കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ കയറി കുട്ടികൾ കളിക്കുന്നതിനിടയിൽ കാർ മുന്നോട്ടുനീങ്ങി ചുമരിലിടിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു. മാർബിൾ തൊഴിലാളി രാജസ്ഥാനിലെ കരോളി ജില്ലയിലെ കരൺവർ ഗ്രാമത്തിലെ ഗിരിരാജിന്റെയും റൂബിയുടേയും മകൻ നിഖിലാണ് മരിച്ചത്.

ദേശീയപാതയ്ക്കരികിൽ ഓണക്കുന്ന് ചേടിക്കുന്നിലെ വീട്ടുമുറ്റത്താണ് ഞായറാഴ്ച രാത്രി അപകടം നടന്നത്. ഗിരിരാജിന്റെ സഹോദരന്റേതാണ് കാർ. ഞായറാഴ്ചയാണ് തൃക്കരിപ്പൂരിൽനിന്ന് സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയത്. രാത്രി ചേടിക്കുന്നിലെ വീട്ടുമുറ്റത്ത് കാർ നിർത്തിയ ശേഷം താക്കോൽ വീടിനകത്ത് വച്ചിരുന്നു. വീട്ടുകാർ ശ്രദ്ധിക്കാത്ത സമയത്ത് കുട്ടികളിലാരോ താക്കോലെടുത്തു. നിഖിലടക്കം എട്ടു കുട്ടികൾ കാറിനുള്ളിൽ കയറി കളിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്.

കളിക്കുന്നതിനിടയിൽ ഒപ്പമുണ്ടായിരുന്ന 12-കാരന്റെ കൈയിൽനിന്ന് അബദ്ധത്തിൽ കാർ സ്റ്റാർട്ടാവുകയായിരുന്നു. മുന്നോട്ടുനീങ്ങിയ കാർ വീടിന്റെ അടുക്കള ഭാഗത്തെ ചുമരിലിടിച്ചു നിന്നു. ഇടിയുടെ ആഘാതത്തിൽ പിറകിലെ സീറ്റിൽ നിന്നു മുന്നിലേക്ക് തെറിച്ച് വീണ കുഞ്ഞിന്റെ തലയിടിക്കുകയായിരുന്നു. ഉടൻ പയ്യന്നൂർ സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ചുമരിലിടിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ സംഭവം അറിയുന്നത്.

കാറിലുണ്ടായിരുന്ന മൂന്ന് കുട്ടികൾക്ക് നിസ്സാരപരിക്കേറ്റു. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹപരിശോധന നടത്തി. നിഖിലിന് മൂന്നുമാസം പ്രായമുള്ള ഒരു സഹോദരിയുണ്ട്. 12-കാരന്റെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.