച്ചത്. 1995 മുതൽ 2013 വരെ ഖത്തറിലെ അമീറായിരുന്നു ഹമദ് ബിൻ ഖലീഫ.

ഇത്തരത്തിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള നിരവധി സമ്പന്നന്മാരാണ് ഇപ്രാവശ്യവും അവധിയാഘോഷിക്കാൻ ലണ്ടനിലെത്തിയിരിക്കുന്നത്.കോടികൾ വിലയുള്ള ഇവരുടെ കാറുകൾ കാണാൻ സായിപ്പന്മാർ കൊതിയോടെ ക്യൂ നിൽക്കുന്നുമുണ്ട്. റോൾസ് റോയ്‌സ്, മെർസിഡസ്, ലംബോർഗിനി തുടങ്ങിയ നിരവധി ആഡംബരക്കാറുകളാണ് ഈ അവസരത്തിൽ ലണ്ടനിലെത്തിയിരിക്കുന്നത്.

സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള സമ്പന്നർ മിഡിൽ ഈസ്റ്റിലെ കടുത്ത സമ്മറിൽ നിന്നും രക്ഷപ്പെട്ട് അവധിയാഘോഷിക്കുന്നതിനായി വർഷം തോറും ലണ്ടനിലെത്തുന്നത്. അതിന് ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ ആഡംബര കാറുകൾ കപ്പലിലും മറ്റും ഇവിടെയെത്തിക്കുകയാണ് പതിവ്. ചിലരാകട്ടെ തങ്ങളുടെ സൂപ്പർകാറുകൾ കാർഗോ പ്ലെയിനുകളിൽ അയക്കാനായി 40,000 പൗണ്ട് വരെ ചെലവാക്കാൻ യാതൊരു മടിയും കാണിക്കാറുമില്ല.

മിഡിൽ ഈസ്റ്റിൽ കടുത്ത വേനൽ സംജാതമാകുന്നതോടെ അതിൽ നിന്നും രക്ഷ തേടിയാണ് അറബ് സമ്പന്നർ ലണ്ടനിലെത്തുന്നത്. അക്കാലത്ത് ഇവിടുത്തെ ആഡംബര ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കഴിയാനാൻ ഇവർ വളരെയധികം ഇഷ്ടപ്പെടുന്നുമുണ്ട്. ആഡംബര കാർ തങ്ങളുടെ സ്റ്റാറ്റസ് സിംബലായി കരുതുന്ന അറബ്‌സമ്പന്നർ അക്കാരണത്താലാണ് എത്ര തുക ചെലവഴിച്ചും അവ കൂടെ കൊണ്ട് വരുന്നത്.