- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിൽ എ. സി പ്രവർത്തിപ്പിച്ചു ഉറങ്ങാൻ കിടക്കല്ലേ! ചിലപ്പോൾ നിങ്ങൾ ഉണരാത്ത ഉറക്കത്തിലേക്ക് വഴുതി വീണേക്കാം; കോട്ടയത്ത് യുവാവ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത് എ സിയിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചെന്ന് സൂചന; അപകടം ഒഴിവാക്കൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കോട്ടയം: എ.സി. പ്രവർത്തിപ്പിച്ച് കാറുകളിൽ കിടന്നുറങ്ങുന്നവർ ശ്രദ്ധിക്കണം. ഏതു നിമിഷവും മരണം സംഭവിക്കാം എന്നതാണ് പുറത്തുവരുന്ന സൂചനകൾ. കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗത്തിനു മുമ്പിൽ കാറിലെ എ.സി. പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ ഇടുക്കി സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ വില്ലനായത് കാറിലെ എ സിയിൽ നിന്നും വന്ന വിഷവാതകമാണെന്നതാണ് സൂചന.
ഇടുക്കി കീരിത്തോട് അഞ്ചുകുടി ചാലിൽ പിഎസ് അഖിലി(31)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛന്റെ ശസ്ത്രക്രിയയ്ക്കായാണ് അഖിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. ഫോറൻസിക് വിഭാഗത്തിനുമുൻവശം പാർക്ക് ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്.
കോട്ടയം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ അഖിലിന്റെ അച്ഛന് ബുധനാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അമ്മയും അഖിലും ആശുപത്രിയിൽ എത്തിയത്. ചൊവ്വാഴ്ച രാവിലെ അമ്മയോട് തലവേദനയുണ്ടെന്നും കാറിൽ അല്പനേരം ഇരിക്കട്ടെയെന്നും പറഞ്ഞ് അഖിൽ ഫൊറൻസിക് വിഭാഗത്തിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് പോയി. നാലുമണിയായിട്ടും കാണാതെവന്നപ്പോൾ അമ്മ ഫോണിൽ വിളിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല.
തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കാറിൽ ബോധരഹിതനായി കിടക്കുന്ന അഖിലിനെ കണ്ടത്. ഉടൻതന്നെ സമീപത്തുള്ളവരുടെ സഹായത്തോടെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. സ്റ്റിയറിങ്ങിലേക്ക് കൈകൾവെച്ച് കിടക്കുന്ന നിലയിലാണ് അഖിലിനെ കണ്ടത്. പുറത്തും കൈകളിലും പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ടായിരുന്നു. ഇത് എ.സി.യിൽനിന്നുള്ള കാർബൺ അടങ്ങിയ മാലിന്യം ശ്വസിച്ച് ഉണ്ടായതാകാമെന്നാണ് നിഗമനം.
കാറിൽ എ.സിയിട്ട് കിടന്നുറങ്ങുമ്പോൾ സംഭവിക്കുന്നത് എന്ത്?:
* കാറുകൾ പ്രവർത്തിപ്പിക്കുമ്പോൾ കാർബൺ മോണോക്‌സൈഡ് എന്ന വിഷവാതകം ഉണ്ടാകും. ഇത് എക്‌സ്ഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച 'കാറ്റലിറ്റിക്ക് കൺവെർട്ടർ' എന്ന സംവിധാനംവെച്ച് കാർബർ ഡൈ ഓക്‌സൈഡ് ആക്കിമാറ്റിയാണ് പുറത്തേക്ക് വിടുന്നത്.
* തുരുമ്പിച്ചോ മറ്റുകാരണങ്ങൾകൊണ്ട് ദ്രവിച്ചോ പുക പുറത്തേക്കുവിടുന്ന പൈപ്പിൽ ദ്വാരങ്ങൾ വീണാൽ 'കാറ്റലിറ്റിക് കൺവെർട്ടറിൽ' എത്തുന്നതിനുമുമ്പേ കാർബൺ മോണോക്‌സൈഡ് പുറത്തേക്കുവരാം. ഇതു കാറിലെ ബോഡിയിലുള്ള ദ്വാരങ്ങൾവഴി കാബിനുള്ളിലേക്ക് പ്രവേശിക്കും.
* ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ എ.സി. പ്രവർത്തിക്കുമ്പോൾ ഇത്തരം തകരാർ ഉണ്ടെങ്കിലും ഉള്ളിലുള്ളവരെ കാര്യമായി ബാധിക്കില്ല. കാരണം, വാഹനത്തിലേക്ക് ശക്തമായ വായുപ്രവാഹം ഉള്ളതിനാൽ കാർബൺ മോണോക്‌സൈഡിന്റെ ശക്തി വളരെ കുറയും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:
*വാഹനത്തിൽ കയറിയാൽ ഉടൻ എ.സി. ഓണാക്കരുത്. എ.സി. ഇടുന്നതിനുമുമ്പ് വാഹനത്തിന്റെ നാലു ചില്ലുകളും താഴ്‌ത്തി ചൂടുവായുവിനെ പുറത്തേക്കുവിടുക. അതിനുശേഷം മാത്രം എ.സി. ഓണാക്കുക.
*വാഹനത്തിനുള്ളിൽ പ്രവേശിച്ചാൽ ഉടൻ റീ സർക്കുലേഷൻ (കാറിലെ വായുമാത്രം സ്വീകരിച്ച് തുടർച്ചയായി തണുപ്പിക്കുന്ന രീതി) മോദിലിടരുത്.
* നിശ്ചിത ഇടവേളകളിൽ റീ സർക്കുലേഷൻ മോഡ് മാറ്റി പുറത്തുനിന്നും വായു എടുക്കുന്ന മോഡ് ഇടുക.
* കാർ എ.സി.യോടെ നിർത്തിയിടുമ്പോൾ പുറത്തുനിന്ന് വായു സ്വീകരിക്കുന്ന മോദിലായിരിക്കണം. സംവിധാനത്തിന് എന്തെങ്കിലും തകരാർ ഉണ്ടെങ്കിലും പുറത്തുനിന്ന് നല്ലവായു വാഹനത്തിലേക്ക് വരുന്നത് ഗുണംചെയ്യും.
*വാഹനം 25,000 മുതൽ 30,000 കിലോമീറ്റർ കൂടുമ്പോൾ എ.സി. സർവീസ് ചെയ്യുക. സർവീസുകളിൽ എ.സി.യുടെ കണ്ടെൻസറും ക്ലീൻ ചെയ്യുക.
മറുനാടന് മലയാളി ബ്യൂറോ