- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഎംഡബ്ല്യൂ കാർ അതിവേഗം കടന്നു പോയി; പേടിച്ച് ഭയന്ന് ഒതുക്കി ടാക്സികാർ; പിന്നാലെ വന്ന ഥാർ എല്ലാ നിയന്ത്രണവും വിട്ട് ഇടിച്ചു കയറ്റിയത് നിർത്തിയിട്ട കാറിൽ; മദ്യപ സംഘത്തിന്റെ മത്സരയോട്ടത്തിൽ ജീവൻ നഷ്ടമായത് ഒരു സാധാരണക്കാരന്; ഇടിച്ചത് ഗുരുവായൂരുകാരൻ റൈസ ഉമ്മറുടെ ഥാർ; കൊട്ടേക്കാട്ടേതു കൊലപാതകം തന്നെ
തൃശൂർ: കേരളത്തിൽ എന്തുമാകാം... പണം ഉണ്ടാകണമെന്ന് മാത്രം. അതിന്റെ അഹങ്കാരത്തിലാണ് നടക്കുന്നതെല്ലാം....തൃശൂരിൽ മദ്യപിച്ച് കാറോട്ട മത്സരം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ ഒന്നിലും പങ്കില്ലാത്ത ടാക്‌സി യാത്രക്കാരൻ മരിച്ചത് ഇതിന് അവസാന തെളിവാണ്. ഇൻഡിഗോ ബസുകൾ പിടിക്കാൻ നടക്കുന്നവർ കേരളത്തിലെ നിരത്തുകളിൽ നടക്കുന്ന കാറോട്ടമോ മറ്റ് നിയമവിരുദ്ധ പ്രവർത്തനമോ അറിയുന്നില്ല. ഥാറിലും ബി എം ഡബ്ല്യൂവിലും എല്ലാം യാത്ര ചെയ്യുന്നവർ റോഡുകളിൽ അപകടം വിതയ്ക്കുകയാണ്.
തൃശൂരിലെ അപകടത്തിൽ ടാക്‌സി ഡ്രൈവർ ഉൾപ്പെടെ നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തൃശൂർ കൊട്ടേക്കാട് ബുധനാഴ്ച രാത്രി 9.30നാണ് അപകടം നടന്നത്. മത്സരയോട്ടത്തിനിടെ കാറുകളിലൊന്ന് ടാക്‌സിയിൽ ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ മത്സര ഓട്ടത്തിന് ഉണ്ടായിരുന്ന മറ്റൊരു കാറിനെ ഇനിയും പിടിക്കാനായില്ല. കൊലപാതകത്തിന് സമാനമായ കുറ്റകൃത്യമാണ് സംഭവിച്ചിരിക്കുന്നത്. എന്നാൽ വെറുമൊരു അപകടമാക്കി മാറ്റാനും അണിയറയിൽ നീക്കമുണ്ട്.
ടാക്‌സി കാറിലെ യാത്രക്കാരനാണ് മരിച്ചത്. മരിച്ചയാളുടെ ഭാര്യ, മകൾ, ടാക്‌സി ഡ്രൈവർ എന്നിവരുൾപ്പെടെ 4 പേർക്കാണ് ഗുരുതരമായി പരുക്കേറ്റത്. താർ വാഹനമാണ് അപകടമുണ്ടാക്കിയത്. രണ്ട് കാറുകൾ ദീർഘദൂര മത്സരയോട്ടം നടത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഥാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. സംഭവ സ്ഥലത്ത് തടിച്ചുകൂടിയ ടാക്‌സി ഡ്രൈവർമാർ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
അതേ സമയം കാറിടിച്ച് പരിക്കേറ്റ 4 പേർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. രവിശങ്കറിന്റെ ഭാര്യ മായ, മകൾ വിദ്യ, ചെറുമകൾ ഗായത്രി, ടാക്‌സി ഡ്രൈവർ രാജൻ എന്നിവരാണ് ചികിത്സയിൽ തുടരുന്നത്. ഇന്നലെ രാത്രി കൊട്ടേക്കാട് സെന്ററിൽ വച്ചാണ് ഥാർ ജീപ്പ്, ടാക്‌സി കാറിലിടിച്ച് അപകടമുണ്ടായത്. മറ്റൊരു ബി എം ഡബ്ല്യു കാറുമായി മത്സര ഓട്ടം നടത്തി വരുന്നതിനിടെയായിരുന്നു ഥാർ, ടാക്‌സി കാറിലിടിച്ചത്. .
റൈസ ഉമ്മർ എന്ന ആളുടെ പേരിൽ ഗുരുവായൂർ രജിസ്‌ട്രേഷനിലുള്ളതാണ് ഥാർ. ഥാർ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്റെ ഭാര്യ മായ പറഞ്ഞു. ഇടിച്ച വാഹനത്തിന്റെ ശബ്ദം മാത്രമാണ് കേട്ടതെന്ന് ടാക്‌സി ഡ്രൈവർ രാജൻ പറഞ്ഞു. ഒരു കാർ മുന്നിൽ വേഗതയിൽ കടന്നുപോയി. ആ കാറിന് പിന്നാലെ വന്ന കാറാണ് ഇടിച്ചത്. ഒതുക്കി നിർത്തിയ ടാക്‌സി കാറിലേക്കാണ് ഥാർ ഇടിച്ചുകയറിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് തങ്ങളെ പുറത്തെടുത്തതെന്നും രാജൻ പറഞ്ഞു.
മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണം. ബിഎംഡബ്ല്യൂ കാർ നിർത്താതെ പോയി. ഥാറിൽ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കാറിലുണ്ടായിരുന്ന ഷെറിൻ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾക്ക് ഒപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