തിരുവനന്തപുരം: കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെടേണ്ട ആഡംബര കാറുകളും മറ്റു കാറുകളും പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തു സ്ഥിരമായി കേരളത്തിൽ ഉപയോഗിക്കുന്നതായാണു പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കണക്ക്. ഇവയ്ക്ക് കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ അടയ്‌ക്കേണ്ട തുക ഒടുക്കിയാൽ നിയമ നടപടി സർക്കാർ പുനഃപരിശോധിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. അതായത് കാർ രജിസ്‌ട്രേഷൻ കേസിൽ അമലാ പോളും ഫഹദ് ഫാസിലും സുരേഷ് ഗോപിയും രക്ഷപ്പെടും. നേരത്തെ ആനക്കൊമ്പ് കേസിൽ മോഹൻലാൽ പെട്ടപ്പോഴും നിയമ മാറ്റങ്ങളിലൂടെ സൂപ്പർ താരങ്ങളെ രക്ഷിച്ചെടുത്തിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിൽ കിടന്നത് 85 ദിവസമാണ്. അതുകൊണ്ട് തന്നെ കാർ രജിസ്‌ട്രേഷൻ കേസും പ്രാധാന്യത്തോടെ ചർച്ചയാക്കി. അമലാ പോളും ഫഹദ് ഫാസിലും സുരേഷ് ഗോപിയും കുടുങ്ങുമെന്ന് പലരും കരുതി. ഇതിനിടെയാണ് ബജറ്റിലൂടെ നാടകീയ് ട്വസ്റ്റ്. വാഹന ഉടമകളിൽ പലരും നിയമപരമായ ഭവിഷ്യത്തുകളെക്കുറിച്ചു ബോധവാന്മാരായിരുന്നില്ല. അതുകൊണ്ടാണ് കേസുകൾ പുനപരിശോധിക്കാനുള്ള തീരുമാനം. 2018 ഏപ്രിൽ 30 വരെ ഈ ആംനസ്റ്റി പദ്ധതി നിലവിലുണ്ടാകും. ഇതുവഴി സർക്കാരിനു 100 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകും. ഫലത്തിൽ സൂപ്പർ താരങ്ങൾക്കെതിരായ കേസ് ആവിയാകാനാണ് സാധ്യത. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകൾ താരങ്ങൾ പിഴയടച്ചാൽ സർക്കാർ എഴതി തള്ളും.

നികുതി വെട്ടിപ്പിന് പിഴയടച്ചാൽ മതിയെന്നതാണ് വ്യവസ്ഥ. എന്നാൽ സുരേഷ് ഗോപിക്കും അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരെ വ്യാജ രേഖ ചമച്ചു നികുതി വെട്ടിച്ചുവെന്ന കേസാണ് പൊലീസ് എടുത്തത്. ഇതിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ഇത് കോടതിക്ക് മുമ്പിൽ പോലുമെത്തി. ഈ സാഹചര്യത്തിൽ വ്യാജ രേഖാ കേസുകൾ എങ്ങനെ എഴുതി തള്ളുമെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ പിഴയടച്ചാൽ താരങ്ങളുടെ പേരിൽ നിയമ നടപടി സർക്കാർ അവസാനിപ്പിക്കും. ഇതിന് സർക്കാരിന് നിയമപരമായി കഴിയുമെന്നാണ് പിണറായി സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് പ്രഖ്യാപനവും എന്നാണ് സൂചന.

