ക്രിനിമലുകൾക്ക് ദുബായ് പൊലീസിനെ ഇനി വേഗം കൊണ്ട് തോൽപിക്കാനാകുമെന്ന് കരുതേണ്ട. സൂപ്പർകാറുകളുടെ ഒരു നിര തന്നെ സ്വന്തമാക്കിയ ദുബായ് പൊലീസ് ഏറ്റവുമൊടുവിൽ ജർമൻ സൂപ്പർകാറായ ബുഗാട്ടി വിറോണും പട്ടികയിലേക്ക് ചേർത്തു. മണിക്കൂറിൽ 407 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഈ കാർ, ലോകത്തെ പൊലീസ് വാഹനങ്ങളിൽ ഏറ്റവും വേഗതയുള്ള കാറായി വിലയിരുത്തപ്പെടുന്നു.

ലോകത്തെ ഏത് ധനാഢ്യനെക്കാളും ആഡംബര കാറുകൾ ദുബായ് പൊലീസിനുണ്ട്. ലിമിറ്റഡ് എഡിഷൻ ആസ്റ്റൺ മാർട്ടിൻ വൺ-77, ലംബോർഗിനി അവന്റാഡോർ, ഫെരാരി എഫ്എഫ് തുടങ്ങിയ സൂപ്പർകാറുകളുടെ നിരയിലേക്കാണ് ഇപ്പോൾ ബുഗാട്ടിയുമെത്തിയത്. പൊലീസിന്റെ മുഖഛായ മാറ്റുകയെന്ന ഉദ്ദേശതത്തോടെ 2013-ലാണ് സൂപ്പർകാറുകൾ വാഹനശ്രേണിയുടെ ഭാഗമാക്കാൻ ദുബായ് പൊലീസ് തീരുമാനിച്ചത്.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പട്രോളിങ്ങിനായാണ് നേരത്തെ സൂപ്പർകാറുകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ, പരിസ്ഥിതിക്ക് അനുയോജ്യമായ ഈ വാഹനങ്ങൾ കൂടുതലായി സേനയ്‌ക്കൊപ്പം ചേർക്കുകയാണ് അധികൃതരുടെ ലക്ഷ്യം. 2030 ആകുമ്പോഴേക്കും പാതിയിലേറെ വാഹനങ്ങൾ സൂപ്പർകാറുകളായി മാറും.

ലോകത്തെ ഏറ്റവും വേഗമേറിയ പൊലീസ് കാർ ദുബായ് പൊലീസ് സ്വന്തമാക്കിയപ്പോൾ പിന്തള്ളപ്പെട്ടത് ഇറ്റലിയാണ്. ഇറ്റാലിയൻ പൊലീസിന്റെ പക്കലുള്ള ലംബോർഗിനി ഗല്ലാർഡോ എൽപി560-4 ാണ് വേഗം കൊണ്ട് രണ്ടാമൻ.