- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടിച്ചുതെറിപ്പിച്ചപ്പോൾ സൈക്കിൾ യാത്രക്കാരൻ വീണത് കാറിന് മുകളിൽ; യുവാവിന്റെ ചലനമറ്റ ശരീരവുമായി കാർ സഞ്ചരിച്ചത് 10 കിലോമീറ്ററിലേറെ; ആളൊഴിഞ്ഞ സ്ഥലത്ത് ബോധമറ്റ ശരീരം ഉപേക്ഷിച്ച കടന്നുകളഞ്ഞ കാർ ഡ്രൈവർ അറസ്റ്റിൽ; മൊഹാലിയിൽ പ്രതിയെ കുടുക്കിയത് സി.സി.ടി.വി ദൃശ്യങ്ങൾ
മൊഹാലി: ഇടിച്ചുതെറിപ്പിച്ച സൈക്കിൾ യാത്രികനായ യുവാവ് വീണത് കാറിന് മുകളിൽ. ഗുരുതരമായി പരുക്കേറ്റ് മരണവുമായി മല്ലടിച്ച യുവാവിന്റെ ബോധമറ്റ ശരീരവുമായി ആ കാർ സഞ്ചരിച്ചത് പത്തു കിലോമീറ്ററിലെറെ. ഒടുവിൽ ആളൊഴിഞ്ഞ സ്ഥലത്ത് ബോധമറ്റ ശരീരം ഇറക്കിവെച്ച് കാർ ഡ്രൈവർ കടന്നുകളഞ്ഞു. പൊലീസ് എത്തി ആശുപത്രിയിലെത്തിക്കുമ്പോഴേക്ക് ആ യുവാവ് മരണത്തിന് കീഴടങ്ങിയിരുന്നു.
കേട്ടുകേൾവി പോലുമില്ലാത്ത ഈ ദാരുണ സംഭവം അരങ്ങേറിയത് മൊഹാലിയിലെ എയർപോർട്ട് റോഡിലെ സിറക്പൂർ ഏരിയയിലാണ്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന യോഗേന്ദർ മണ്ഡൽ എന്ന യുവാവിനാണ് ദാരുണാന്ത്യം നേരിട്ടത്. ഗുരുതര പരിക്കുപറ്റി കാറിനുമുകളിൽ ചലനമറ്റുകിടന്ന 35കാരനെ ശ്രദ്ധിക്കാൻ അപകടം വരുത്തിയ ഡ്രൈവർക്ക് മനുഷ്യപ്പറ്റുണ്ടായില്ല.
അതിവേഗത്തിൽവന്ന കാർ എതിർദിശയിൽ സഞ്ചരിക്കുകയായിരുന്ന സൈക്കിൾ യാത്രക്കാരനെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യോഗേന്ദർ കാറിനുകളിലേക്ക് തെറിച്ചുവീണെങ്കിലും അതു ഗൗനിക്കാതെ ഡ്രൈവർ വണ്ടിയോട്ടം തുടരുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് രൂപീന്ദർദീപ് കൗർ സോഹി പറഞ്ഞു.
സണ്ണി എൻക്ലേവിനരികെയുള്ള ഷോറൂമുകൾക്കിടയിൽ ബോഡി ഇറക്കിവച്ചാണ് ഡ്രൈവർ കടന്നുകളഞ്ഞത്. അതുവഴി പോവുകയായിരുന്ന ഒരാളാണ് വിവരം പൊലീസിന് കൈമാറിയത്. പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽനിന്ന് ഫത്തേഹ്ഗർ സാഹിബ് ജില്ലക്കാരനായ നിർമൽ സിങ്ങാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളിൽ കാറിനുമുകളിൽ യോഗേന്ദർ ചലനമറ്റുകിടക്കുന്നത് വ്യക്തമാണ്. നിർമൽ സിങ്ങിനെതിരെ ഐ.പി.സി 279, 427, 304A, 201 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ന്യൂസ് ഡെസ്ക്