കേരളത്തിൽ അടയ്‌ക്കേണ്ട നികുതി ഏപ്രിൽ 30ന് അകം അടയ്ക്കാൻ അവസരമൊരുക്കുന്ന പൊതുമാപ്പ് (ആംനസ്റ്റി) പദ്ധതിയാണു പ്രഖ്യാപിച്ചിരിക്കുന്നത്. പത്തു വർഷത്തിനിടെ നികുതിവെട്ടിച്ചു പുതുച്ചേരിയിൽ ആഡംബര കാർ രജിസ്റ്റർ ചെയ്ത 23,0000 പേർക്കാണു പ്രയോജനം. അതേസമയം ഈ നികുതിവെട്ടിപ്പിന്റെ പേരിൽ കേസും നിയമനടപടിയുമായി മുന്നോട്ടുപോയ ക്രൈം ബ്രാഞ്ചും കരുതലോടെ മാത്രമേ നീങ്ങൂ. കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്തു നിന്നു വാങ്ങി പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതിവെട്ടിച്ചു കേരളത്തിൽ സ്ഥിരമായി ഓടുന്ന ഏതാണ്ട് 23,000 വാഹനങ്ങൾ ഉണ്ടെന്നാണു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.

രണ്ടു വർഷത്തിനിടെ ഇത്തരത്തിൽ നികുതി വെട്ടിച്ച, 50 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള 1350 കാറുകളുണ്ട്. ഇവർക്കെതിരെയാണു മോട്ടോർ വാഹന വകുപ്പും ക്രൈം ബ്രാഞ്ചും നടപടി തുടങ്ങിയത്. ഇതിനകം മൂന്നു ചലച്ചിത്ര താരങ്ങൾക്കും 11 ആഡംബര കാർ ഡീലർമാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഡീലർമാർക്കെതിരായ കേസുകളിൽ 220 കാറുടമകളെയും പ്രതിചേർത്തു. ഓരോ ഡീലർമാരും കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ വിറ്റ കാറുകൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയതിലാണു കേസ്. മറ്റുള്ളവരുടെ പുതുച്ചേരിയിലെ വിലാസവും റജിസ്‌ട്രേഷൻ വിവരവും നൽകാൻ അവിടത്തെ പൊലീസിനോടു ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുകയും ചെയ്തു. അതിനിടെയാണു ധനമന്ത്രിയുടെ ബജറ്റ് ഇളവ്.

പുതുച്ചേരിയിൽ വ്യാജവിലാസത്തിൽ റജിസ്‌ട്രേഷൻ നടത്തി കേരളത്തിൽ ആഡംബര കാർ ഓടിക്കുന്നവരിൽ ഭൂരിപക്ഷവും രാഷ്ട്രീയക്കാരുടെ അടുപ്പക്കാരാണ്. സിനിമാക്കാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതോടെ ഇതും ചർച്ചയായി. വ്യവസായികൾ, ചലച്ചിത്ര താരങ്ങൾ, രാഷ്ട്രീയക്കാരുടെ മക്കൾ, ഉന്നത ഉദ്യോഗസ്ഥർ, വമ്പന്മാരുടെ ബെനാമികൾ എന്നിവർ ഈ പട്ടികയിലുണ്ട്. ഈയിടെ കോടിയേരി ബാലകൃഷ്ണൻ ഇത്തരം ഒരു കാറിൽ പാർട്ടി ജാഥയുടെ ഭാഗമായി യാത്ര ചെയ്തത് ഏറെ വിവാദം ഉയർത്തിയിരുന്നു. ഇതെല്ലാം ഇനി ഓർമകളിലേക്ക് പോകും.

ഒരു കോടിയുടെ വാഹനത്തിനു കേരളത്തിൽ 20 ലക്ഷവും പുതുച്ചേരിയിൽ ഒരു ലക്ഷവുമാണു നികുതി. ഇതാണു നികുതി വെട്ടിപ്പിനു പലരെയും പ്രേരിപ്പിച്ചത്. മോട്ടോർ വാഹന വകുപ്പ് നോട്ടിസ് അയച്ചവർ കഴിഞ്ഞ രണ്ടു മാസത്തിനിടെ നികുതിയും പിഴയുമായി 12 കോടി രൂപ ഖജനാവിൽ അടച്ചിട്ടുണ്ട്.